Friday, April 19, 2024
HomeNationalഹോണ്ട ഡിയോയിൽ ഇന്ത്യ ചുറ്റി; സാഹസികനായ നബീൽ

ഹോണ്ട ഡിയോയിൽ ഇന്ത്യ ചുറ്റി; സാഹസികനായ നബീൽ

കാഴ്ചകളും യാത്രയും എന്നും പ്രിയപ്പെട്ടതാണ്. ചെറുപ്പം മുതലേ യാത്രയോടു കമ്പമുള്ള കൂട്ടത്തിലായിരുന്നു നബീൽ. മലപ്പുറം പൊന്മള സ്വദേശി നബീലിന്റ ദീർഘകാലത്തെ സ്വപ്നമായിരുന്നു സ്‌കൂട്ടറിൽ ഇന്ത്യയൊട്ടാകെ ചുറ്റണം. സ്‌കൂട്ടറിനോട് ഇഷ്ടം തോന്നിയ കാലം മുതല്‍ തന്റെ സ്വപ്നം വീട്ടുക്കാരുമായി പങ്കുവെയ്ക്കുമ്പോൾ ചിരിച്ചുതള്ളുകയും, ഇതൊന്നും നടക്കില്ലെന്നുമായിരുന്നു വീട്ടുകാരടക്കം സുഹൃത്തുക്കളുടെയും പ്രതികരണം. അവരുടെ വാക്കുകൾ മനസ്സിനെ വല്ലാതെ വേദനിപ്പിച്ചെങ്കിലും തന്റെ മോഹം യാഥാർത്ഥ്യത്തിലെത്തിക്കുമെന്ന് നബീൽ മനസ്സിലുറപ്പിച്ചിരുന്നു. ഒരു വിജയം നേടുന്നതിന് മുമ്പ് ഏറെ പ്രതിസന്ധികള്‍ നേരിടണം. എന്നാലേ വിജയം ശരിയ്ക്കും ആഘോഷിയ്ക്കാന്‍ കഴിയൂ. ഇൗ വാചകങ്ങൾ മനസ്സിൽ കുറിച്ചിട്ട നബീല്‍ തന്റ മോഹങ്ങൾക്ക് ചിറകുവിരിക്കാൻ ശ്രമം തുടങ്ങി. സ്വന്തമായി പണം സമ്പാദിച്ച് ബൈക്ക് വാങ്ങണം ശേഷം ഉയരങ്ങൾ കീഴടക്കി ജീവിതത്തിലെ മോഹം സഫലീകരിക്കണം ഇൗ ചിന്തയിൽ ഉറച്ചുനിന്ന നബീൽ പ്ളസ് ടൂ പഠനം പൂർത്തിയാക്കി ഉപരിപഠനം മാറ്റിവച്ചു സ്വന്തമായി ബിസിനസ്സ് ആരംഭിച്ചു. സാധാരണ സംരഭങ്ങളിൽ നിന്നും തികച്ചും എന്തെങ്കിലും വ്യത്യസ്തത വേണമെന്ന് നബീലിന് നിര്‍ബന്ധമുണ്ടായിരുന്നു. അതിനായി കോഴിമുട്ട വിരിയിക്കുന്ന യന്ത്രം (എഗ് ഇന്‍ക്യുബേറ്റര്‍) വിപണിയിലെത്തിച്ച് തന്റെ സാങ്കേതിക മികവ് നാടിനു മുന്നില്‍ തെളിയിച്ചു. ഇത്തരത്തില്‍ നിര്‍മിക്കുന്ന എഗ് എന്‍ക്യുബേറ്റര്‍ ഒ.എല്‍.എക്‌സ് പോലുള്ള ഓണ്‍ലൈന്‍ വ്യാപാര മാധ്യമങ്ങളിലൂടെ വിപണനം നടത്തിയാണ് സ്വപ്നത്തിന്റ ആദ്യ പടിയായി സ്‌കൂട്ടര്‍ വാങ്ങാനുള്ള പണം കണ്ടെത്തിയത്. ഹോണ്ട ഡിയോ സ്വന്തമാക്കി. ചെറുപ്പം തൊട്ടുള്ള നബീലിന്റ മോഹത്തിനു ചിറകുവിരിക്കാൻ ഡിയോ സ്‌കൂട്ടര്‍ മാത്രമായിരുന്നു കൂട്ടിനെത്തിയത്. വെറുമൊരു സ്‌കൂട്ടര്‍ അല്ലായിരുന്നു മറിച്ച് കഷ്ടപ്പാടിന്റ കയത്തിൽ നിന്നും ജീവിതം കരക്കടുപ്പിക്കാൻ ശ്രമിക്കുന്ന പത്തൊൻപതുകാരൻ നബീലിന്റ വിയർപ്പിന്റയും അധ്വാനത്തിന്റയും പ്രതീകമായിരുന്നു ഡിയോ സ്‌കൂട്ടര്‍. അബ്ദുറഹിമാന്‍ ഹവ്വഹുമ്മ– നാജിയ ദമ്പതികളുടെ ഇളയമകനാണ് നബീല്‍‌ ബക്കർ കടവത്ത്.
സ്വപ്നങ്ങളിൽ വിരുന്നു വന്ന് മോഹിപ്പിച്ചു കൊണ്ടേയിരുന്ന’യാത്രയ്ക്കിറങ്ങണം’ എന്ന് മനസ്സ് ആവർത്തിച്ചാവർത്തിച്ച് മന്ത്രിക്കാൻ തുടങ്ങിയപ്പോഴാണ് തന്റ പത്തൊന്‍പതാമത്തെ വയസ്സിൽ സ്വന്തമാക്കിയ ഹോണ്ട ഡിയോയുമായി യാത്രയെന്ന മാസ്മരിക സ്വപ്ന ലോകത്തേക്ക് ഇറങ്ങിത്തിരിക്കുന്നത്. ഒറ്റയ്ക്ക് യാത്ര തുടങ്ങണമെന്ന് കരുതിയപ്പോഴാണ് നബീലിന്റ സ്വപ്നയാത്രയുടെ കൗതുകവും താൽപര്യവും ഇഷ്ടപ്പെട്ട് സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട കോഴിക്കോട്ടുകാരന്‍ നിധു കൂട്ടായിയെത്തിയത്. ഹോണ്ട ഡിയോയിൽ നബീലും ബജാജ് അവെഞ്ചറിൽ നിധുവും 2017 സെപ്റ്റംബർ പതിനാറാം തീയതി രാവിലെ ആറുമണിക്ക് യാത്ര ആരംഭിച്ചു. അന്നേ ദിവസം മൈസൂർ വഴി ബാംഗ്ലൂർ എത്തിയ നബീലും കൂട്ടുകാരനും ബാംഗ്ലൂരുള്ള സുഹൃത്തിന്റ വീട്ടിൽ തങ്ങി.

