മലപ്പുറത്ത് പോളിങ് 71.4 ശതമാനം

malappuram

മലപ്പുറം ഉപതിരഞ്ഞെടുപ്പില്‍ മികച്ച പോളിങ്. 71.4 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം 71.21 ശതമാനമായിരുന്ന പോളിങ്. രാവിലെ മന്ദഗതിയില്‍ തുടങ്ങിയ പോളിങ് ഒന്‍പതു മണിക്കുശേഷമാണ് ശക്തമായത്.കൊണ്ടോട്ടി, മഞ്ചേരി നിയമസഭാ മണ്ഡലങ്ങളിലാണ് കൂടുതല്‍ പേര്‍ വോട്ട് ചെയ്യാനെത്തിയത്. മങ്കടയിലും കൊണ്ടോട്ടിയിലുമാണ് കുറവ്.
12 പോളിങ് ബുത്തുകളിലെ വോട്ടിങ് യന്ത്രങ്ങള്‍ തകരാറിലായത് താല്‍കാലികമായി വോട്ടിങ് നിര്‍ത്തിവക്കാന്‍ ഇടയാക്കി.
മുന്‍ തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് ഇത്തവണ ഒരു ബൂത്തില്‍പോലും സംഘര്‍ഷം ഉണ്ടായില്ലെന്നതും ഈ തിരഞ്ഞെടുപ്പില്‍ ശ്രദ്ധേയമായി.
ഏഴ് നിയമസഭാ മണ്ഡലങ്ങളിലായി 13.12 ലക്ഷം വോട്ടര്‍മാരാണുള്ളത്. ഏപ്രില്‍ 17നാണ് വോട്ടെണ്ണല്‍.
പാണക്കാട് സികെഎംഎം എഎല്‍പി സ്‌കൂളിലെ തൊണ്ണൂറ്റിയേഴാം നമ്പര്‍ ബൂത്തില്‍ മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങളും യുഡിഎഫ് സ്ഥാനാര്‍ഥി പി.കെ കുഞ്ഞാലിക്കുട്ടിയും രാവിലെ തന്നെ വോട്ടു രേഖപ്പെടുത്തി.
യുഡിഎഫിന് മികച്ച ഭൂരിപക്ഷമുണ്ടാകുമെന്ന് വോട്ടു രേഖപ്പെടുത്തിയ ശേഷം പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങള്‍ പ്രതികരിച്ചു. ബിജെപി സ്ഥാനാര്‍ഥി എന്‍.ശ്രീപ്രകാശ് പാണ്ടിക്കാട് വെട്ടിക്കാട്ടില്‍ ജിഎം എല്‍പി സ്‌കൂളില്‍ വോട്ട് ചെയ്തു.
എല്‍ഡിഎഫ് സ്ഥാനാര്‍ഥി എംബി ഫൈസലിന് മണ്ഡലത്തില്‍ വോട്ടില്ല.
പോളിംഗ് ശതമാനം വര്‍ധിക്കുമെന്നും നല്ല ഭൂരിപക്ഷമുണ്ടാകുമെന്നും പ്രതീക്ഷിക്കുന്നതായി കുഞ്ഞാലിക്കുട്ടി പറഞ്ഞു. അതേസമയം, അന്തിമ തീരുമാനം ജനങ്ങളുടേതാണെന്നും ആരു ജയിച്ചാലും നേരിയ ഭൂരിപക്ഷം മാത്രമെ ഉണ്ടാകുകയുള്ളുവെന്ന് സിപിഎം നേതാവ് ടികെ ഹംസ പ്രതികരിച്ചു.