ഇടിമിന്നലിൽ ഗൃഹനാഥനും പശുക്കൾക്കും പൊള്ളലേറ്റു

omaalloor

ഇടിമിന്നലിൽ ഗൃഹനാഥനും പശുത്തൊഴുത്തിലുണ്ടായിരുന്ന മൂന്ന് പശുക്കൾക്കും പൊള്ളലേറ്റു.ഓമല്ലൂരിനടുത്തു മുറിപ്പാറ കേന്ദ്രീയ വിദ്യാലയത്തിന് സമീപം കോടയാട്ട്മണ്ണിൽ സുകുമാരൻ നായർക്കും (68) അദ്ദേഹത്തിന്റെ വീട്ടിലെ പശു തൊഴുത്തിലുണ്ടായിരുന്ന രണ്ട് പശുക്കൾക്കും ഒരു പശുകിടാവിനുമാണ് പൊള്ളലേറ്റത്. മിന്നലിൽ തൊഴുത്ത് ഭാഗികമായി കത്തി നശിച്ചു. സുകുമാരൻ നായർക്ക് കൈയ്ക്കും തോളിന് പുറകിലുമാണ് പൊള്ളലേറ്റത്. വ്യാഴാഴ്ച വൈകിട്ട് അഞ്ചോടെ ഉണ്ടായ ശക്തമായ മിന്നൽ മൂലമാണ് അപകടമുണ്ടായത്. പശു തൊഴുത്തിൽ സൂക്ഷിച്ച റബർ ഷീറ്റും കത്തിനശിച്ചു. തീ കൂടുതൽ പടരുന്നതിന് മുമ്പ് നാട്ടുകാരെത്തി അണയ്ക്കുകയാണുണ്ടായത്. സുകുമാരൻ നായരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊള്ളലേറ്റ പശുക്കളിൽ ഒന്ന് എട്ട് മാസം ഗർഭിണിയും മറ്റൊന്ന് കറവപശുവുമാണ്. വെറ്ററിനറി ഡോക്ടർ സ്ഥലത്തെത്തി പശുക്കൾക്ക് വേണ്ട പരിചരണം നൽകി.  ബുധനാഴ്ച വൈകുന്നേരം 5.30 ഓടെ മഴയോടൊപ്പം വീശിയടിച്ച കനത്ത കാറ്റിൽ കീഴ്വായ്പൂരിൽ ഒരു വീട് പൂർണമായും തകർന്നു. മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിൽ കീഴ്വായ്പൂര് ഐക്കുന്നിൽ കുളമാവുങ്കൽ ആർ രാജന്റെ വീടാണ് കാറ്റിൽ പൂർണമായും തകർന്നത്. ഈ സമയത്ത് വീട്ടിൽ ആരുമുണ്ടായിരുന്നില്ല. രാജന്റെ ഭാര്യ വികലാംഗയായ ഐ കെ സുധാമണി കീഴ്വായ്പൂരുള്ള സ്വന്തം പെട്ടിക്കടയിലായിരുന്നു. ഗവ. ഹൈസ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥിനിയായ ശ്രീനുവും ഈ സമയം വീടിന് പുറത്തായിരുന്നു. കാറ്റിൽ തെങ്ങും ബദാം മരവും ഒടിഞ്ഞുവീണാണ് വീട് തകർന്നത്. ഗൃഹോപകരണങ്ങൾ മുഴുവനും നഷ്ടപ്പെട്ടു. തുടർ വിദ്യാഭ്യാസം നടത്തുന്ന സുധാമണിയുടെയും മകൾ ശ്രീനുവിന്റെയും പാഠപുസ്തകങ്ങളും ബുക്കുകളും വിലപ്പെട്ട രേഖകളും മഴയിൽ നനഞ്ഞ് കുതിർന്ന് ഉപയോഗശൂന്യമായി. തൊട്ടടുത്ത് താമസിക്കുന്ന കല്ലുംപറമ്പിൽ പരേതനായ വേണുവിന്റെ വീടാണ് തെങ്ങും ഓമയും വീണ് ഭാഗികമായി തകർന്നത്. വേണുവിന്റെ ഭാര്യ ശോഭനയും മകൻ അഖിലും ഈ സമയത്ത് വീട്ടിലുണ്ടായിരുന്നെങ്കിലും ശബ്ദം കേട്ട് പുറത്തിറങ്ങി ഓടിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഈ ഭാഗങ്ങളിൽ കാർഷിക വിളകളും വ്യാപകമായി നശിച്ചിട്ടുണ്ട്.  ഏനാത്ത് ഇടിമിന്നൽ നാശം. ഇളങ്ങമംഗലം വയലും കരോട്ട് രാജുവിന്റെ വീടിനും തൊഴുത്തിനും നാശനഷ്ടമുണ്ടാക്കി. തൊഴുത്തിൽ കെട്ടിയിരുന്ന രണ്ട് പശുമിന്നലേറ്റ് ചത്തു.ഉച്ചയ്ക്ക് കറവകഴിഞ്ഞ് തൊഴുത്തിൽകെട്ടിയ സമയത്താണ് ഇടിമിന്നലുണ്ടായത്. വീട്ടുപ ക ര ണ ങ്ങൾക്കും കേട് പാട് സംഭവിച്ചു. അടുക്കളയുടെ ഭിത്തിക്ക് വിള്ളൽ വീണു.ആളപായമില്ല. പന്നിവിഴ ബിജു ഭവനിൽ രത്നമ്മയുടെ വീടിന് നാശനഷ്ടം ഉണ്ടായി.വീടിന്റെ ഇലക്ട്രിക് വയറുകൾ കത്തിനശിച്ചു. മേൽക്കൂരയ്ക്ക് ഭാഗിക നാശം ഉണ്ടായി.മിന്നലിൽ ബോധക്ഷയം ഉണ്ടായ രത്നമ്മയെ ആശുപത്രിയിൽ എത്തിച്ച് ശുശൂഷ നൽകി.