വ്യാപകമായ പരാതിയെ തുടർന്ന് പൊതുമേഖല ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകളുടെ മിനിമം ബാലൻസിനുള്ള പിഴ കുറച്ചു. എഴുപത്തിയഞ്ച് ശതമാനത്തിന്റെ കുറവാണ് വരുത്തിയിരിക്കുന്നത്. പുതുക്കിയ നിരക്കുകൾ പ്രകാരം മെട്രോകളിലും നഗരങ്ങളിലും പിഴ 50 രൂപയിൽനിന്ന് 15 ആയും അർധ നഗരങ്ങളിലും ഗ്രാമങ്ങളിലും 40ൽനിന്ന് 12 രൂപയായുമാണ് കുറവുവരുത്തിയിരിക്കുന്നത്. പിഴയ്ക്കു പത്തു രൂപ ജിഎസ്ടി ഈടാക്കും. ഏപ്രിൽ ഒന്നു മുതൽ പുതുക്കിയ നിരക്ക് നിലവിൽവരും. രാജ്യത്തെ 25 കോടി ഉപഭോക്താക്കൾക്കാണ് ഇതിലൂടെ ഗുണം ലഭിക്കുന്നത്.