ബിജെപി മന്ത്രിമാര്‍ ബലാല്‍സംഗ പ്രതികള്‍ക്കുവേണ്ടി മുദ്രാവാക്യം മുഴക്കി റാലി നടത്തി

bjp

കത്വവയില്‍ ബാലികയെ ബലാല്‍സംഗം ചെയ്ത ശേഷം ക്രൂരമായി കൊലചെയ്ത സംഭവത്തില്‍ പ്രതികള്‍ക്കുവേണ്ടി പ്രകടനം നടത്തി ബിജെപി മന്ത്രിമാര്‍. വ്യവസായ മന്ത്രി ചന്ദര്‍ പ്രകാശ് ഗംഗ, വനം മന്ത്രി ചൗദരി ലാല്‍ സിംഗ് എന്നിവരാണ് ക്രൂരമായ കൊലപാതകം നടത്തിയവരെ പിന്തുണക്കാന്‍ നാട്ടുകാരെ കൂട്ടുപിടിച്ച് പ്രകടനം നടത്തിയത്. ഹീരാനഗര്‍, കത്വവ എന്നീ മണ്ഡലങ്ങളില്‍ നിന്നുള്ള ബിജെപി എംഎല്‍എ മാരായ രാജീവ് ജസ്‌റൂട്ടിയ, കുല്‍ദീപ് രാജ് എന്നിവരും ബാലികയുടെ കൊലപാതകികള്‍ക്ക് വേണ്ടി മുദ്രാവാക്യം മുഴക്കി റാലിക്ക് നേതൃത്വം നല്‍കി. അറസ്റ്റിലായ പ്രതി കജൂറിയയെ മോചിപ്പിക്കണമെന്നാവശ്യട്ടാണ് പ്രകടനം നടന്നത്. ‘എനിക്ക് ഒന്നും മനസിലാകുന്നില്ല, എന്തിന് വേണ്ടിയാണ് 14വയസ്, 22 വയസ്, 28, 37 എന്നീ വയസ്സുകളിലുള്ളവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്’; വ്യവസായ മന്ത്രിയായ ചന്ദര്‍ പ്രകാശ് ഗംഗ പ്രസംഗത്തില്‍ ചോദിച്ചു. ‘കുറെ സ്ത്രീകള്‍ ഇവിടെ മരിക്കാറുണ്ട്. ഇതിനുമാത്രമെന്തിനാണ് ഇത്രയധികം അന്വേഷണം’;ചന്ദര്‍ പ്രസംഗം തുടര്‍ന്നു. ദോഗ്ര ഭരണാധികാരിയായ ഹരി സിംഗിന്റെ നേതൃത്വത്തില്‍ 1947ല്‍ മുസ്ലീങ്ങളെ കൂട്ടക്കൊല ചെയ്തതിനെ സംബന്ധിച്ച് കഴിഞ്ഞ വര്‍ഷം ലാല്‍ സിംഗ് തങ്ങളെ ഭീഷണിപ്പെടുത്തിയതായും പ്രദേശത്തുകാര്‍ ആരോപിച്ചു. ഹിന്ദു ഏകത മാര്‍ച്ച് നടത്തിയവര്‍ തങ്ങളുടെ സ്വന്തം ഇഷ്ടത്തിനാണ് അത് ചെയ്തതെന്നും ബിജെപി അതിനെ പിന്തുണക്കുന്നില്ലെന്നും നേതാക്കള്‍ വ്യക്തമാക്കിയതിനുപിന്നാലെയാണ് ബിജെപി മന്ത്രിമാരടക്കം പങ്കെടുത്ത് നടത്തിയ റാലിയായിരുന്നു കൊലപാതകികള്‍ക്കുവേണ്ടി നടന്നതെന്നുള്ള വിവരം പുറത്തുവന്നത്.