നഴ്‌സുമാരുടെ പണിമുടക്കിന്റെ പശ്ചാത്തലത്തില്‍ തിങ്കളാഴ്ച മുതല്‍ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികള്‍ അടച്ചിടാന്‍ മാനേജുമെന്റുകള്‍ തീരുമാനിച്ചു. മിനിമം വേജസ് കമ്മിറ്റി നിശ്ചയിച്ച വേതന വര്‍ധന അംഗീകരിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കി സമരവുമായി മുന്നോട്ടുപോകാനുള്ള നഴ്‌സുമാരുടെ സംഘടനകളുടെ തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് സ്വകാര്യ ആശുപത്രികളുടെ തീരുമാനം. അടച്ചിടുന്ന സാഹചര്യത്തില്‍ അടിയന്തര ആവശ്യങ്ങളില്‍ അത്യാഹിത വിഭാഗം മാത്രം പ്രവര്‍ത്തിക്കുമെന്നാണ് മാനേജ്‌മെന്റുകള്‍ അറിയിച്ചിട്ടുള്ളത്.
ഈ മാസം 17 മുതല്‍ നഴ്‌സുമാര്‍ സമ്പുര്‍ണ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുകയാണ്.
അതേസമയം സുപ്രീം കോടതി നിശ്ചയിച്ച 20,000 രൂപ അടിസ്ഥാന ശമ്പളം നല്‍കാമെന്ന് അറിയിച്ചിട്ടുള്ള മാനേജ്‌മെന്റുകള്‍ക്ക് കീഴിലുള്ള ആശുപത്രികളെ പണിമുടക്കില്‍ നിന്നും ഒഴിവാക്കുമെന്ന് യുനൈറ്റഡ് നേഴ്‌സസ് അസോസിയേഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനായി ഈ മാസം 16 വരെയാണ് മാനേജ്‌മെന്റുകള്‍ക്ക് സമയം അനുവദിച്ചിട്ടുള്ളത്. പണിമുടക്ക് നോട്ടീസ് നല്‍കിയതിന് പിന്നാലെ ചില ആശുപത്രികള്‍ ആവശ്യങ്ങള്‍ അംഗീകരിച്ചിട്ടുണ്ടെന്ന് യു.എന്‍.എ അറിയിച്ചു.
സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാരുടെ സമരത്തില്‍ സര്‍ക്കാരിന് ഇനിയൊന്നും ചെയ്യാനില്ലെന്നാണ് ആരോഗ്യമന്ത്രി കെ.കെ. ശൈലജ ഏറ്റവുമൊടുവില്‍ വ്യക്തമാക്കിയിട്ടുള്ളത്. പ്രശ്‌നത്തില്‍ സര്‍ക്കാര്‍ കാര്യക്ഷമമായി ഇടപെട്ടുവെന്നും ആവുന്നതെല്ലാം ചെയ്തിട്ടും നഴ്‌സുമാര്‍ സമരത്തില്‍ നിന്ന് പിന്‍മാറുന്നില്ലെന്നാണ് മന്ത്രി പറഞ്ഞത്.
നഴ്‌സുമാരുടെ പണിമുടക്ക് ; സ്വകാര്യ ആശുപത്രികൾ തിങ്കളാഴ്ച്ച മുതൽ അടച്ചിടും
RELATED ARTICLES