അഞ്ചു വയസ്സുകാരന്റെ വെടിയേറ്റ് 12-കാരന്‍ കൊല്ലപ്പെട്ടു

പൊഗ്രിഫിന്‍ (ജോര്‍ജിയ) : കുറ്റിക്കാട്ടില്‍ നിന്നും കിട്ടിയ തോക്കെടുത്തു അഞ്ചു വയസ്സുകാരന്‍ സഹോദരനു നേരെ വെടിവച്ചതിനെ തുടര്‍ന്ന് പന്ത്രണ്ടു വയസ്സുകാരന് ദാരുണ അന്ത്യം. മേയ് 9 ശനിയാഴ്ചയായിരുന്നു സംഭവം. രണ്ടു സഹോദരന്മാരും ചേര്‍ന്നു വീടിനു തൊട്ടടുത്തുള്ള കുറ്റിക്കാട്ടില്‍ കളിക്കുന്നതിനിടയിലാണ് അഞ്ചു വയസ്സുകാരന്റെ ശ്രദ്ധയില്‍ നിലത്തു കിടന്നിരുന്ന തോക്ക് പെട്ടത്. കളിത്തോക്കാണെന്ന് കരുതി സഹോദരനു നേരെ കാഞ്ചി വലിക്കുകയായിരുന്നു. മാറില്‍ വെടിയേറ്റ സഹോദരന്‍ നിലത്തുവീണതു കണ്ടു കുട്ടി നിലവിളിച്ചു. തുടര്‍ന്ന് സംഭവ സ്ഥലത്തെത്തിയവര്‍ കുട്ടിയെ തൊട്ടടുത്തുള്ള വെല്‍ സ്റ്റാര്‍ സ്പാല്‍ ലിംഗ് റീജനല്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

തോക്ക് കുറ്റിക്കാട്ടില്‍ എങ്ങനെയെത്തിയെന്ന് പിന്നീട് ഗ്രിഫിന്‍ പോലീസ് പ്രസ്താവനയില്‍ വിശദീകരിച്ചു. ഈ പ്രദേശത്തു ട്രാഫിക്ക് പരിശോധന നടത്തുന്നതിനിടയില്‍ കാറിലുണ്ടായിരുന്ന രണ്ടു പേര്‍ പുറത്തിറങ്ങി ഓടി രക്ഷപ്പെട്ടെന്നും അവര്‍ പോകുന്നതിനിടയില്‍ തോക്ക് ഇവിടെ ഉപേക്ഷിച്ചതാകാമെന്നുമാണു പൊലീസ് നിഗമനം.

കുട്ടിയെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരവും പൊലീസിന്റെ വിശദീകരണവും സാമ്യമുള്ളതാണെന്നും എന്നാല്‍ തോക്കിന്റെ ഉടമസ്ഥന്‍ ആരാണെന്ന് കണ്ടുപിടിക്കുന്നതിനുള്ള ഡിഎന്‍എ ടെസ്റ്റ് നടത്തുമെന്നും പൊലീസ് പറഞ്ഞു. കുട്ടികള്‍ക്ക് ലഭിക്കുംവിധം തോക്ക് ഉപേക്ഷിച്ച വ്യക്തികളെ കണ്ടെത്തി കേസ്സെടുക്കുമെന്നും പൊലീസ് അറിയിച്ചു.