ബിജെപി അധ്യക്ഷന്‍ അമിത്ഷാ പ്രതിയായ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ വിചാരണ നടത്തിയിരുന്ന സിബിഐ പ്രത്യേക കോടതി ജഡ്ജി ബി എച്ച് ലോയ മരിച്ചത് ഹൃദയാഘാതം മൂലമല്ലെന്നും തലച്ചോറിനേറ്റ ക്ഷതമോ വിഷം അകത്തു ചെന്നതോ ആയിരിക്കാമെന്നും ഫോറന്‍സിക് വിദഗ്ദ്ധന്‍. ലോയയുടെ മരണവുമായി ബന്ധപ്പെട്ട മെഡിക്കല്‍ രേഖകള്‍ പരിശോധിച്ചാണ് ഡല്‍ഹി എയിംസിലെ ഫോറന്‍സിക് മെഡിസിന്‍ ആന്‍ഡ് ടോക്‌സിക്കോളജി വിഭാഗം മുന്‍ മേധാവി ഡോ. ആര്‍ കെ ശര്‍മ മഹാരാഷ്ട്ര സര്‍ക്കാരിന്റെ നിലപാടിനെ തള്ളിയത്. ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് മെഡികോ ലീഗല്‍ എക്‌സ്‌പെര്‍ട്ട്‌സ് പ്രസിഡന്റ് കൂടിയായ ഡോ. ആര്‍ കെ ശര്‍മ രാജ്യത്തെ ഏറ്റവും മികച്ച ഫോറന്‍സിക് വിദഗ്ധരില്‍ ഒരാളാണ്. ലോയയുടെ മരണവുമായി ബന്ധപ്പെട്ട് മുമ്പും വിവാദ വെളിപ്പെടുത്തലുകള്‍ പുറത്തുവിട്ട കാരാവന്‍ മാസികയാണ് ഡോ. ആര്‍ കെ ശര്‍മയുടെ അഭിപ്രായവും പുറത്തുവിട്ടത്. ലോയയുടെ മരണകാരണം ഹൃദയാഘാതമാണെന്ന വിലയിരുത്തലുകള്‍ വന്ന ശേഷം ആശ്വസിച്ചിരിക്കുന്ന ബിജെപിയ്ക്കും അമിത്ഷായ്ക്കും ശക്തമായ തിരിച്ചടി നല്‍കുന്നതാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ലോയയുടെ മരണം തലച്ചോറിനേറ്റ ക്ഷതമോ വിഷം അകത്തു ചെന്നതോ ആകാമെന്നതിന്റെ സൂചനകള്‍ ചികിത്സാരേഖകളില്‍ ഉണ്ടെന്നും ശര്‍മ്മ പറയുന്നു. ലോയയുടെ പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടും ആന്തരീകാവയവങ്ങളുടെ ഹിസ്റ്റോപാത്തോളജി റിപ്പോര്‍ട്ടും ആന്തരീകാവയവങ്ങള്‍ പരിശോധനയ്ക്ക് അയച്ചതിന്റെ ഫലങ്ങളും വിശദമായി പരിശോധിച്ച ശേഷമാണ് മരിച്ചത് ഹൃദയാഘാതമാണെന്ന വാദം തള്ളിക്കളയാന്‍ കാരണമായത്.
