ക്രിസ്ത്യൻ ഇതര സ്വാശ്രയ മെഡിക്കൽ കോളജുകളിലെ പി.ജി, പി.ജി ഡിപ്ലോമ സീറ്റുകളിലെ ഫീസും കുത്തനെ ഉയർത്തി. പ്രവേശന, ഫീസ് നിർണയ മേൽനോട്ട ചുമതലയുള്ള ജസ്റ്റിസ് രാജേന്ദ്രബാബു കമ്മിറ്റിയാണ് ഫീസ് നിശ്ചയിച്ച് ഉത്തരവിറക്കിയത്. കഴിഞ്ഞ ദിവസം ക്രിസ്ത്യൻ മാനേജ്മന്റിനു കീഴിലെ നാല് മെഡിക്കൽ കോളജുകളിലേക്കുള്ള ഫീസ് കുത്തനെ ഉയർത്തി സർക്കാർ ഉത്തരവിറക്കിയിരുന്നു. ഇൗ കോളജുകൾക്ക് അനുവദിച്ച അതേ ഫീസ് നിരക്കുതന്നെയാണ് ഇതര സ്വാശ്രയ മെഡിക്കൽ കോളജുകളിലേക്കും നൽകിയത്. ഇൗ കോളേജുകളുമായി ആരോഗ്യമന്ത്രി നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു.
ഉത്തരവ് പ്രകാരം പി.ജി ക്ലിനിക്കൽ കോഴ്സുകൾക്ക് 14 ലക്ഷം രൂപയും നോൺ ക്ലിനിക്കലിൽ 8.5 ലക്ഷം രൂപയുമാണ് ഫീസ്. പി.ജി ഡിപ്ലോമ ക്ലിനിക്കൽ കോഴ്സുകളിൽ 10.5 ലക്ഷം രൂപയാണ് ഫീസ്. എൻ.ആർ.ഐ ഫീസ് ക്ലിനിക്കൽ, നോൺ ക്ലിനിക്കൽ വ്യത്യാസമില്ലാതെ 35 ലക്ഷം രൂപയാണ്. താൽക്കാലിക ഫീസ് ഘടനയാണ് നിശ്ചയിച്ചു നൽകിയതെന്ന് ജസ്റ്റിസ് രാജേന്ദ്രബാബു പറഞ്ഞു. കോളജുകൾക്ക് ഫീസ് സംബന്ധിച്ച് അവരുടെ ആവശ്യങ്ങൾ കമ്മിറ്റി മുമ്പാകെ ഉന്നയിക്കാമെന്നും ഇതിനനുസൃതമായി ആവശ്യമെങ്കിൽ പിന്നീട് അന്തിമ ഫീസ് നിശ്ചയിച്ചു നൽകുമെന്നും അദ്ദേഹം പറഞ്ഞു. മേയ് 31നകം പ്രവേശന നടപടികൾ പൂർത്തിയാക്കാൻ സുപ്രീംകോടതി വിധിയുള്ള സാഹചര്യത്തിൽ കൂടിയാണ് താൽക്കാലിക ഫീസ് ഘടന നിശ്ചയിച്ച് ഉത്തരവിറക്കിയത്.
കഴിഞ്ഞ വർഷം വരെ മൂന്ന് ഫീസ് ഘടനയായിരുന്നു പി.ജി സീറ്റുകളിലേക്ക്. സർക്കാർ സീറ്റുകളിലേക്ക് ക്ലിനിക്കൽ കോഴ്സുകളിൽ 6.5 ലക്ഷവും നോൺ ക്ലിനിക്കൽ കോഴ്സുകളിലേക്ക് 2.6 ലക്ഷം രൂപയുമായിരുന്നു ഫീസ്. ക്ലിനിക്കൽ കോഴ്സുകളിലെ മാനേജ്മന്റ് ക്വൊട്ട സീറ്റുകളിലേക്ക് 17.5 ലക്ഷവും നോൺ ക്ലിനിക്കലിൽ 6.5 ലക്ഷവുമായിരുന്നു ഫീസ്. എൻ.ആർ.ഐ സീറ്റുകളിൽ 35 ലക്ഷം രൂപയായിരുന്നു കഴിഞ്ഞ വർഷവും ഫീസ്.ഇൗ വർഷം മുതൽ പി.ജി പ്രവേശനത്തിന് നീറ്റ് റാങ്ക് പട്ടിക നിർബന്ധമാക്കിയ സാഹചര്യത്തിൽ മുഴുവൻ സീറ്റുകളിലേക്കും സർക്കാർ നേരിട്ടാണ് പ്രവേശനം നൽകുക. അതേസമയം, ഏകപക്ഷീയമായി ഫീസ് ഘടന നിശ്ചയിച്ചതുമായി ബന്ധപ്പെട്ട് മാനേജ്മന്റ് അസോസിയേഷൻ ശനിയാഴ്ച കൂടിയാലോചന നടത്തി നടപടി സ്വീകരിക്കുമെന്ന് സെക്രട്ടറി വി. അനിൽകുമാർ അറിയിച്ചു.