നൈജീരിയയില്‍ എണ്ണ ടാങ്കര്‍ പൊട്ടിത്തെറിച്ച് നിരവധി പേര്‍ വെന്തുമരിച്ചു

somalia blast

നൈജീരിയയില്‍ നിയന്ത്രണംവിട്ട് മറിഞ്ഞ എണ്ണ ടാങ്കര്‍ പൊട്ടിത്തെറിച്ച് നിരവധി പേര്‍ വെന്തുമരിച്ചു. അപകടത്തില്‍ പെട്ട ടാങ്കറില്‍നിന്ന് ചോര്‍ന്ന എണ്ണ ശേഖരിക്കുകയായിരുന്നവരാണ് കൊല്ലപ്പെട്ടതെന്ന് പോലിസും ദൃക്‌സാക്ഷികളും പറഞ്ഞു. 12 മൃതദേഹങ്ങള്‍ ലഭിച്ചതായും ഗുരുതരപൊള്ളലേറ്റ 22 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും പോലിസ് വക്താവ് ഐറീന്‍ ഉഗ്‌ബോ പറഞ്ഞു. ഒടുക്പാനിയില്‍ കഴിഞ്ഞ ദിവസം വൈകീട്ടാണ് അപകടം.അതേസമയം, മരണസംഖ്യ മരണസംഖ്യ 60 ലേറെ വരുമെന്നും പോലിസ് ഏതാനും പേരുടെ മൃതദേഹംമാത്രമാണ് കണ്ടെടുത്തതെന്നും പ്രദേശവാസികള്‍ പറഞ്ഞു. ചോര്‍ന്ന ഇന്ധനം ഒഴുകിയെത്തിയ കുഴിയില്‍നിന്ന് 60ഓളം വരുന്ന ആള്‍കൂട്ടം ഇവ കന്നാസുകളിലും മറ്റും ശേഖരിക്കുന്നതിനിടെയാണ് സ്‌ഫോടനമുണ്ടായതെന്ന് ദൃക്‌സാക്ഷിയായ റിച്ചാര്‍ഡ് ജോണ്‍സണ്‍ പറഞ്ഞു.ടാങ്കറില്‍നിന്ന് ഇന്ധനം പുറത്തെത്തിക്കാന്‍ കൊണ്ടുവന്ന ഇലക്ട്രിക്കല്‍ ജനറേറ്ററാണ് സ്‌ഫോടനത്തിന് കാരണമായതെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇക്കാര്യം അധികൃതര്‍ സ്ഥിരീകരിച്ചിട്ടില്ല.ആഫ്രിക്കയിലെ ഏറ്റവും വലിയ എണ്ണ ഉല്‍പാദക രാജ്യമായ നൈജിരയിയില്‍ വര്‍ഷങ്ങള്‍ക്കിടെ ഇത്തരം അപകടങ്ങളില്‍ നൂറു കണക്കിനു പേര്‍ക്ക് ജീവഹാനി നേരിട്ടിട്ടുണ്ട്. ട്രക്കുകളില്‍നിന്നും പൈപ്പുകളില്‍നിന്നും എണ്ണ ചോര്‍ത്തുന്ന സംഭവങ്ങളും ഇവിടെ റിപ്പോർട്ട് ചെയ്യപ്പെടാറുണ്ട്.