ഹിസ്റ്റോപാത്തോളജി റിപ്പോര്‍ട്ട് പ്രകാരം മയോകാര്‍ഡിയല്‍ ഇന്‍ഫക്ഷന്റെ ഒരു ലക്ഷണവുമില്ലാത്തതിനാല്‍ ഹൃദയാഘാതമുണ്ടെന്ന് വാദിക്കാനാകില്ല. രക്തധമനികളില്‍ കാല്‍സ്യം അടിഞ്ഞുകൂടിയതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. കാല്‍സ്യം അടിഞ്ഞാല്‍ രക്തപ്രവാഹം തടസ്സപ്പെടാനിടയില്ലെന്നും ഹൃദയാഘാത സാധ്യതയില്ലെന്നും ഡോ. ശര്‍മ ‘കാരവന്‍’ മാസികയോട് പറഞ്ഞു. പുലര്‍ച്ചെ നാലിന് ബി എച്ച് ലോയയ്ക്ക് ശാരീരികാസ്വാസ്ഥ്യമുണ്ടായെന്നും 6.15ന് മരണം സ്ഥിരീകരിച്ചുവെന്നുമാണ് ദുരൂഹമായ വാദം. ഹൃദയാഘാത സൂചന ഉണ്ടായി 30 മിനിറ്റിനുള്ളില്‍ ഹൃദയത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാകേണ്ടതാണ്. എന്നാല്‍, രണ്ടുമണിക്കൂര്‍ കഴിഞ്ഞിട്ടും ഹൃദയത്തിന് കാര്യമായ മാറ്റമൊന്നും ഉണ്ടായിട്ടില്ലെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ഇതിനൊപ്പം അപകടത്തിലൊക്കെ സംഭവിക്കുന്നത് പോലെ തലച്ചോറിനെ പൊതിഞ്ഞ ഡുറ ആവരണം ഞെരുങ്ങിയതായി പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. ശാരീരികമായി നടത്തിയ ആക്രമണത്തിന്റെ ലക്ഷണം സൂചിപ്പിക്കുന്ന ഇക്കാര്യം പക്ഷേ പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടില്‍ കാണിച്ചിട്ടില്ല എന്നത് വിചിത്രമാണെന്നും ശര്‍മ്മ പറയുന്നുണ്ട്. വിഷം നല്‍കിയിരിക്കാനുള്ള സാധ്യതയും തള്ളിക്കളയുന്നില്ല. കരളും പാന്‍ക്രിയാസും വൃക്കകളും ശ്വാസകോശങ്ങളും ഉള്‍പ്പെടെ ഓരോ ആന്തരീകാവയവവും ഞെങ്ങിഞെരുങ്ങിയിരുന്നു. മെഡിക്കല്‍ റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളും ഔദ്യോഗിക വിശദീകരണവും തമ്മിലുള്ള പൊരുത്തക്കേടുകള്‍ വിശദ അന്വേഷണം അനിവാര്യമാക്കുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സുപ്രീംകോടതി നിര്‍ദേശപ്രകാരം ജഡ്ജി ലോയയുടെ മരണവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ബന്ധപ്പെട്ട കക്ഷികള്‍ക്ക് നല്‍കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ നിര്‍ബന്ധിതരായിരുന്നു. ഈ രേഖകളും വിവരാവകാശനിയമപ്രകാരം ലഭിച്ച രേഖകളുമാണ് കേസില്‍ നിര്‍ണായകമായ വഴിത്തിരിവാകുന്നത്. സുപ്രീംകോടതി മേല്‍നോട്ടത്തില്‍ വിദഗ്ധ അന്വേഷണം വേണമെന്ന ആവശ്യത്തിന് ഡോ. ശര്‍മയുടെ നിഗമനം ബലം പകരും. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പ്രതിയായിരുന്ന സൊഹറാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ് പരിഗണിച്ചുകൊണ്ടിരിക്കവെയാണ് ജഡ്ജി ബിഎച്ച് ലോയ ദുരൂഹമായി മരണപ്പെട്ടത്. അമിത്ഷാ നേരിട്ട് ഹാജരാകണമെന്ന് ഉത്തരവിട്ടതിന് പിന്നാലെയാണ് ജഡ്ജിയെ നാഗ്പ്പൂരിലെ ഗസ്റ്റ് ഹൗസില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ ലോയയുടെ സഹോദരി അടുത്തിടെ നടത്തിയ വെളിപ്പെടുത്തലാണ് ലോയയുടെ മരണത്തിലെ ദുരൂഹത വര്‍ധിപ്പിച്ചത്. കേസില്‍ അമിത് ഷായ്ക്ക് അനുകൂലമായി വിധി പ്രസ്താവിക്കാന്‍ ലോയയ്ക്ക് മുംബൈ ഹൈക്കോടതി ചീഫ് ജസ്റ്റിസ് 100 കോടി രൂപ വാഗ്ദാനം ചെയ്തിരുന്നതായാണ് സഹോദരി അനുരാധ ബിയാനി വെളിപ്പെടുത്തിയത്. ലോയ വാഗ്ദാനം നിരസിച്ച് ഒരു മാസത്തിന് ശേഷം മരണപ്പെടുകയായിരുന്നെന്നും അനുരാധ പറഞ്ഞു. തുടര്‍ന്നാണ് മരണത്തില്‍ അന്വേഷണ ആവശ്യപ്പെട്ട് സുപ്രിം കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജികള്‍ ഫയല്‍ ചെയ്യപ്പെട്ടത്.