വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി അദ്ധ്യാപകന്‍ പരീക്ഷയെഴുതി; ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

exam cases

വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി അദ്ധ്യാപകന്‍ പരീക്ഷയെഴുതിയ സംഭവത്തില്‍ അദ്ധ്യാപകര്‍ക്കെതിരെ പൊലീസ് കേസ് . നീലേശ്വരം സ്‌കൂളിലെ പ്രധാനാധ്യാപിക കെ. റസിയ, അദ്ധ്യാപകരായ നൗഷാദ് വി മുഹമ്മദ്, പി.കെ ഫൈസല്‍, എന്നിവര്‍ക്കെതിരെയാണ് കേസ്.

ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പ് റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് അദ്ധ്യാപകര്‍ക്കെതിരെ മുക്കം പൊലീസ് കേസെടുത്തത്. ആള്‍മാറാട്ടത്തിനടക്കം കേസെടുത്താണ് അന്വേഷണം നടത്തുക.അദ്ധ്യാപകന്‍ രണ്ട് ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ത്ഥികളുടെ ഇംഗ്ലീഷ് പരീക്ഷ പൂര്‍ണമായും എഴുതുകയും 32 വിദ്യാര്‍ത്ഥികളുടെ കമ്ബ്യൂട്ടര്‍ പരീക്ഷ തിരുത്തി എഴുതുകയും ചെയ്തതായി ഹയര്‍ സെക്കന്‍ഡറി ഡിപ്പാര്‍ട്മെന്റ് നേരത്തെ കണ്ടെത്തിയിരുന്നു. ഇവരെ നേരത്തെ സര്‍വീസില്‍നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു.


സംഭവത്തില്‍ വിവിധ രാഷ്ട്രീയ കക്ഷികള്‍ പ്രതിഷേധം ശക്തമാക്കി രംഗത്തെത്തി. സംഭവത്തില്‍ പ്രതിഷേധിച്ച്‌ തിങ്കളാഴ്ച യൂത്ത് ലീഗ്, ബിജെപി പ്രവര്‍ത്തര്‍ മാര്‍ച്ച്‌ നടത്തുകയും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്‌കൂളിന് മുന്നില്‍ ധര്‍ണ്ണ സംഘടിപ്പിക്കുകയും ചെയ്തു.പഠന വൈകല്യമുള്ള കുട്ടികളെ സഹായിക്കാനാണ് താന്‍ പരീക്ഷ എഴുതിയതെന്നായിരുന്നു അദ്ധ്യാപകന്റെ വാദം. എന്നാല്‍ അദ്ധ്യാപകന്‍ പരീക്ഷ എഴുതിയത് അറിയില്ലെന്ന് വിദ്യാര്‍ത്ഥികള്‍ വ്യക്തമാക്കി.

സ്‌കൂളില്‍ നൂറ് ശതമാനം വിജയം ലക്ഷ്യമിട്ടാണ് ഇങ്ങനെ ചെയ്തതെന്നാണ് കരുതുന്നത്. പരീക്ഷ എഴുതിയ അദ്ധ്യാപകന്‍, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍, ഡെപ്യൂട്ടി ചീഫ് സൂപ്രണ്ട് എന്നിവരെ നേരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു.

ആള്‍മാറാട്ടത്തിന്റെ പേരില്‍ ഫലം തടയപ്പെട്ട വിദ്യാര്‍ത്ഥികളുടെ ഉപരിപഠനം അനിശ്ചിതത്വത്തിലായി. കേസും പ്രശ്നങ്ങളും തീരുന്നതിന് മുമ്പ് ഇവരുടെ ഫലം പ്രസിദ്ധീകരിക്കുക പ്രയാസകരമാവും. അപ്പോഴേക്കും ഡിഗ്രി ഉള്‍പ്പെടെയുള്ള കോഴ്സിലേക്കുള്ള പ്രവേശനം പൂര്‍ത്തിയാകാനിടയുണ്ട്.