അടുത്ത ദിവസം ഹൈദരാബാദിലും വിശ്രമ ശേഷം ഗ്വാളിയാറിലുമെത്തി. അന്നേ ദിവസം ഗൈഡിന്റ സഹായത്തോടെ നഗരത്തിലെ പല കാഴ്ചകളും കാണാൻ സാധിച്ചുവെന്നു നബീല്‍ പറയുന്നു. ആഗ്രയും താജ്മഹലും കണ്ട് ഹരിയാന വഴി കുളു–മണാലിയിൽ എത്തിചേർന്നു. കോഴിക്കോട് കടലുണ്ടി സ്വദേശി ബാബൂക്കയുടെ മണാലിയിലുള്ള ആപ്പിൾ ഫാമിൽ മൂന്നു ദിവസം തങ്ങിയ ശേഷം അവിടെ നിന്നും റോത്താങ്ങ് വഴി ലഡാക്കിലേക്കും നുബ്രാവാലി വഴി ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മോട്ടോർ വാഹനങ്ങൾക്ക് യാത്ര ചെയ്യാവുന്ന പാത ആണെന്നും അവകാശപ്പെടുന്ന കർതുംഗ് ലയിലൂടെയും ഡൽഹിയിലെത്തി. അവിടെ നിന്നും അജ്മീർ വഴി മുബൈയിലൂടെ ഗോവയും കടന്ന് കാസർഗോഡ് എത്തി. ഒക്ടോബർ പതിനൊന്നാം തീയതി രാവിലെ പതിനൊന്ന് മണിക്ക് കണ്ണൂർ റൈ‍ഡ് ഒാണ്‍ വൈൽഡിന്റ സ്വീകരണം ഏറ്റുവാങ്ങിയ നബീൽ വൈകുന്നേരം അഞ്ചരയോടെ പൊന്‍മളയിലെത്തി. ജീവിതത്തിലെ മറക്കാനാവാത്ത സ്വീകരണമായിരുന്നു നാട്ടുകാർ നൽകിയതെന്ന് പുഞ്ചിരിയോടെ നബീൽ പറയുന്നു. യൂണീറൈഡ് ഹോണ്ടയും പൊൻമള പൗരസമിതിയും ചേർന്ന് ഹൃദ്യമായ വരവേൽപ്പ്. യാത്ര സാഹസികമെങ്കിലും അറിവുകൾ ‌കൂടുതൽ നേടാൻ കഴിഞ്ഞെന്നും കേരളം പിന്നിട്ടാൽ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ ഭാഷയും സംസ്കാരവും ഭക്ഷണവും ഒപ്പം മലയാളി എന്നറിയുമ്പോൾ അവർ നല്‍കുന്ന സ്നേഹവും സംരക്ഷണവുമെല്ലാം വാക്കുകളിൽ ഒതുക്കാനാവില്ലെന്നും നബീൽ പറയുന്നു. പവർ കുറഞ്ഞ വാഹനത്തിലും ഇത്രയും ദൂരം യാത്ര ചെയ്യാംമെന്നും ഇൗ മിടുക്കൻ തെളിയിച്ചിരിക്കുന്നു. ആഗ്രഹങ്ങൾ അവസാനിക്കുന്നില്ല കാണാകാഴ്ചകൾ തേടി ഇനിയും യാത്ര തുടരണം അതാണ് നബീലിന്റ ജീവിതം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments