പതിമൂന്നൂകാരനെ ലൈംഗിക വേഴ്ചയ്ക് ഉപയോഗിച്ച അധ്യാപികയ്ക്കു 20 വർഷം തടവ്

prison

പതിമൂന്നൂകാരനെ ലൈംഗിക വേഴ്ചയ്ക് ഉപയോഗിച്ച അധ്യാപികയ്ക്കു 20 വർഷം തടവുശിക്ഷ. വിദ്യാർഥിയെ പലതവണ പീഡിപ്പിച്ച ഇരുപത്തെട്ടു കാരിയായ അധ്യാപികയെയാണ് വിധിച്ച് യുഎസ് കോടതി ശിക്ഷിച്ചത്. അരിസോണയിലെ ഗുഡ്‍‍ഡിയർ സ്വദേശിനി ബ്രിട്ട്നി സമോറയ്ക്കാണ് തടവുശിക്ഷ ലഭിച്ചത്. ‘ഞാൻ ഒരു തെറ്റ് ചെയ്തു, അതിൽ ഖേദിക്കുന്നു. എന്നാൽ ഈ സമൂഹത്തിന് ഒരുതരത്തിലും ഞാൻ ഭീഷണിയല്ല’– അധ്യാപിക വിചാരണയ്ക്കിടെ കോടതിയിൽ പറഞ്ഞു.

കഴിഞ്ഞ മാർച്ച് മുതൽ ബ്രിട്ട്നി ജയിലിലാണ്. ഈ 15 മാസങ്ങളും ശിക്ഷാ കാലാവധിയിൽ ഉൾപ്പെടും. ജയിലിൽനിന്നു പുറത്തിറങ്ങുന്ന ബ്രിട്ട്നിയെ ലൈംഗിക കുറ്റവാളിയായി റജിസ്റ്റർ ചെയ്യണമെന്നും കോടതി വ്യക്തമാക്കി.
ആറാം ക്ലാസ് വിദ്യാർഥിയെ പലതവണ പീഡിപ്പിച്ചതായി മാതാപിതാക്കൾ നൽകിയ പരാതിയിലാണ്, ‌ലാസ് ബ്രിസാസ് അക്കാദമിയിൽ അധ്യാപികയായ ബ്രിട്ട്നി സമോറ അറസ്റ്റിലായത്.

പ്രായപൂർത്തിയാകാത്ത വിദ്യാർഥിക്ക് അശ്ലീല സന്ദേശമയ്ക്കുക, ക്ലാസ്മുറിയിൽ മറ്റൊരു വിദ്യാർഥി നോക്കിനിൽക്കുമ്പോൾ ഉൾപ്പെടെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുക എന്നിവ ചെയ്തെന്നായിരുന്നു പരാതി. കുട്ടിയുടെ മൊബൈൽ ഫോണിൽ ഇൻസ്റ്റാൾ ചെയ്ത സെൻട്രി പേരന്റൽ കൺട്രോൾ എന്ന ആപ്പ് വഴിയാണ് അധ്യാപികയുടെ പ്രവൃത്തിയെപറ്റി മാതാപിതാക്കൾക്കു വിവരം ലഭിച്ചത്.

കുട്ടികളുടെ ഫോണിൽ സമൂഹമാധ്യമങ്ങളിലൂടെ ഉൾപ്പടെ ലഭിക്കുന്ന സംശയാസ്പദമായ സന്ദേശങ്ങൾ, ചിത്രങ്ങൾ, വിഡിയോകൾ എന്നിവയെക്കുറിച്ച് മാതാപിതാക്കൾക്ക് അറിയിപ്പു നൽകുന്ന ആപ്പാണിത്. അറിയിപ്പു ലഭിച്ചതിനെ തുടർന്നു കുട്ടിയെ ചോദ്യം ചെയ്തപ്പോഴാണ് അധ്യാപിക നിരന്തരം പീഡിപ്പിക്കുന്ന വിവരം കുട്ടി വെളിപ്പെടുത്തിയത്.

