നോബല്‍ പുരസ്‌കാര ജേതാവ് അമര്‍ത്യ സെന്നിനെ കുറിച്ചുള്ള ഡോക്യുമെന്ററിക്ക് സെന്‍സര്‍ ബോര്‍ഡ് വിലക്കേര്‍പ്പെടുത്തിയ സംഭവത്തില്‍ വിമര്‍ശനവുമായി മന്ത്രി എകെ ബാലന്‍ രംഗത്തെത്തി. മന്ത്രിയുടെ
ഫേസ്ബുക് പോസ്റ്റ് തുടർന്ന് വായിക്കുക
“വിലക്കിന്റെ രാഷ്ട്രീയം വീണ്ടും കലയിലും സാഹിത്യത്തിലും കടന്നുകയറുകയാണ്. സെന്‍സര്‍ ബോര്‍ഡിന്റെ സിനിമാ വിലക്ക് തുടരുന്നത് അംഗീകരിക്കനാകില്ല. നോബേല്‍ സമ്മാന ജേതാവ് അമര്‍ത്യാസെന്നിനെ കുറിച്ച് സുമന്‍ ഘോഷ് സംവിധാനം ചെയ്ത ‘ആര്‍ഗ്യുമെന്റേറ്റീവ് ഇന്ത്യന്‍’ എന്ന ഡോക്യുമെന്ററി സെന്‍സര്‍ബോര്‍ഡ് വിലക്കിയിരിക്കുകയാണ്. പശു, ഗുജറാത്ത്, ഹിന്ദു ഇന്ത്യ, ഇന്ത്യയെകുറിച്ചുള്ള ഹിന്ദുത്വ കാഴ്ചപ്പാട് എന്നൊന്നും പാടില്ലെന്നാണ് വിലക്ക്.
ഗുജറാത്ത് വംശഹത്യയെകുറിച്ച് അമര്‍ത്യാസെന്‍ സംസാരിക്കുന്നതില്‍ നിന്നും ഗുജറാത്ത് എന്ന വാക്ക് ഒഴിവാക്കണമത്രെ. ഡോക്യുമെന്ററിയില്‍ സമകാലിക ഇന്ത്യയെ കുറിച്ചുള്ള സംഭാഷണത്തിലാണ് അമര്‍ത്യാസെന്‍ ഈ വാക്കുകള്‍ ഉപയോഗിച്ചത്. ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുമേലുള്ള കേന്ദ്ര സര്‍ക്കാരിന്റെ കടന്നുകയറ്റത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണിത്. കലയും സാഹിത്യവും അതാത് സമയത്തെ രാഷ്ട്രീയമാണ് സംസാരിക്കുന്നത്. സമകാലിക ഇന്ത്യന്‍ രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്ന സിനിമകളാണ് ഈ അടുത്തകാലത്തായി വിലക്കിയത്.
നിലവിലെ രാഷ്ട്രീയത്തെ കുറിച്ച് സംസാരിച്ച കലാകാരന്‍മാരാണ് രാജ്യത്ത് അക്രമത്തിനിരയാകുന്നത്. കേരളാ അന്താരാഷ്ട്ര ഡോക്യുമെന്ററി ഷോര്‍ട് ഫിലിം ഫെസ്റ്റിവെലില്‍ മൂന്ന് ചിത്രങ്ങള്‍ ഇതേപോലെ വിലക്കിയിരുന്നു. രാജ്യത്ത് നിലനിന്നിരുന്ന രാഷ്ട്രീയകാലാവസ്ഥ പറയുന്ന സിനിമയായിരുന്നു ഇവ. കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ നിന്നും ജയന്‍ ചെറിയാന്റെ കാ ബോഡി സ്‌കേപ് വിലക്കിയതും ഇതേ രാഷട്രീയത്തിന്റെ പേരിലായിരുന്നു.
കേന്ദ്രസര്‍ക്കാരിന്റെ രാഷ്ട്രീയപ്രേരിതമായ നിലപാടുകള്‍ അടിച്ചേല്‍പ്പിക്കുന്നത് നാനാവിധ വൈവിധ്യങ്ങളുള്ള നമ്മുടെ രാജ്യത്തിന് ആപത്താണ്. കലാകാരന്‍മാര്‍ പറയുന്നത് ജനങ്ങളോടാണ്. ജനങ്ങള്‍ തീരുമാനിക്കട്ടെ അതിലെ തെറ്റും ശരിയും. ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററി 2002 മുതല്‍ 15 വര്‍ഷം കൊണ്ടാണ് ചിത്രീകരിച്ചത്. സെന്‍സര്‍ബോര്‍ഡിന്റെ വിലക്കിനെ അംഗീകരിക്കില്ലെന്നും ഡോക്യുമെന്ററിയില്‍ നിന്നും ഇത്തരം വാക്കുകളൊന്നും നീക്കം ചെയ്യാന്‍ സാധിക്കില്ലെന്നുമുള്ള സംവിധായകന്‍ സുമന്‍ ഘോഷിന്റെ നിലപാട് അഭിനന്ദനാര്‍ഹമാണ്. ഈ ഡിജിറ്റല്‍ യുഗത്തില്‍ വിലക്കിന്റെ രാഷ്ട്രീയം വിലപ്പോവില്ലെന്ന് ഇവര്‍ മനസിലാക്കണം.”