പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ അ​ഭ്യ​ര്‍​ഥ​ന സ്വീ​ക​രി​ച്ച്‌ ന​ട​ന്‍ മോ​ഹ​ന്‍​ലാ​ല്‍

മോഹൻലാലിനെതിരെ മോശമായ പ്രചാരണം

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ അ​ഭ്യ​ര്‍​ഥ​ന സ്വീ​ക​രി​ച്ച്‌ ന​ട​ന്‍ മോ​ഹ​ന്‍​ലാ​ല്‍. ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വോ​ട്ട് ചെ​യ്യാ​ന്‍ ജ​ന​ങ്ങ​ളെ പ്രേ​രി​പ്പി​ക്ക​ണ​മെ​ന്ന മോ​ദി​യു​ടെ അ​ഭ്യ​ര്‍​ഥ​ന​യാ​ണ് മോ​ഹ​ന്‍​ലാ​ല്‍ സ്വീ​ക​രി​ച്ച​ത്. തെരഞ്ഞെടുപ്പ് സംബന്ധിച്ച ബോധവത്കരണത്തിന് ആഹ്വാനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വിറ്റര്‍ സന്ദേശം നൽകിയിരുന്നു. രാഹുല്‍ ഗാന്ധിയുള്‍പ്പെടെ രാഷ്ട്രീയ എതിരാളികളെയും സിനിമ-കായിക താരങ്ങളെയും ടാഗ് ചെയ്താണ് മോദിയുടെ ട്വീറ്റ് എന്നതാണ് രസകരം.

മോദിയുടെ അഭ്യര്‍ത്ഥനയ്ക്ക് തന്റെ ട്വിറ്ററിലൂടെ തന്നെ മോഹന്‍ലാല്‍ മറുപടി നല്‍കി. ‘തീര്‍ച്ചയായും സര്‍. ഊര്‍ജസ്വലമായ ജനാധിപത്യം പുലരുന്നതിന് ജനങ്ങള്‍ തങ്ങളുടെ സമ്മതിദാന അവകാശം നിര്‍വ്വഹിക്കേണ്ടതിന്റെ ആവശ്യത്തെ കുറിച്ച്‌ അവരോട് പറയുന്നതിനെ ഒരു ഉത്തരവാദിത്തമായി കാണുന്നു’- മോഹന്‍ലാല്‍ പറഞ്ഞു.

വോട്ട് ചെയ്യേണ്ടതിന്റെ പ്രധാന്യം ജനങ്ങളെ ബോധവല്‍ക്കരിക്കാനും വോട്ട് ചെയ്യാന്‍ പ്രേരിപ്പിക്കാനും വേണ്ട ശ്രമങ്ങള്‍ നടത്തണമെന്നാണ് പ്രധാനമന്ത്രി മോഹന്‍ലാലിനോട് ആവശ്യപ്പെട്ടത്. ‘താങ്കളുടെ പ്രകടനങ്ങള്‍ വര്‍ഷങ്ങളായി ലക്ഷക്കണക്കിന് ആരാധകരെയാണ് രസിപ്പിക്കുന്നത്. നിരവധി അവാര്‍ഡുകള്‍ താങ്കള്‍ നേടി കഴിഞ്ഞു. വോട്ട് ചെയ്യേണ്ടതിന്റെ പ്രധാന്യം ജനങ്ങളെ ബോധവല്‍ക്കരിക്കാനും വോട്ട് ചെയ്യാന്‍ പ്രേരിപ്പിക്കാനും വേണ്ട ശ്രമങ്ങള്‍ നടത്തണമെന്ന് അഭ്യര്‍ഥിക്കുന്നു’- സാമൂഹ്യമാധ്യമത്തിലൂടെ മോദി ആവശ്യപ്പെട്ടു.അതേസമയം ട്വീറ്റിനോട് ട്രോള്‍ രൂപത്തില്‍ പ്രതികരിച്ച അഖിലേഷ് യാദവ്, പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാനായി വോട്ട് ചെയ്യൂവെന്ന് ആഹ്വാനം ചെയ്തു.

രാഹുല്‍ ഗാന്ധി, മമതാബാനര്‍ജി, മായാവതി, അഖിലേഷ് യാദവ്, തേജസ്വി യാദവ്, ശരത് പവാര്‍ തുടങ്ങി രാഷ്ട്രീയ നേതാക്കള്‍ക്കും സച്ചിന്‍ തെണ്ടുല്‍ക്കര്‍, വിരാട് കോലി, പി.വി സിന്ധു, സൈന നെഹ്വാള്‍ തുടങ്ങി കായിക താരങ്ങള്‍ക്കും, എ.ആര്‍ റഹ്മാന്‍, ലതാ മങ്കേഷ്‌കര്‍, അഭിഷേക് ബച്ചന്‍, അക്ഷയ് കുമാര്‍, അമീര്‍ ഖാന്‍, രണ്‍വീര്‍ സിങ്, ദീപിക പദുക്കോണ്‍, ആലിയ ഭട്ട് തുടങ്ങി കലാ മേഖലയിലുള്ളവര്‍, വ്യവസായികള്‍, മാധ്യമപ്രവര്‍ത്തകര്‍ അങ്ങനെ സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവരെ പ്രത്യേകം ടാഗ് ചെയ്താണ് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തത്.