വർഷങ്ങളായി വേർപിരിഞ്ഞു കഴിയുന്ന കുട്ടിയുടെ അമ്മയും അച്ഛനും പിന്നീട് പൊലീസിൽ പരാതി നൽകുകയായിരുന്നു.
ബ്രിട്ട്നി സമോറ ഒരിക്കൽ സ്കൂളിൽനിന്ന് അവധിയെടുത്തതു മുതലാണ് കുട്ടിയുമായുള്ള അതിരുവിട്ട ബന്ധം തുടങ്ങുന്നത്. അവധിയെടുക്കുന്നതിനു മുന്നോടിയായി പഠനസംബന്ധമായ സംശയങ്ങൾ ചോദിക്കുന്നതിനു ‘ക്ലാസ് ക്രാഫ്റ്റ്’ എന്ന ആപ് വിദ്യാർഥികൾക്കു നൽകി. ഇതുവഴി കുട്ടിയും ബ്രിട്ട്നിയും നിരന്തരം സന്ദേശങ്ങൾ കൈമാറാൻ ആരംഭിച്ചു.

കൂടുതൽ അടുപ്പമായപ്പോൾ സമൂഹമാധ്യമങ്ങൾ വഴി കുട്ടിക്കു ബ്രിട്ട്നി തുടർച്ചയായി അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അയച്ചതായി മാതാപിതാക്കൾക്കു വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. അസ്വാഭാവിക ബന്ധം കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ സ്കൂളിലെ മൂന്നു വിദ്യാർഥികൾ അധ്യാപികയുടെയും കുട്ടിയുടെയും ബന്ധത്തിൽ അസ്വാഭാവികത ഉള്ളതായി അധികൃതർക്കു പരാതി നൽകിയിരുന്നു

. ക്ലാസിനിടയിൽ ബ്രിട്ട്നി ഈ കുട്ടിയോട് അമിത താൽപര്യം കാണിക്കുന്നതായും വിദ്യാർഥികൾ ചൂണ്ടിക്കാട്ടി. എന്നാൽ അപ്പോൾ വ്യക്തമായ തെളിവുകൾ ഇല്ലാതിരുന്നതിനാലാണു നടപടി സ്വീകരിക്കാതിരുന്നതെന്നു പ്രിൻസിപ്പൽ ടോം ഡിക്കി പറഞ്ഞു. ബ്രിട്ട്നിക്കു തെറ്റു പറ്റിയതായും മാപ്പുകൊടുക്കണമെന്നും അപേക്ഷിച്ചു കുട്ടിയുടെ മാതാപിതാക്കളെ കണ്ട ഭർത്താവിനെതിരെയും പരാതിയുണ്ട്. പ്രായപൂർത്തിയാകാത്ത കുട്ടിയുമായുള്ള അവിഹിത ബന്ധം അറിഞ്ഞിട്ടും പൊലീസിനെ അറിയിച്ചില്ലെന്ന കുറ്റമാരോപിച്ചാണ് ബ്രിട്ട്നിയുടെ ഭർത്താവ് ഡാനിയേലിനെതിരെ പരാതി നൽകിയത്.

ബ്രിട്ട്നി കുട്ടികളെ വളരെയധികം ഇഷ്ടപ്പെടുന്ന ഒരാളാണെന്നും മാതാപിതാക്കളെ ഇക്കാര്യം പറഞ്ഞു മനസ്സിലാക്കാൻ മാത്രമാണ് ശ്രമിച്ചതെന്നും ഡാനിയേൽ വിശദീകരിച്ചു. 16–ാം വയസ്സിൽ പ്രണയത്തിലായ ഡാനിയേലും ബ്രിട്ട്നിയും 2015–ലാണ് വിവാഹിതരായത്. ഇവർക്കു കുട്ടികളില്ല.