കൊലയാളി ഗെയിം മോമോ ചലഞ്ചിന് ക്ഷണം ലഭിച്ചതായി ആലപ്പുഴ സ്റ്റേഷനിൽ പരാതി

ബ്ലൂ വെയ്ല്‍ ചലഞ്ചിനുശേഷം ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ട കൊലയാളി ഗെയിം മോമോ ചലഞ്ചിന് ക്ഷണം ലഭിച്ചതായി പൊലീസില്‍ പരാതി. മോമോ ചലഞ്ചുമായി ബന്ധപ്പെട്ട് കേരളത്തില്‍ ലഭിക്കുന്ന ആദ്യ പരാതിയാണിതെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ആലപ്പുഴ സ്വദേശ ഷെമീറിനാണ് +1(512)4891229 എന്ന നമ്ബറില്‍ നിന്ന് വാട്‌സാപ്പിലൂടെ ക്ഷണം ലഭിച്ചത്. തിങ്കളാഴ്ച വൈകിട്ട് ഏഴിന് ആലപ്പുഴ കടപ്പുറത്തെത്തി ഗെയിമില്‍ പങ്കെടുക്കാനാണ് സന്ദേശത്തിലെ ക്ഷണം.  മോമോ ആണെന്നു പരിചയപ്പെടുത്തിയാണ് സന്ദേശം തുടങ്ങുന്നത്. ഗെയിമിനായി നിങ്ങളെ തെരഞ്ഞെടുത്തിരിക്കുന്നു എന്നും വാട്‌സാപ്പ് സന്ദേശത്തിലുണ്ട്. സന്ദേശത്തിന്റെ സ്‌ക്രീന്‍ ഷോട്ട് ഉള്‍പ്പെടെയാണ് പരാതി നല്‍കിയിരിക്കുന്നത്. ആരെങ്കിലും കബളിപ്പിക്കാന്‍ ചെയ്തതാണോയെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. സന്ദേശത്തിന്റെ ഉറവിടം സംബന്ധിച്ച്‌ സൈബര്‍ സെല്‍ പരിശോധിച്ചുവരികയാണെന്നും കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും നോര്‍ത്ത് സിഐ ഇ കെ സോള്‍ജിമോന്‍ പറഞ്ഞു. ഒരുമാസം മുൻപ് അര്‍ജന്റീനയില്‍ കൗമാരക്കാരി ആത്മഹത്യചെയ്തതിനു പിന്നില്‍ മോമോ ഗെയിം ചലഞ്ചാണെന്ന വിവരങ്ങള്‍ പുറത്തുവന്നതോടെയാണ് സംഭവം ലോകമാകെ ചര്‍ച്ചയാകുന്നത്. വ്യക്തിവിവരങ്ങള്‍ ഘട്ടംഘട്ടമായി ചോര്‍ത്തിയെടുത്ത് ഇതുപയോഗിച്ച്‌ ഭീഷണിപ്പെടുത്തി കളിക്കുന്നയാളെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നതാണ് ഗെയിമിന്റെ രീതിയെന്ന് പറയപ്പെടുന്നു. ഇതുസംബന്ധിച്ച്‌ കേരള പൊലീസ് കഴിഞ്ഞദിവസം ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. ആശങ്ക വേണ്ടെന്നും അവസരം മുതലെടുത്ത് ഭീതി ജനിപ്പിക്കാന്‍ ചിലര്‍ വ്യാജ നമ്പറുകളിൽ നിന്ന് സന്ദേശം അയക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു.