ശബരിമലയില്‍ കയറിയ യുവതികള്‍ ‘ആര്‍പ്പോ ആര്‍ത്തവം’ വേദിയില്‍

sabarimala bindhu

ശബരിമലയില്‍ കയറിയ യുവതികള്‍ കൊച്ചിയിലെ ‘ആര്‍പ്പോ ആര്‍ത്തവം’ വേദിയില്‍. സുപ്രീംകോടതി വിധിയ്ക്കുശേഷം ആദ്യമായി ദര്‍ശനം നടത്തിയ ബിന്ദു അമ്മിണിയും കനകദുര്‍ഗയുമാണ് ‘ആര്‍പ്പോ ആര്‍ത്തവം വേദിയിൽ എത്തിയത്. തങ്ങള്‍ തെറ്റ് ചെയ്തവരല്ല , പ്രതിഷേധങ്ങളെ ഭയക്കുന്നില്ലായെന്നും അവര്‍ വ്യക്തമാക്കി. ശബരിമല ദര്‍ശനത്തിന് ശേഷം ബിന്ദുവും കനകദുര്‍ഗയും പങ്കെടുക്കുന്ന ആദ്യത്തെ പൊതുപരിപാടിയാണിത്. ശബരിമലയില്‍ ദര്‍ശനം നടത്തിയ വാര്‍ത്ത പുറത്തുവന്നതിനുശേഷം സംഘപരിവാര്‍ ഭീഷണിയെത്തുടര്‍ന്ന് ഇരുവരും ഒളിവിലായിരുന്നു. പൊലീസ് പിന്തുണ ആവശ്യപ്പെടാതെ സ്വന്തം നിലയ്ക്കാണ്‌ പരിപാടിക്കെത്തിയതെന്നും ഇവര്‍ പറഞ്ഞു. ‘ആര്‍ത്തവം അശുദ്ധമല്ല’ എന്ന മുദ്രാവാക്യമുയര്‍ത്തി ഇന്നലെയാണ് എറണാകുളം മറൈന്‍ഡ്രൈവില്‍ ‘ആര്‍പ്പോ ആര്‍ത്തവം’ കൂട്ടായ്മ ആരംഭിച്ചത്.

സാമൂഹ്യപ്രവര്‍ത്തകര്‍, കലാ-സാംസ്‌കാരിക പ്രവര്‍ത്തകര്‍ തുടങ്ങി നിരവധി പ്രമുഖര്‍ പങ്കെടുത്ത പരിപാടിയില്‍ ശബരിമല വിധി, നവോത്ഥാനം, സ്‌ത്രീസമത്വം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചയായി. തമിഴ്‌ സംവിധായകന്‍ പാ രഞ്ജിത്ത്‌, കെപിഎംഎസ് ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍, ആദിവാസി ഗോത്ര മഹാസഭ നേതാവ‌് സി കെ ജാനു, കൊച്ചി മുസിരിസ‌് ബിനാലെ ക്യൂറേറ്റര്‍ അനിതാ ദൂബെ, കെ അജിത, സാറാ ജോസഫ്, കെ ആര്‍ മീര, ഡോ. സുനില്‍ പി ഇളയിടം, സണ്ണി എം കപിക്കാട് തുടങ്ങിയവര്‍ സംസാരിച്ചു. കോവന്‍സംഘം, ഊരാളി, കലാകക്ഷി തുടങ്ങിയ സംഘങ്ങളുടെ കലാവിഷ്‌കാരങ്ങളും അരങ്ങേറും.