ഹരിത കേരളം മിഷന്‍: അസിസ്റ്റന്റ് സെക്രട്ടറിമാരുടെ ജില്ലാതല യോഗം ചേര്‍ന്നു

ഹരിത കേരളം മിഷന്‍: അസിസ്റ്റന്റ് സെക്രട്ടറിമാരുടെ ജില്ലാതല യോഗം ചേര്‍ന്നു

പഞ്ചായത്ത്തല ഹരിത കേരളം മിഷന്‍ കോര്‍ഡിനേറ്റര്‍മാരായ അസിസ്റ്റന്റ് സെക്രട്ടറിമാരുടെ ജില്ലാതല യോഗം കോന്നി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ചേര്‍ന്നു. ഡിസംബര്‍ 14 മുതല്‍ 22 വരെ നടക്കുന്ന നീര്‍ച്ചാലുകളുടെ പുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ നടന്നു വരികയാണെന്നും മുഴുവന്‍ പഞ്ചായത്തുകളിലും സംഘാടക സമിതി യോഗങ്ങള്‍ എത്രയും പെട്ടന്ന് തന്നെ പൂര്‍ത്തീകരിച്ച് നീര്‍ച്ചാലുകളുടെ ജനകീയ വീണ്ടെടുപ്പ് നടത്തണമെന്നും ഹരിത കേരളം മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ആര്‍.രാജേഷ് അറിയിച്ചു. മിഷന്റെ പ്രവര്‍ത്തനങ്ങള്‍ പഞ്ചായത്ത് തലത്തില്‍ ഏകോപിപ്പിക്കേണ്ടത് അസിസ്റ്റന്റ് സെക്രട്ടറിമാരുടെ ചുമതലയാണ്. അതിനാല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കേണ്ടത് മിഷന്‍ കോര്‍ഡിനേറ്റര്‍മാരാണെന്നും അദ്ദേഹം പറഞ്ഞു. കൃഷി ഉപമിഷനുമായി ബന്ധപ്പെട്ട് തരിശ് രഹിത പഞ്ചായത്ത്, ഹരിത സമൃദ്ധി വാര്‍ഡ്, പച്ചത്തുരുത്ത് എന്നീ വിഷയങ്ങളുടെ ചര്‍ച്ചയും നടത്തി.  ആദ്യ ഘട്ടത്തില്‍ തരിശ് രഹിത പഞ്ചായത്തായി ഏറ്റെടുത്ത  കുന്നന്താനം, വെച്ചൂച്ചിറ എന്നീ പഞ്ചായത്തുകളില്‍ തരിശ് രഹിത പ്രഖ്യാപനം നടന്നു. തുമ്പമണ്‍, കൊടുമണ്‍ പഞ്ചായത്തുകളില്‍ ഡിസംബര്‍ – ജനുവരി മാസങ്ങളിലായി പ്രഖ്യാപനം നടക്കും. ഹരിത സമൃദ്ധി വാര്‍ഡ്, പച്ചത്തുരുത്ത് എന്നിവയുടെ ചര്‍ച്ചയും യോഗത്തില്‍ നടന്നു.വനപ്രദേശം കൂടുതലുള്ള പഞ്ചായത്തുകളില്‍ സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് പച്ചത്തുരുത്ത് നിര്‍മ്മിക്കും. ഹരിതകര്‍മ സേന അംഗങ്ങളെ കേന്ദ്രീകരിച്ച് ഓരോ പഞ്ചായത്തുകളിലും ഓരോ സ്വയം തൊഴില്‍ യൂണിറ്റുകള്‍ ആരംഭിച്ച് ഹരിത കര്‍മ സേന അംഗങ്ങള്‍ക്ക് ഒരു വരുമാനം എന്ന നിലയിലേക്ക് എത്തിക്കാന്‍ സാധിക്കണം. ജില്ലയില്‍ 13 പഞ്ചായത്തുകളെ ബീക്കണ്‍ പഞ്ചായത്തുകളായി തിരഞ്ഞെടുത്തിട്ടുണ്ട്. ഇതിന്റെ ഭാഗമായി ജനുവരി 26 ന് ചെന്നീര്‍ക്കര, കുളനട, തുമ്പമണ്‍ എന്നീ ഗ്രാമപഞ്ചായത്തുകള്‍ സമഗ്ര മാലിന്യ സംസ്‌കരണ സംവിധാനം നടപ്പിലായ  പഞ്ചായത്തുകളായി മാറും.  ജല ഉപമിഷന്റെ ഭാഗമായി  നാം ഉപയോഗിക്കുന്ന ജലത്തിന്റെ പരിശുദ്ധി ഉറപ്പ് വരുത്തുന്നതിനായി എല്ലാ ഗ്രാമപഞ്ചായത്തുകളിലും സയന്‍സ് ഗ്രൂപ്പ്  ഉള്ള ഗവണ്‍മെന്റ് അല്ലെങ്കില്‍ എയ്ഡഡ് സ്‌കൂളുകളില്‍ ജലഗുണ പരിശോധന ലാബുകള്‍ സ്ഥാപിക്കുവാന്‍ ഹരിത കേരളം മിഷന്‍ തീരുമാനിച്ചിട്ടുണ്ട്. അതിനായി സ്‌കൂളുകള്‍ നിശ്ചയിച്ച് നല്‍കാനുള്ള നടപടി എത്രയും പെട്ടന്ന് തന്നെ സ്വീകരിക്കേണ്ടതാണ്. ജലത്തിന്റെ ലഭ്യതയും ഉപയോഗവും താരതമ്യം ചെയ്ത് ജല ബഡ്ജറ്റ് തയ്യാറാക്കണം. കൂടാതെ ജലസ്രോതസ്സുകളില്‍ ജലത്തിന്റെ അളവ് നിര്‍ണയിക്കാന്‍ ഉള്ള സ്‌കെയില്‍ സ്ഥാപിക്കാന്‍ ഉള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണ്. ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നുമുള്ള ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.