അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും ശശികലയെ പുറത്താക്കി. ഇന്നു ചേര്‍ന്ന ജനറല്‍ കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്. ടിടിവി ദിനകരനും ദിനകരന്‍ നിയമിച്ച ഭാരവാഹികളേയും പുറത്താക്കി.
അന്തരിച്ച മുഖ്യമന്ത്രി ജയലളിതയുടെ സ്മരണാര്‍ത്ഥം ജനറല്‍ സെക്രട്ടറി സ്ഥാനം ഒഴിച്ചിടും. പകരം, മുന്‍ മുഖ്യമന്ത്രി ഒ പനീര്‍സെല്‍വത്തിന്റെ നേതൃത്വത്തിലുള്ള ഏകോപന സമിതി ആയിരിക്കും പാര്‍ട്ടിയുടെ ചുമതലകള്‍ നിര്‍വഹിക്കുക.
പാര്‍ട്ടി ഭരണത്തിനായി രൂപീകരിച്ച സ്റ്റിയറിങ് കമ്മറ്റിയില്‍ സെക്രട്ടറിയായി ഒ പനീര്‍ശെല്‍വത്തെയും, ഡെപ്യൂട്ടി സെക്രട്ടറിയായി മുഖ്യമന്ത്രി എടപ്പാടി പളനിസാമിയെും തിരഞ്ഞെടുത്ത തീരുമാനത്തിനും യോഗം അംഗീകാരം നല്‍കി. രാവിലെ 10.30 ഓടെ ആരംഭിച്ച അണ്ണാ ഡിഎംകെ ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ 90 ശതമാനത്തിലേറെ ജനറല്‍ കൗണ്‍സില്‍ അംഗങ്ങളും പങ്കെടുത്തതായി നേതാക്കള്‍ അറിയിച്ചു. 2136 പേരെയാണ് യോഗത്തിലേക്ക് ക്ഷണിച്ചിരുന്നത്.
മുതിര്‍ന്ന നേതാവ് ഇ മധുസൂദനന്റെ അധ്യക്ഷതയിലാണ് ജനറല്‍ കൗണ്‍സില്‍ യോഗം നടന്നത്. ജനറല്‍ കൗണ്‍സില്‍ യോഗത്തിനെതിരെ ടിടിവി ദിനകരന്‍ പക്ഷം കോടതിയെ സമീപിച്ചെങ്കിലും, യോഗത്തിന് മദ്രാസ് ഹൈക്കോടതി അനുവാദം നല്‍കുകയായിരുന്നു.