ഫെയ്‌സ്ബുക്ക് പുതിയ ക്രിപ്‌റ്റോ കറന്‍സി അവതരിപ്പിക്കുമെന്നു റിപ്പോർട്

facebook

സോഷ്യല്‍ നെറ്റ് വര്‍ക്കിങ്ങ് സൈറ്റായ ഫെയ്‌സ്ബുക്ക് പുതിയ ക്രിപ്‌റ്റോ കറന്‍സി അവതരിപ്പിച്ചേക്കും. ഡിജിറ്റല്‍ ക്രിപ്‌റ്റോ കറന്‍സി വികസിപ്പിക്കുന്നത് ലക്ഷ്യമിട്ട് ഫെയ്‌സ്ബുക്ക് പുതിയ ബ്ലോക്ക് ചെയിന്‍ ഗ്രൂപ്പ് രൂപവത്കരിച്ചതായാണ് വിവരം ലഭിച്ചിരിക്കുന്നത്. അതേസമയം പൊതുജനങ്ങള്‍ക്ക് വിറ്റഴിക്കുന്നതിന് (ഐ.സി.ഒ.) കമ്ബനി തയ്യാറായേക്കില്ലെന്നാണ് സൂചന. ഫെയ്‌സ്ബുക്ക് ചീഫ് ടെക്‌നോളജി ഓഫീസര്‍ മൈക്ക് സ്‌ക്രോപ് ഫെറിന്റെ കീഴില്‍ ക്രിപ്‌റ്റോ കറന്‍സി ഇടപാടുകള്‍ക്കായി പുതിയ ബ്ലോക്ക് ചെയ്ന്‍ ടീം ഫെയ്‌സ്ബുക്ക് രൂപവത്കരിച്ചിട്ടുണ്ട്. 2018ല്‍ ബ്ലോക്ക്ചെയിന്‍ സൊല്യൂഷനുകള്‍ക്കായി ആഗോള തലത്തില്‍ 210 കോടി ഡോളറോളം ചെലവഴിക്കുമെന്നാണ് സൂചന ലഭിച്ചിരിക്കുന്നത്. 2017ല്‍ ചെലവഴിച്ച 94.5 കോടി ഡോളറിന്റെ ഇരട്ടിയിലധികം വരുമിത്. ഇന്റര്‍നാഷണല്‍ ഡേറ്റ കോര്‍പ്പറേഷന്റെ കണക്കുകള്‍ പ്രകാരമാണിത്. ആഗോളതലത്തില്‍ ഫെയ്‌സ്ബുക്കിന് 200 കോടി ഉപഭോക്താക്കളാണ് ഉള്ളത്. ഭരണകൂടങ്ങളുടെയോ കേന്ദ്ര ബാങ്കുകളുടെയോ അംഗീകാരം ഇല്ലാതെ ലോകം മുഴുവന്‍ ക്രയവിക്രയം ചെയ്യുന്ന കറന്‍സികളാണ് ഇവ.ഇവയെ നിഗൂഢ കറന്‍സികള്‍ എന്നാണ് വിശേഷിപ്പിക്കുന്നത്. സങ്കീര്‍ണമായ ഗണിത ശാസ്ത്രവും കംപ്യൂട്ടര്‍ എന്‍ജിനീയറിങ്ങും ഉപയോഗിച്ചാണ് ഇവ തയ്യാറാക്കുന്നതും വ്യാപാരം ചെയ്യുന്നതും. ബിറ്റ്‌കോയിനാണ് ക്രിപ്‌റ്റോ കറന്‍സികളില്‍ പ്രധാനി.