ഗൗരി ലങ്കേഷ് വധം ; 22 യുവാക്കള്‍ക്ക് തീവ്ര ഹിന്ദുത്വ സംഘടനകൾ ആയുധ പരിശീലനം നല്‍കിയിരുന്നു

gauri lankesh

മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയ തീവ്ര ഹിന്ദുത്വ സംഘടന കഴിഞ്ഞ വര്‍ഷങ്ങളില്‍ 22 യുവാക്കള്‍ക്ക് ആയുധ പരിശീലനം നല്‍കിയതായി കണ്ടെത്തി. ഗൗരി ലങ്കേഷ് വധം അന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘത്തിന് ഇതു സംബന്ധമായ തെളിവുകള്‍ ലഭിച്ചു. തോക്ക് ഉള്‍പ്പെടെ മാരകമായ ആയുധങ്ങള്‍ ഉപയോഗിക്കുന്നതിന് പരിശീലനം ലഭിച്ചവരില്‍ ഒരാളാണ് ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയയത്. ആര്‍എസ്എസില്‍ നിന്നും മറ്റു സംഘപരിവാര, ഹിന്ദുത്വ സംഘടനകളില്‍ നിന്നുമുള്ള 60ഓളം പേര്‍ ചേര്‍ന്നാണ് രാജ്യത്തെമ്പാടും സാഹിത്യകാരന്മാരെയും മറ്റു ബുദ്ധിജീവികളെയും കൊലപ്പെടുത്താനുള്ള സംഘത്തിനു രൂപംനല്‍കിയത്. ഈ സംഘത്തിന് പേരൊന്നും നല്‍കിയിരുന്നില്ല. ജനങ്ങളെ സ്വാധീനിക്കാന്‍ കഴിവുള്ള എതിര്‍ശബ്ദങ്ങളെ ഇല്ലായ്മ ചെയ്യുകയായിരുന്നു ലക്ഷ്യം. ഹിന്ദുത്വ, സംഘപരിവാര അജണ്ടകളെ എതിര്‍ക്കുന്നവരെ വര്‍ഗീയതയും വിദ്വേഷവും പ്രചരിപ്പിച്ച് ഒറ്റപ്പെടുത്തുകയാണ് ആദ്യം ചെയ്യുന്നത്. അതുവഴി കൊലപാതകങ്ങള്‍ക്കുള്ള വഴിയൊരുക്കും. ഇവരില്‍ ഭൂരിഭാഗം പേരെയും തിരിച്ചറിയാനോ, പിടികൂടാനോ കഴിഞ്ഞിട്ടില്ല. നിലവില്‍ നാലുപേരാണ് സംഘവുമായി ബന്ധപ്പെട്ട പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലുള്ളത്.
അമോല്‍ കാലെ, സജൂത്കുമാര്‍, രാജേഷ് ബംഗേര, ഭാരത് കുര്‍നെ എന്നിവര്‍. സനാതന്‍ സന്‍സ്ഥ, ഹിന്ദു ജനജാഗ്രതി സമിതി, ശിവപ്രതിഷ്ഠാന്‍ ഹിന്ദുസ്ഥാന്‍ എന്നീ സംഘടനകളില്‍ നിന്നുള്ളവരാണ് ഇവരെല്ലാം. ഗോവ, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലും ശൃംഖലയുണ്ട്. കഴിഞ്ഞദിവസം മഹാരാഷ്ട്രയില്‍ ഈ സംഘവുമായി ബന്ധപ്പെട്ടവരുടെ വീടുകളില്‍ നടത്തിയ റെയ്ഡില്‍ വന്‍തോതില്‍ സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയിരുന്നു. രാജ്യത്തെ പ്രധാന നഗരങ്ങളില്‍ സ്‌ഫോടനം നടത്തുകയായിരുന്നു ലക്ഷ്യം. 2019ലെ പൊതുതിരഞ്ഞെടുപ്പിനു മുമ്പ് രാജ്യത്ത് വര്‍ഗീയ ധ്രുവീകരണം സൃഷ്ടിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടക്കുന്നതിന്റെ സൂചനകളാണു പുറത്തുവരുന്നത്.