കൊല്ലപ്പെട്ട കെവിന്റെ വിധവ നീനു വീണ്ടും കോളേജിലേക്ക്

kevin

കൊല്ലപ്പെട്ട കെവിന്റെ വിധവ നീനു പതിനേഴാം നാള്‍ സങ്കടങ്ങളെ തോല്‍പ്പിച്ച്‌  വീണ്ടും കോളേജിലേക്ക്. ഇന്ന് രാവിലെ കെവിന്റെ അച്ഛന്‍ ജോസഫാണ് ബൈക്കില്‍ നീനുവിനെ കോളേജില്‍ കൊണ്ടുചെന്നാക്കിയത്. കെവിന്റെ മരണം കഴിഞ്ഞ ശേഷം ആദ്യമായാണ് നീനു പുറം ലോകത്തേക്കു ഇറങ്ങുന്നത്. രാവിലെ എണീറ്റ് പ്രാര്‍ത്ഥിച്ച ശേഷം കെവിന്റെ ഫോട്ടോയുടെ മുന്നില്‍ കുറച്ചുനേരം നിന്ന ശേഷമാണു നീനു തന്റെ ദിവസത്തിന് തുടക്കം കുറിച്ചത്. പഠിച്ച്‌ ജോലി വാങ്ങിയശേഷം കല്യാണം കഴിക്കാം എന്നുള്ളത് കെവിന്റെ തീരുമാനമായിരുന്നു. കെവിന്റെ ചേച്ചി കൊടുത്ത ഡ്രസ്സ് ധരിച്ചു കഴിഞ്ഞ് നീനു തയ്യാറായപ്പോഴേക്കും അമ്മ ചോറുകൊണ്ടുകൊടുത്തു. വീണ്ടും കോളേജില്‍ പോകാന്‍ എന്തെങ്കിലും നടപടിക്രമങ്ങളുണ്ടോ എന്ന് കോട്ടയം എസ് പി യോടു ജോസഫ് ചോദിച്ചിരുന്നു. അദ്ദേഹത്തിന്‍റെ നിര്‍ദേശപ്രകാരം കോട്ടയം ഗാന്ധിനഗര്‍ പൊലിസ് സ്റ്റേഷനിലേക്കായിരുന്നു ആദ്യം പോയത്. തുടര്‍ന്ന് കോളേജിലെത്തിയ ശേഷം ജോസഫും നീനുവിനോടൊപ്പം പ്രിന്‍സിപ്പലിനെ കാണുകയുണ്ടായി. കോളേജ് അധികൃതരും കൂട്ടുകാരും വളരെ സന്തോഷത്തോടെയാണ് സങ്കടക്കടലില്‍ നിന്നും കരകയറുന്ന നീനുവിനെ സ്വീകരിച്ചത്. പഠനം തുടരാന്‍ എന്തു സഹായവും അവര്‍ വാഗ്‌ദാനം ചെയ്യുകയുണ്ടായി. നീനു ക്ലാസ് റൂമിലേക്കു കയറിപ്പോകുന്നത് ജോസഫ് ഇത്തിരിനേരം നോക്കിനില്‍ക്കുകയുണ്ടായി. അവള്‍ പഠിക്കട്ടെ, ഇനി ഒരുപാടു ജീവിക്കാനുള്ളതല്ലേ..അതിനു വേണ്ടത് ഞങ്ങളാല്‍ ആവുന്നത് ചെയ്തുകൊടുക്കുമെന്നായിരുന്നു ജോസഫിന്റെ വാക്കുകള്‍.