ഉന്നാവോ പെണ്‍കുട്ടിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. പത്ത് പേരെ പ്രതി ചേര്‍ത്ത കേസില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത് സെന്‍ഗാറിനെതിരെ കൊലക്കുറ്റം ചുമത്താതെയാണെന്നാണ് റിപ്പോര്‍ട്ട് .
അപകടത്തിന് പിന്നില്‍ ബിജെപി എംഎല്‍എ കുല്‍ദിപ് സിംഗ് സെന്‍ഗാറും കൂട്ടാളികളുമാണെന്ന പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ ആരോപണത്തെ തുടര്‍ന്ന് സെന്‍ഗാറിനും സഹോദരനുമടക്കം 10 പേര്‍ക്കെതിരെ ക്രിമിനല്‍ ഗൂഢാലോചന, കൊലപാതകം, കൊലപാതക ശ്രമം, ഭീഷണിപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് പൊലിസ് കേസെടുത്തിരുന്നത്.
എന്നാല്‍ കാര്‍ അപകടം നടന്നത് അശ്രദ്ധ കൊണ്ടാണെന്നാണ് സിബിഐ കുറ്റപത്രത്തില്‍ പറയുന്നത്. ക്രിമിനല്‍ ഗൂഢാലോചന, ഭീഷണിപ്പെടുത്തല്‍ എന്നീ കുറ്റങ്ങളാണ് കുല്‍ദിപ് സിംഗ് സെഗാറിനും കൂട്ടുപ്രതികള്‍ക്കുമെതിരെ ചേര്‍ത്തിരിക്കുന്നത്.
ട്രക്ക് ഡ്രൈവറായ ആഷിഷ് കുമാര്‍ പാല്‍ അശ്രദ്ധമായി വാഹനമോടിച്ച് മരണമുണ്ടാക്കിയെന്നാണ് സിബിഐ കുറ്റപത്രത്തിലെ കണ്ടെത്തല്‍. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 304 എ, 338, 279 എന്നീ വകുപ്പുകള്‍ ഡ്രൈവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നു.
സുപ്രിം കോടതിയുടെ നിര്‍ദേശമനുസരിച്ചാണ് സിബിഐ കേസില്‍ അതിവേഗ അന്വേഷണം പൂര്‍ത്തിയാക്കിയിരിക്കുന്നത്.