കശ്മീര്‍ വിഷയത്തില്‍ വീണ്ടും പാക്കിസ്ഥാന് മറുപടിയുമായി ഇന്ത്യ. ഒരു നുണ തന്നെ പല തവണ ആവര്‍ത്തിച്ചാല്‍ സത്യമാകില്ലെന്ന് ഇന്ത്യ. ഇസ്ലാമാബാദ് ഇക്കാര്യം മനസിലാക്കണമെന്നും ഇന്ത്യ കൂട്ടിച്ചേര്‍ത്തു. തീവ്രവാദത്തിന്റെ പ്രഭവ കേന്ദ്രമായ പാക്കിസ്ഥാന്‍ മനുഷ്യാവാകാശത്തെക്കുറിച്ച് സംസാരിക്കുന്നത് പരിഹാസ്യമാണെന്നും ഒരു നുണ തന്നെ ആവര്‍ത്തിച്ചുകൊണ്ടിരുന്നാല്‍ സത്യമാകില്ലെന്നും വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ വ്യക്തമാക്കി.
പാക്കിസ്ഥാന്റെ നുണകള്‍ക്ക് ജനീവയിലെ യു.എന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ ഇന്ത്യ ഫലപ്രദമായ മറുപടി നല്‍കിയിട്ടുണ്ടെന്ന് രവീഷ് കുമാര്‍ പറഞ്ഞു. പാക്കിസ്ഥാന്റെ നുണകള്‍ക്കും വളച്ചൊടിച്ച പ്രസ്താവനകള്‍ക്കും നമ്മുടെ പ്രതിനിധി സംഘം വ്യക്തമായ മറുപടി നല്‍കിയിട്ടുണ്ട്. ഇന്ത്യയുടെ നിലപാടും വ്യക്തമാക്കിയിട്ടുണ്ട്. തീവ്രവാദികള്‍ക്ക് പാക്കിസ്ഥാന്‍ അഭയം നല്‍കുന്നതിനെക്കുറിച്ച് ആഗോള സമൂഹത്തിന് വ്യക്തമായ ധാരണയുണ്ടെന്നും രവീഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.
കശ്മീരി ജനതയ്‌ക്കെതിരെ ക്രൂരകൃത്യങ്ങള്‍ അരങ്ങേറുന്നുവെന്ന് പാക്കിസ്ഥാന്‍ പരാതിപ്പെട്ടുകൊണ്ടിരിക്കുകയാണ്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം പാക്കിസ്ഥാന്റെ ആരോപണങ്ങള്‍ കൂടിയിരിക്കുകയാണ്് എന്നാല്‍ ഇക്കാര്യത്തില്‍ ഇന്ത്യയുടെ നിലപാട് യു.എന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ വ്യക്തമാക്കിയിട്ടുണ്ട്. തങ്ങളുടെ മലീമസമായ രാഷ്ട്രീയത്തിനായി പാക്കിസ്ഥാന്‍ അന്താരാഷ്ട്ര വേദികളെ ദുരുപയോഗം ചെയ്യുകയാണെന്നും രവീഷ് കുമാര്‍ കുറ്റപ്പെടുത്തി.