പത്രത്തിന്റെ സഹായത്തോടെ രോഗശാന്തി ലഭിച്ചുവെന്ന വാര്‍ത്തയെ പരിഹസിച്ച്‌ ബെന്യാമിന്‍

കൃപാസനം പത്രത്തിന്റെ സഹായത്തോടെ രോഗശാന്തി ലഭിച്ചുവെന്ന വാര്‍ത്തയെ പരിഹസിച്ച്‌ എഴുത്തുകാരന്‍ ബെന്യാമിന്‍. മതപ്രചരണത്തിനായി ആലപ്പുഴ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന മരിയന്‍ ഷ്രൈന്‍ ധ്യാനകേന്ദ്രത്തിന്റെ ഔദ്യോഗിക പത്രമായ കൃപാസനത്തില്‍ തന്നെയാണ് രോഗശാന്തി ലഭിച്ചുവെന്ന വാദവുമായി രോഗികളുടെ സാക്ഷ്യങ്ങള്‍ വാര്‍ത്തായായി പ്രത്യക്ഷപ്പെട്ടത്. കൃപാസനം പത്രം കൊണ്ട് പൊതിഞ്ഞപ്പോള്‍ പൊട്ടിയ അസ്ഥി കൂടിച്ചേര്‍ന്നുവെന്നും, ഡെങ്കിപനി ബാധിച്ച മകള്‍ക്ക് കൃപാസനം പത്രത്തില്‍ കിടത്തിയപ്പോള്‍ രോഗശാന്തി ലഭിച്ചുവെന്നും പത്രത്തിലുണ്ട്. മനസു തുറന്ന് ചിരിക്കാന്‍ കൃപാസനം വായിച്ചാല്‍ മതിയെന്നാണ് ബെന്യാമിന്‍ ഫേസ്ബുക്കില്‍ കുറിച്ച പോസ്റ്റില്‍ പറയുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

മതം നിങ്ങള്‍ക്ക്‌ ഒരു മനസുഖവും തരുന്നില്ലെന്ന് യുക്തിവാദികള്‍ പറയുന്നതിനു അര്‍ത്ഥം അവര്‍ ‘അടിവസ്ത്രം’ മൗലവിമാരുടെയും വെള്ളയില്‍ അശോകചക്രം കൊണ്ടുവന്നതിനായി ദൈവത്തെ സ്തുതിക്കുന്ന പാസ്റ്ററിന്റെയും ജീന്‍സിട്ട പെണ്‍കുട്ടികളെ കാണുമ്പോൾ മുട്ടു വിറയ്ക്കുന്ന അച്ചന്മാരുടെയും നാസയില്‍ ഋഗ്‌വേദം കേള്‍പ്പിക്കുന്ന ഗോപാലസ്വാമിയുടെയും പ്രസംഗങ്ങള്‍ വേണ്ടവണ്ണം കേള്‍ക്കുന്നില്ല എന്നാണര്‍ത്ഥം. നിങ്ങളുടെ ഏത്‌ പ്രസംഗം കേട്ടാല്‍, ലേഖനം വായിച്ചാല്‍ ഞങ്ങള്‍ക്കിതുപോലെ മനസു തുറന്ന് ചിരിക്കാന്‍ സാധിക്കും..? ഇനിയും വിശ്വാസം വന്നില്ലെങ്കില്‍ ഞങ്ങളുടെ കൃപാസനം വായിച്ചു നോക്കൂ.