നെല്ലിക്കമൺ കണമൂട്ടിൽ ജോയി(കെ വി മാത്യു -49)യെ കൊലപ്പെടുത്തിയ കേസിൽ അയൽവാസി പാറയ്ക്കൽ തെക്കേക്കാലായിൽ ഷിബിൻ(33) അറസ്റ്റിലായി. തന്റെ അച്ഛനെ പതിവായി ഉപദ്രവിക്കുന്നതിലുള്ള വിരോധംകൊണ്ടാണ് ഷിബിൻ ജോയിയെ വാക്കത്തികൊണ്ട് വെട്ടിയതെന്ന് അന്വേഷണത്തിന് നേതൃത്വം നൽകിയ തിരുവല്ല ഡിവൈഎസ്‌പി ജെ ഉമേഷ്‌കുമാർ, റാന്നി ഇൻസ്‌പെക്ടർ വിപിൻ ഗോപിനാഥ് എന്നിവർ പറഞ്ഞു. കഴുത്തിന് പിന്നിൽ മൂർച്ചയേറിയ വാക്കത്തി ഉപയോഗിച്ചുള്ള വെട്ടേറ്റ് രക്തം വാർന്നാണ് ജോയി മരിച്ചത്.ഊട്ടുപാറ ഐക്കാട്ടുമണ്ണിൽ റോഡിൽ കണ്ണങ്കരപ്പടിക്ക് സമീപമാണ് ജോയിയെ 31ന് രാത്രി പരിക്കേറ്റ നിലയിൽ നാട്ടുകാർ കണ്ടെത്തിയത്. മരണത്തിന് മണിക്കൂറുകൾക്ക് മുമ്പ് ജോയി സമീപവാസിയായ പ്രതിയുടെ പിതാവ് രാജുവുമായി മദ്യപിച്ച ശേഷം വാക്കേറ്രവും കൈയേറ്റവും ഉണ്ടായി. ഇതിലുള്ള പ്രകോപനം കൊണ്ടാണ് ഷിബിൻ മാത്യുവിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു..സ്വകാര്യ ബസിൽ കണ്ടക്ടറാണ് ഷിബിൻ. പിതാവിനെ ജോയി മർദ്ദിച്ചതായും അസഭ്യം വിളിച്ചതായും സുഹൃത്താണ് ഫോണിൽ അറിയിച്ചത്.. തുടർന്ന് വീട്ടിലെത്തിയ ഷിബിൻ വാക്കത്തിയുമായി സംഭവ സ്ഥലത്തെത്തി മാത്യുവിനെ വെട്ടുകയായിരുന്നു.. തുടർന്ന് വീട്ടിലെത്തി ഭാര്യയേയും മക്കളേയും അത്യാലിലിലെ ഭാര്യവീട്ടിലാക്കിയ ശേഷം ഒളിവിൽ പോയി. കറുകച്ചാൽ,കുമളി,കമ്പം,കോയമ്പത്തൂർ,തൃശൂർ തുടങ്ങിയ സ്ഥലങ്ങളിൽ മാറി മാറി താമസിച്ചു വരികയായിരുന്നു . വെള്ളിയാഴ്ച ഉച്ചയോടെ കോഴഞ്ചേരിയിൽ നിന്ന് റാന്നി ബസിൽ വരികയായിരുന്നു ഇയാളെ വാഴക്കുന്നത്ത് വച്ചാണ് പിടികൂടിയത്. തിരുവല്ല ഡിവൈ എസ് പി ജെ ഉമേഷ്‌കുമാർ,റാന്നി സിഐ വിപിൻ ഗോപിനാഥ്,പെരുനാട് സിഐ ആർ മനോജ്,ആറൻമുള സിഐ ജി സന്തോഷ് കുമാർ,റാന്നി പൊലീസ് എസ്‌ഐമാരായ അനീഷ് കുമാർ,ഇബ്രാഹിംകുട്ടി,സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ അനൂപ് രാഘവൻ,സിവിൽ പൊലീസ് ഓഫീസർമാരായ ജോജി,ബിജു മാത്യു,പി ജി ബിജു,ഷാഡോ പൊലീസ് അംഗങ്ങളായ എൽ ടി ലിജു,രജ്ഞു,രാധാകൃഷ്ണൻ,വിത്സൺ,അജി,വിനോദ് എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേക്ഷണം നടത്തിയത്.