സരിതാ.എസ്. നായരെ കാണാനില്ല ; പൊലീസ്

saritha

സോളാര്‍ കേസിലെ പ്രതി സരിതാ.എസ്.നായരെ കാണാനില്ലെന്ന് പൊലീസ്. കാറ്റാടിയന്ത്രത്തിന്റെ വിതരണാവകാശം നല്‍കാമെന്ന് വാഗ്‌ദ്ധാനം ചെയ്‌ത് ലക്ഷങ്ങള്‍ തട്ടിയ കേസിലാണ് വലിയതുറ പൊലീസ് കോടതിയില്‍ ഇക്കാര്യം അറിയിച്ചത്. കേസില്‍ സരിതയ്‌ക്കെതിരെ കോടതി വാറണ്ട് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ കേസിലെ ഒന്നാം പ്രതിയായ സരിത ഇതുവരെയും കോടതിയില്‍ ഹാജരായിട്ടില്ല. തുടര്‍ന്ന് വലിയതുറ പൊലീസിനോട് ഇക്കാര്യത്തില്‍ അന്വേഷണം നടത്താന്‍ കോടതി നിര്‍ദ്ദേശിക്കുകയായിരുന്നു.കാട്ടാക്കട സ്വദേശി അശോക് കുമാറിന്റെ സ്ഥാപനത്തിന് കാറ്റാടി യന്ത്രങ്ങളുടെ തിരുവനന്തപുരം ജില്ലയിലെ മൊത്ത വിതരണാവകാശം നല്‍കാമെന്ന് വാഗ്‌ദ്ധാനം ചെയ്‌ത് നാലരലക്ഷം രൂപ തട്ടിയെന്നാണ് കേസ്. സരിത.എസ്.നായര്‍, ബിജു രാധാകൃഷ്ണന്‍, ഇന്ദിരാദേവി, ഷൈജു സുരേന്ദ്രന്‍ എന്നിവരാണ് കേസിലെ പ്രതികള്‍. ഇവരുടെ ബാങ്ക് അക്കൗണ്ടില്‍ രജിസ്ട്രേഷന്‍ തുകയായി അത്രയും രൂപ യൂണിയന്‍ ബാങ്ക് ഒഫ് ഇന്ത്യയുടെ ശാഖയില്‍ നിക്ഷേപിച്ചുവെന്നാണ് പരാതിക്കാരന്റെ ആരോപണം. എന്നാല്‍ ഇത്തരത്തില്‍ കമ്ബനിപോലും ഇല്ലെന്ന് അറിഞ്ഞതോടെ ഇയാള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കേസില്‍ സരിതാ നായര്‍ നേരിട്ട് ഹാജരാകണമെന്ന് കോടതി നിര്‍ദ്ദേശിച്ചെങ്കിലും ഇതുവരെ സരിത ഹാജരായിട്ടില്ല.
ഇക്കാര്യത്തില്‍ അന്വേഷണം നടത്തിയ പൊലീസ് സംഘം സരിതയെ കാണാനില്ലെന്ന വിചിത്ര റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചത് വിവാദങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്.