കാണാതായ വിമാനത്തിലുണ്ടായിരുന്ന മലയാളികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി

dead

അരുണാചലില്‍ കാണാതായ വിമാനത്തിലുണ്ടായിരുന്ന മൂന്ന് മലയാളികള്‍ ഉള്‍പ്പടെ 13 സൈനികരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി. വിമാനം തകര്‍ന്നുവീണ സ്ഥലത്ത് നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

വിമാനത്തിന്‍റെ ബ്ലാക്ക് ബോക്സും കണ്ടെത്തിയിട്ടുണ്ട്. വിമാനം കാണാതായി 10 ദിവസത്തിന് ശേഷമാണ് വിമാനം തകര്‍ന്ന സ്ഥലത്ത് എത്താന്‍ തെരച്ചില്‍ സംഘത്തിനായത്.

എട്ട് പേരടങ്ങുന്ന തെരച്ചില്‍ സംഘം ഇന്ന് രാവിലെയോടെയാണ് വിമാനം തകര്‍ന്ന് വീണ സ്ഥലത്ത് എത്തിയത്. തുടര്‍ന്ന് നടത്തിയ വിശദമായ പരിശോധനയില്‍ 13 മൃതദേഹങ്ങളും കണ്ടെടുക്കുകയായിരുന്നു. മൃതദേഹങ്ങള്‍ ഹെലികോപ്ടറില്‍ വനപ്രദേശത്ത് നിന്ന് പുറത്തെത്തിക്കുമെന്ന് വ്യോമസേന അറിയിച്ചു.

എം.ഐ 17 ഹെലികോപ്ടര്‍ ഉപയോഗിച്ച് നടത്തിയ തെരച്ചിലില്‍ ചൊവ്വാഴ്ചയാണ് അരുണാചല്‍ പ്രദേശിലെ ലിപോയ്ക്ക് 16 കിലോമീറ്റര്‍ അകലെ എ.എന്‍ 32 വിന്‍റെ ഭാഗങ്ങള്‍ കണ്ടെത്തിയത്. എന്നാല്‍ നിരപ്പായ പ്രദേശമല്ലാത്തതിനാല്‍ ഹെലികോപ്ടറിന് ഇവിടെ ഇറങ്ങാന്‍ സാധിച്ചില്ല. തൊട്ടടുത്ത മറ്റൊരു സ്ഥലത്തെ എട്ടംഗ സംഘത്തെ ഇറക്കുകയും ഇവര്‍ കാല്‍നടയായി സ്ഥലത്ത് എത്തുകയുമായിരുന്നു. മരിച്ച വ്യോമസേന ഉദ്യോഗസ്ഥര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച വ്യോമസേന ഇവരുടെ ബന്ധുക്കള്‍ക്ക് വിവരങ്ങള്‍ കൈമാറിയതായും അറിയിച്ചു.

കണ്ണൂര്‍ അഞ്ചരക്കണ്ടി സ്വദേശി എന്‍ കെ ഷെരില്‍, കൊല്ലം സ്വദേശി അനൂപ് കുമാര്‍, തൃശൂര്‍ മുളങ്കുന്നത്തുകാവ് സ്വദേശി വിനോദ് എന്നിവരാണ് മരിച്ച മലയാളികള്‍.

കഴിഞ്ഞ മൂന്നിനാണ് അസമിലെ ജോര്‍ഹാട്ടില്‍ നിന്നും അരുണാചല്‍ പ്രദേശിലെ മച്ചാക്കുവിലേക്കുള്ള യാത്രാമധ്യേ എഎന്‍ 32 വിമാനം കാണാതായത്. ‌വിവിധ സേനാ വിഭാഗങ്ങളോടൊപ്പം ഐ.എസ്.ആര്‍.ഒ സാറ്റലൈറ്റ് വഴിയുള്ള തെരച്ചിലും നടത്തിയിരുന്നു.