കാർഷിക വായ്പകൾ എഴുതിത്തള്ളുന്നതിന്റെ ഉത്തരവാദിത്തം സംസ്ഥാനങ്ങളുടെ തലയിൽവച്ച് കേന്ദ്രം തലയൂരുന്നു. കാർഷിക വായ്പകൾ കണ്ണടച്ച് എഴുതിത്തള്ളുന്ന സംസ്ഥാനങ്ങൾ അതിനുള്ള പണവും കണ്ടെത്തണമെന്നു കേന്ദ്ര ധനമന്ത്രി അരുണ് ജയ്റ്റ്ലി പറഞ്ഞു. പൊതുമേഖലാ ബാങ്ക് മേധാവി കളുടെ യോഗത്തിനുശേഷമാ ണ് അദ്ദേഹം ഇതു പറഞ്ഞത്.
മഹാരാഷ്ട്ര സർക്കാർ കാർഷിക വായ്പകൾ ഒന്നടങ്കം എഴുതിത്തള്ളിയതിനു പിന്നാലെയായിരുന്നു ജയ്റ്റ്ലിയുടെ മുന്നറിയിപ്പ്. ബിജെപി ഭരിക്കുന്ന മധ്യപ്രദേശും മഹാരാഷ്ട്രയും ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ വലിയ കർഷകസമരങ്ങൾ പൊട്ടിപ്പുറപ്പെട്ടിരിക്കുന്പോഴാണ് കേന്ദ്രത്തിന്റെ ഈ നിലപാട്. സംസ്ഥാനത്തെ കാർഷികവായ്പ എഴുതിത്തള്ളുന്നതിനു മഹാരാഷ്ട്ര സർക്കാർ 31,000 കോടി രൂപ കണ്ടെത്തേണ്ടിവരും.
ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥ് സർക്കാർ ഏപ്രിൽ നാലിനു ചേർന്ന കാബിനറ്റ് യോഗത്തിൽ 36,000 കോടി രൂപയുടെ കാർഷികവായ്പ എഴുതിത്തള്ളുന്നതായി പ്രഖ്യാപിച്ചിരുന്നു. തുടർന്നാണ് മഹാരാഷ്ട്ര, മധ്യപ്രദേശ്, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിൽ കർഷകർ സമാന ആവശ്യങ്ങൾ ഉന്നയിച്ചു രംഗത്തെത്തിയത്.
കാർഷികവായ്പ എഴുതിത്തള്ളുന്ന പദ്ധതികൾ നടപ്പാക്കുന്ന സംസ്ഥാന സർക്കാരുകൾ അതിനുള്ള സാന്പത്തിക സ്രോതസും സ്വയംകണ്ടെത്തണമെന്ന് അരുൺ ജയ്റ്റ്ലി പറഞ്ഞു.
ഈ വിഷയത്തിൽ കേന്ദ്രസർക്കാരിന്റെ നിലപാടിന്റെ കാര്യത്തിലും ഇതിൽ കൂടുതലൊന്നും പറയാനില്ലെന്നാണു ജയ്റ്റ്ലി പറഞ്ഞത്.
കാർഷിക കടം എഴുതിത്തള്ളൽ
₹ 71,680 കോടി
2008 ൽ യുപിഎ സർക്കാർ നടപ്പാക്കിയത്.
₹ 17,000 കോടി
2014 ൽ തെലുങ്കാനയിലെ ടിആർഎസ് സർക്കാർ എഴുതിത്തള്ളിയത്.
₹ 5,780 കോടി
2016ൽ തമിഴ്നാട്ടിൽ ജയലളിത സർക്കാർ പ്രഖ്യാപിച്ചത്.
₹ 36,000 കോടി
യുപിയിൽ യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചത്.
₹ 31,000 കോടി
മഹാരാഷ്ട്രയിൽ ഫഡ്നാവിസ് സർക്കാർ പ്രഖ്യാപിച്ചത്.
₹ 2,57,000 കോടി
2019ലെ തെരഞ്ഞെടുപ്പിനു മുൻപു സംസ്ഥാനങ്ങൾ എഴുതിത്തള്ളുമെന്ന് നിക്ഷേപ ബാങ്കായ ബാങ്ക് ഓഫ് അമേരക്ക മെറിൻ ലിഞ്ച് കണക്കാക്കുന്നത്.
പഞ്ചാബിലും കടം എഴുതിത്തള്ളുന്നു
പഞ്ചാബിലെ ചെറുകിടഇടത്തരം കർഷകരുടെ വായ്പ എഴുതിത്തള്ളുന്നതിനു തീരുമാനമായി. ജൂൺ 20നു സംസ്ഥാന ബജറ്റിൽ ഇതു സംബന്ധിച്ച പ്രഖ്യാപനമുണ്ടാകും. വായ്പ എഴുതിത്തള്ളുന്നതിനുള്ള നടപടിക്രമങ്ങൾക്കായി വിദഗ്ധ സമിതിയെ സംസ്ഥാന സർക്കാർ നിയോഗിച്ചു. കാർഷികകടം എഴുതിത്തള്ളുമെന്നത് അമരീന്ദർ സിംഗിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനമാണ്. 14 മുതൽ 23 വരെയാണു ബജറ്റ് സമ്മേളനം.