Friday, October 11, 2024
HomeKeralaവടശേരിക്കരയില്‍ ജനവാസ മേഖലയില്‍ വീണ്ടും കടുവയെ കണ്ടു

വടശേരിക്കരയില്‍ ജനവാസ മേഖലയില്‍ വീണ്ടും കടുവയെ കണ്ടു

      റാന്നി വടശേരിക്കരയില്‍ ജനവാസ മേഖലയില്‍ വീണ്ടും കടുവയെ കണ്ടു. വടശേരിക്കര പേഴുംപാറ ഉമ്മാ മുക്കിന് സമീപം രമാഭായി കോളനിയിലാണ് ബുധനാഴ്ച രാവിലെ കടുവയെ കണ്ടത്.  കുറ്റിക്കാടുകള്‍ നിറഞ്ഞ പാറക്കെട്ടിനടുത്ത് സമീപവാസിയായ ചേന്നാട്ടു മലയില്‍ ജോയിയാണ് ബുധനാഴ്ച രാവിലെ 6.45 ന് കടുവയെ കണ്ടത്. ഇടവഴി കടന്ന്  തുറസായ പ്രദേശത്തേക്ക് ഇറങ്ങുകയായിരുന്നു കടുവ. ജോയിയുടെ ശബ്ദം കേട്ട് തിരിഞ്ഞുനോക്കിയ കടുവ മുന്നോട്ട് തന്നെ പോയി. അയല്‍വാസികളായ ബിനു, രാഹുല്‍, സുരേഷ് എന്നിവരോടൊപ്പം വീണ്ടും പോയി നോക്കിയപ്പോള്‍ പാറയുടെ വശം ചേര്‍ന്ന് കടുവ കിടക്കുന്നതായി കണ്ടു. ഇവരെ കണ്ട ഉടനെ കടുവ കാട്ടിലേക്ക്  ഓടി.  ചൊവ്വാഴ്ച രാത്രി 10.30 ന് വീട്ടുമുറ്റത്ത് ഫോണ്‍ ചെയ്യുമ്പോള്‍  പെട്ടെന്ന് എന്തോ വീഴുന്ന ശബ്ദം കേട്ടതായും ഒരു ജീവി കയറി പോകുന്നതായി തോന്നിയിരുന്നെന്നും ബിനു പറഞ്ഞു. വനംവകുപ്പ് ഉദ്യോഗസ്ഥരും പോലീസും സ്ഥലത്തെത്തി പ്രദേശം വളഞ്ഞ് മൃഗഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവരുടെ സഹായത്തോടെ പരിശോധന നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായില്ല.   കാടുപിടിച്ചുകിടക്കുന്ന പാറകെട്ടും പാറമടയും സമീപത്തെ കാടുപിടിച്ച് കിടക്കുന്ന റബ്ബര്‍ തോട്ടങ്ങളും ഉള്ളതിനാല്‍ കടുവയെ കണ്ടുപിടിക്കുന്നതിന് കൂടുതല്‍ ബുദ്ധിമുട്ട് ഉണ്ടാക്കിയിരിക്കുകയാണ്. ചൊവ്വാഴ്ച വൈകിട്ട്  3.30 ഓടെ സമീപമുള്ള വട്ടപ്പാറ തങ്കച്ചന്റെ പുരയിടത്തില്‍ നിന്ന പശുവിന്റെ പുറത്ത് കടുവ മാന്തിയതായും സംശയമുണ്ട്.      നൂറുകണക്കിന് വീടുകള്‍ ഉള്ള പ്രദേശത്ത് കടുവയെ കണ്ടത് പരിഭ്രാന്തി സൃഷ്ടിച്ചിട്ടുണ്ട്. രാജു ഏബ്രഹാം എംഎല്‍എ സ്ഥലം സന്ദര്‍ശിച്ച് ജനങ്ങളുമായി ആശയവിനിമയം നടത്തി. കടുവയെ കണ്ടെത്താന്‍ നടത്തുന്ന തെരച്ചില്‍ പ്രവര്‍ത്തനങ്ങള്‍ എംഎല്‍എ വിലയിരുത്തി. വൈകുന്നേരം വീടിന് പുറത്ത് ഇറങ്ങാതിരിക്കുന്നത് ഉള്‍പ്പെടെയുള്ള നിര്‍ദേശങ്ങള്‍ പോലീസ് നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം കടുവയെ കണ്ട സ്ഥലത്തു നിന്നും മൂന്നു കിലോമീറ്റര്‍ മാറിയാണ് ബുധനാഴ്ച രാവിലെ കടുവയെ കണ്ടത്. ഓരോ ദിവസവും കിലോമീറ്ററുകള്‍ കടുവ സഞ്ചരിക്കുന്നത് കണ്ടെത്താന്‍ കൂടുതല്‍ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. 

RELATED ARTICLES
- Advertisment -

Most Popular

Recent Comments