Saturday, April 20, 2024
Homeപ്രാദേശികംനിയമവുമായി സംഘര്‍ത്തിലേര്‍പ്പെടുന്ന കുട്ടികളുടെ എണ്ണം വർധിക്കുന്നു- പത്തനംതിട്ട പ്രസ് ക്ലബ്ബില്‍ സെമിനാര്‍

നിയമവുമായി സംഘര്‍ത്തിലേര്‍പ്പെടുന്ന കുട്ടികളുടെ എണ്ണം വർധിക്കുന്നു- പത്തനംതിട്ട പ്രസ് ക്ലബ്ബില്‍ സെമിനാര്‍

അതിക്രമത്തിന് ഇരയാകുന്ന കുട്ടികളുടെ എണ്ണം വര്‍ദ്ധിക്കുന്നതോടൊപ്പം നിയമവുമായി സംഘര്‍ത്തിലേര്‍പ്പെടുന്ന കുട്ടികളുടെ എണ്ണവും കൂടുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നതെന്ന് പത്തനംതിട്ട പ്രസ് ക്ലബ്ബില്‍ കുട്ടികളുടെ അവകാശ സംരക്ഷണം ബാലനീതി നിയമത്തിന്‍റെ പശ്ചാത്തലത്തില്‍ എന്ന വിഷയത്തില്‍ നടത്തിയ സെമിനാര്‍ വിലയിരുത്തി. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വീടുകളിലെ കുട്ടികളാണ് അതിക്രമങ്ങള്‍ക്ക് കൂടുതലായി ഇരയാകുന്നത്. എന്നാല്‍ നിയമവുമായി സംഘര്‍ത്തിലേര്‍പ്പെടുന്ന കുട്ടികള്‍ സമൂഹത്തിലെ എല്ലാ വിഭാഗങ്ങിലും ഉള്‍പ്പെടുന്നവരുണ്ട്. അതിജീവനം, സംരക്ഷണം, വികസനം, പങ്കാളിത്തം എന്നിവ കുട്ടികളുടെ അവകാശങ്ങളാണ്. ഇവ ഉറപ്പാക്കേണ്ടത് രക്ഷിതാക്കളുടെയും സമൂഹത്തിന്‍റെയും സര്‍ക്കാരിന്‍റെയും ബാധ്യതയാണ്. അഭിപ്രായം പറയാനുള്ള അവകാശം കുട്ടികള്‍ക്കുമുണ്ട്. എന്നാല്‍ അവരുടെ അഭിപ്രായങ്ങള്‍ക്കനുസരിച്ച് എല്ലാ കാര്യങ്ങളിലും തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയില്ല. കുട്ടികളുടെ നډയ്ക്ക് ഉതകുന്ന രീതിയിലുള്ള തീരുമാനങ്ങള്‍ എടുക്കണം. വിഭിന്ന അഭിപ്രായമുള്ള കുട്ടികളോട് കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തണം. അടൂരിലുള്ള ഒരു എല്‍.പി സ്കൂളില്‍ കുട്ടികളെ പഠിപ്പിക്കുന്നതിനായി അന്ധയായ ഒരു അധ്യാപികയെ നിയമിക്കുവാന്‍ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ് നല്‍കി. ഇവിടെ മനുഷ്യാവകാശം സംരക്ഷിക്കപ്പെട്ടപ്പോള്‍ ബാലാവകാശം ലംഘിക്കപ്പെട്ടതായി സെമിനാര്‍ വിലയിരുത്തി. ബാലാവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട് നിരവധി ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ജുഡീഷ്യല്‍ അധികാരങ്ങളുള്ള ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്കാണ് ശ്രദ്ധയും പരിചരണവും ആവശ്യമുള്ള കുട്ടികളെ സംബന്ധിച്ച കാര്യങ്ങള്‍ നോക്കുവാന്‍ ഉത്തരവാദിത്തമുള്ളത്. നിയമവുമായി സംഘര്‍ഷത്തിലേര്‍പ്പെടുന്ന കുട്ടികളുടെ വിഷയങ്ങള്‍ പരിഗണിക്കുന്നതിന് ജുഡീഷ്യല്‍ അധികാരമുള്ള സ്ഥാപനമാണ് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ്. എക്സിക്യൂട്ടീവ് അധികാരങ്ങളുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ വിഭാഗമാണ് സാമൂഹ്യനീതി വകുപ്പിന്‍റെ കീഴിലുള്ള ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റുകള്‍. കേന്ദ്ര സര്‍ക്കാരിന്‍റെ അംഗീകാരത്തോടെ ബാലാവകാശ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയാണ് ചൈല്‍ഡ് ലൈന്‍. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നിയന്ത്രണ ത്തില്‍ കുട്ടികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയാണ് ജില്ലാ കളക്ടര്‍ ചെയര്‍മാനായുള്ള ജില്ലാ ശിശുക്ഷേമ സമിതി. ഇത്തരത്തില്‍ നാല് ഘടകങ്ങളാണ് എല്ലാ ജില്ലകളിലും കുട്ടികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നത്. കുട്ടികള്‍ക്കെതിരെയുള്ള അതിക്രമവുമായി ബന്ധപ്പെട്ട് ജില്ലയില്‍ 250 കേസുകളാണ് നിലവിലുള്ളത്. ബാലാവകാശങ്ങളുമായി ബന്ധപ്പെട്ട് കൂടുതല്‍ അറിവുകള്‍ പൊതുസമൂഹത്തിന് നല്‍കാന്‍ കഴിയുന്നത് മാധ്യമങ്ങള്‍ക്കാണ്. കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍, നിയമവുമായി സംഘര്‍ത്തിലേര്‍പ്പെടുന്ന കുട്ടികളുമായി ബന്ധപ്പെട്ട കേസുകള്‍ തുടങ്ങിയവയുടെ റിപ്പോര്‍ട്ടിംഗില്‍ മറ്റുള്ള വാര്‍ത്തകളെ അപേക്ഷിച്ച് കൂടുതല്‍ ജാഗ്രത ആവശ്യമാണെന്നും സെമിനാര്‍ വിലയിരുത്തി. സെമിനാറില്‍ മംഗളം ബ്യൂറോ ചീഫ് സജിത് പരമേശ്വരന്‍ മോഡറേറ്ററായിരുന്നു. ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ എ.ഒ.അബീന്‍ വിഷയാവതരണം നടത്തി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments