ദക്ഷിണേന്ത്യയെ മുഴുവൻ വെള്ളപ്പൊക്കത്തിലാക്കി കനത്ത മഴ തുടരുന്നു. രാജ്യത്ത് 13 സംസ്ഥാനങ്ങളിൽ മഴ ശക്തമാണ്. തമിഴ്‌നാട്, കർണാടകം, ആന്ധ്രപ്രദേശ്, ഗോവ, മഹാരാഷ്ട്ര, ഗുജറാത്ത്, ഒഡിഷ, പഞ്ചാബ്, ഹരിയാന, ഹിമാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും അതിതീവ്രമഴ തുടരുകയാണ്. മിക്കയിടങ്ങളിലും റോഡ്–റെയിൽ ഗതാഗതം മുടങ്ങി. കർണാടകത്തിലെ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായ ഹംപി പ്രളയ ഭീഷണിയിലാണ്. നഗരിയിലെ ആഞ്‌ജനേയ ക്ഷേത്രം പാതിയിലേറെ മുങ്ങി. ബെല്ലാരി, കോപ്പൽ ജില്ലകളിലെ പ്രധാന നദികൾ കരകവിഞ്ഞതാണ് ഹംപിക്ക് ഭീഷണിയായത്. കാംബ്ലി കോട്ടയും അപകടഭീഷണിയിലാണ്. തുംഗഭദ്ര നദി കര കവിഞ്ഞു. 1.70 ലക്ഷം ഘനയടി വെള്ളമാണ് തുംഗഭദ്ര റിസർവോയറിൽ നിന്ന് ഒഴുക്കിവിടുന്നത്. അതേസമയം മഹാരാഷ്ട്രയിൽ നാലുലക്ഷത്തിലേറെ പേരെ ഒഴിപ്പിച്ചു. കോടികളുടെ നാശ നഷ്ടമുണ്ടായി. മരണ നിരക്ക് നൂറ് കടന്നതായാണ് റിപോർട്ട്. കര–നാവിക സേനയും ദേശീയ ദുരന്തനിവാരണ സേനയും രക്ഷാപ്രവർത്തനത്തിൽ സജീവമാണ്. പടിഞ്ഞാറൻ മഹാരാഷ്ട്രയുടെ ഭാഗങ്ങളും കൊങ്കണും വെള്ളത്തിലാണ്. എന്നാൽ വിദർഭ, മറാത്ത് വാഡ മേഖലയിൽ കാര്യമായ മഴ ലഭിച്ചിട്ടില്ല. പ്രധാന കാർഷിക മേഖലയായ ഇവിടെ വരൾച്ച തുടരുകയാണ്.