തിരുവനന്തപുരം:കേരളത്തിലെ ക്രൈസ്തവ സഭകളുടെ ഐക്യ വേദിയായ കേരള കൗൺസിൽ ഓഫ് ചർച്ചസിന്റെ ആശീതി ആഘോഷങ്ങളുടെ ഉദ്ഘാടനം കേരളാ ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് തിരുവനന്തപുരം പരുത്തിപ്പാറ ഇമ്മാനുവേൽ മാർത്തോമാ പള്ളിയിൽ നിർവഹിച്ചു. അവരവരുടെ വിശ്വാസം മഹത്തരമായി കാണുമ്പോൾ തന്നെ മറ്റുള്ളവയെ ആദരിക്കണമെന്നും രാജ്യ സ്നേഹവും മത വിശ്വാസവും തമ്മിൽ പൊരുത്തക്കേടുകളില്ലെന്നും ഒരു യഥാർഥ ക്രിസ്ത്യാനി നല്ല പൗരനും രാജ്യ സ്നേഹിയും ആയിരിക്കണമെന്നും മതവും മത വിശ്വാസവും അല്ല രാജ്യ സ്നേഹത്തിന്റെ അലവുകോലെന്നും അദ്ദേഹം പ്രസ്താവിച്ചു. കെ.സി.സി. പ്രസിഡന്റ് ഡോ.ഗീവര്ഗീസ് മാർ കൂറിലോസ് മെത്രപൊലീത്ത അധ്യക്ഷത വഹിച്ചു. ഐക്യമാണ് ഇന്നിന്റെ ആവശ്യമെന്നും വ്യത്യസ്തതകളും വ്യക്തിത്വവും കാത്തു സൂക്ഷിച്ചുകൊണ്ടു പരസ്പര ഐക്യത്തിലേക്കു വരണമെന്നും അദ്ദേഹം ഓർമിപ്പിച്ചു. 800 കുട്ടികൾക്ക് പ്രതിമാസം 500 രൂപ വീതം സ്കോളർഷിപ് നൽകുന്ന സ്നേഹസ്പര്ശം പ്രോജക്ടിന്റെ ഉദ്ഘാടനം ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്ത നിർവഹിച്ചു. പ്രയാസമനുഭവിച്ചവരെ സ്പർശിച്ചു സൗഖ്യമാക്കിയ ക്രിസ്തു ആയിരിക്കണം സ്നേഹ സ്പര്ശത്തിന്റെ മാതൃകയെന്നും സ്വീകരിക്കാൻ കഴിയുന്നവയെ സ്വീകരിക്കുകയും സ്വീകരിക്കാൻ കഴിയാത്തവയെ ആദരിക്കുകയും ചെയ്യണമെന്ന് മെത്രാപ്പൊലിത്ത പ്രസ്താവിച്ചു. കേണൽ നിഹാൽ ഹെറ്റിയറർച്ചി, ജോസഫ് മാർ ബർന്നബാസ് എപ്പിസ്കോപ്പ, ബിഷപ്പ് ഡോ. ഉമ്മൻ ജോർജ്, മാത്യൂസ് മാർ സിൽവനിയോസ് എപ്പിസ്കോപ്പ, ഡോ.ജെയ്സി കരിങ്ങാട്ടിൽ, കെ.സി.സി. ജനറൽ സെക്രട്ടറി അഡ്വ.പ്രകാശ് പി.തോമസ്, റവ. എബി കെ. ജോഷ്വാ, റൈസ്റ്റൻ പ്രകാശ് എന്നിവർ പ്രസംഗിച്ചു.
ഫോട്ടോ: കേരളത്തിലെ ക്രൈസ്തവ സഭകളുടെ ഐക്യ വേദിയായ കേരള കൗൺസിൽ ഓഫ് ചർച്ചസിന്റെ ആശീതി ആഘോഷങ്ങളുടെ ഉദ്ഘാടനം കേരളാ ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് തിരുവനന്തപുരം പരുത്തിപ്പാറ ഇമ്മാനുവേൽ മാർത്തോമാ പള്ളിയിൽ നിർവഹിക്കുന്നു . റൈസ്റ്റൻ പ്രകാശ് , ഡോ.ജെയ്സി കരിങ്ങാട്ടിൽ , മാത്യൂസ് മാർ സിൽവനിയോസ് എപ്പിസ്കോപ്പ, ജോസഫ് മാർ ബർന്നബാസ് എപ്പിസ്കോപ്പ, ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്ത, കേണൽ നിഹാൽ ഹെറ്റിയറർച്ചി, ബിഷപ്പ് ഡോ. ഉമ്മൻ ജോർജ്, അഡ്വ.പ്രകാശ് പി.തോമസ്, റവ. എബി കെ. ജോഷ്വാ എന്നിവർ സമീപം.