അധ്യാപികമാരുടെ മര്‍ദനത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനി മരിച്ചു

അധ്യാപികമാരുടെ മര്‍ദനത്തെ തുടര്‍ന്ന് ആശുപത്രിയിലായ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു. കാസര്‍കോട് ഉപ്പളയിലാണ് അധ്യാപികമാരുടെ പീഡനത്തില്‍ വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം സംഭവിച്ചത്. ഉപ്പള മണിമുണ്ടയിലെ സ്വകാര്യ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ ആയിഷയാണ് അധ്യാപികമാരുടെ മര്‍ദനത്തെ തുടര്‍ന്ന് മരണപ്പെട്ടത്. അബ്ദുള്‍ ഖാദര്‍-മെഹറുന്നിസ ദമ്പതികളുടെ മകളാണ്. അഞ്ചു ദിവസം മുന്‍പാണ് ക്ലാസില്‍ വെച്ച് ഗുരുതരമായ രീതിയില്‍ മര്‍ദനമേറ്റതിനെ തുടര്‍ന്ന് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സ്‌കൂളില്‍ വെച്ച് നടന്ന പരീക്ഷയില്‍ ഉത്തരക്കടലാസില്‍ ചോദ്യങ്ങള്‍ തന്നെ എഴുതി വെച്ചതാണ് അധ്യാപികമാരെ പ്രകോപിതരാക്കിയത്. തുടര്‍ന്ന് ക്ലാസ് മുറിയില്‍ മറ്റ് കുട്ടികളുടെ മുന്നില്‍ വെച്ച് രണ്ട് അധ്യാപികമാര്‍ ചേര്‍ന്ന് ആയിഷയെ ക്രൂരമായി മര്‍ദ്ദിക്കുവാന്‍ തുടങ്ങി. ആയിഷ അബോധാവസ്ഥയിലായപ്പോഴും അധ്യാപികമാര്‍ മര്‍ദനം തുടര്‍ന്നുവെന്ന് ദൃക്‌സാക്ഷികളായ കുട്ടികള്‍ പറയുന്നു. ഇതിന് ശേഷം മറ്റ് അധ്യാപികമാര്‍ വന്നാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. നില വഷളായതിനെ തുടര്‍ന്ന് പിന്നീട് മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട കുട്ടി ചൊവ്വാഴ്ച പുലര്‍ച്ചയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.