അനധികൃത പാറ, മെറ്റല്‍, പച്ചമണ്ണ്, മറ്റു ക്രഷര്‍ ഉത്പന്നങ്ങള്‍ എന്നിവയുടെ കടത്തും ചാരായ നിര്‍മാണവും ഊര്‍ജിതമായ പരിശോധനകളും റെയ്ഡുകളും നടത്തി തടയുമെന്നും ജില്ലാ പോലീസ് മേധാവി കെ.ജി സൈമണ്‍ പറഞ്ഞു. പാസോ അനുമതിപത്രമോ ഇല്ലാതെ പാറയും മറ്റും കടത്തിയതിന് ഇന്നലെ ആറു ടിപ്പര്‍ ലോറികളും ഒരു ലോറിയും ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ പിടികൂടി. പച്ചമണ്ണ് ഖനനം ചെയ്തതിന് രണ്ടു ജെസിബിയും പോലീസ് പിടിച്ചെടുത്തു. ചാരായ വാറ്റുമായി ബന്ധപ്പെട്ട് വിവിധ സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത മൂന്നു കേസുകളിലായി ഏഴു പേരെ അറസ്റ്റ് ചെയ്തു. ആറന്മുള കളരിക്കോട് വീടിന്റെ അടുക്കളയില്‍ ചാരായം വാറ്റാനുള്ള ശ്രമത്തിനിടെ രണ്ടു പേരെ പോലീസ് ഇന്‍സ്‌പെക്ടര്‍ സന്തോഷ്‌കുമാര്‍ അറസ്റ്റ് ചെയ്തു. കളരിക്കോട് കൊട്ടക്കാട്ടുമലയില്‍ മോനച്ചന്‍ എന്നു വിളിക്കുന്ന കെ.ടി. തോമസ് (59), മാലക്കര പുളിനില്‍ക്കുന്നതില്‍ ഭാഗ്യരാജ് (34) എന്നിവരാണ് പിടിയിലായത്. അടൂര്‍ മുണ്ടപ്പള്ളിയില്‍ എസ്ഐ അനൂപിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ നാലു പേരാണ് പിടിയിലായത്. മുണ്ടപ്പള്ളി മിനിസദനത്തില്‍ രഞ്ജിത്ത് (33), എബി ഭവനത്തില്‍ എബി (43), അജയഭവനം വീട്ടില്‍ അജീഷ് (36), കൊല്ലന്റെ തെക്കേതില്‍ വിജയന്‍ (50) എന്നിവരാണ് അറസ്റ്റിലായത്. വീടിന്റെ കുളിമുറിയില്‍ നിന്നും 120 ലിറ്റര്‍ കോടയും വാറ്റുപകരണങ്ങളും കണ്ടെടുത്ത കേസില്‍ ഒരാളെ പത്തനംതിട്ട പോലീസ് പിടികൂടി. കുഴിക്കാലപ്പടി പുത്തന്‍പറമ്പില്‍ രാജീവിനെ(39)യാണ് എസ്ഐ ശ്രീകുമാറും സംഘവും നടത്തിയ റെയ്ഡില്‍ കസ്റ്റഡിയിലെടുത്ത്. അനധികൃതമായി അരിഷ്ടം കൈവശം സൂക്ഷിച്ചതിന് കുമ്പഴയില്‍ നിന്നും ഒരാളെ പത്തനംതിട്ട എസ്ഐ ശ്രീകുമാര്‍ അറസ്റ്റ് ചെയ്തു. കുമ്പഴ വരുവാതില്‍ വീട്ടില്‍ ജിന്റോ ജോര്‍ജ് (35) ആണ് പിടിയിലായത്. വരുംദിവസങ്ങളിലും റെയ്ഡുകളും പരിശോധനകളും തുടരുമെന്നും, ക്വാറന്റൈനിലുള്ളവരെ നിരീക്ഷിക്കുന്നുണ്ടെന്നും അവര്‍ പുറത്തിറങ്ങി നടക്കുന്നത് ശ്രദ്ധയില്‍പെട്ടാല്‍ പകര്‍ച്ചവ്യാധി തടയല്‍ നിയമപ്രകാരമുള്ള വകുപ്പുകള്‍ കൂട്ടിച്ചേര്‍ത്തു കേസുകള്‍ എടുക്കുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു. ലോക്ക്ഡൗണ്‍ ലംഘനങ്ങള്‍ക്കു ചൊവ്വ വൈകിട്ട് നാലു മുതല്‍ ബുധന്‍ വൈകിട്ട് നാലു വരെ 183 കേസുകളിലായി 203 പേരെ അറസ്റ്റ് ചെയ്തു. 158 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും, മുഖാവരണം ധരിക്കാത്തതിന് 27 പേര്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തു.