സംസ്ഥാനത്തെ പ്രളയബാധിത മേഖലയിലെ കുടുംബങ്ങള്‍ക്ക് മൂന്നുമാസം സൗജന്യ റേഷന്‍ നല്‍കുമെന്ന് ഭക്ഷ്യമന്ത്രി പി.തിലോത്തമന്‍. നിലവില്‍ സംസ്ഥാനത്ത് ഭക്ഷ്യധാന്യങ്ങള്‍ക്ക് ക്ഷാമമില്ല. അധികധാന്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിന് കത്തയച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.കനത്ത മഴയിലും വെള്ളപ്പൊക്കത്തെയും തുടര്‍ന്ന് സംസ്ഥാനത്തിന്റെ പല സ്ഥലങ്ങളിലും വൈദ്യുതി ബന്ധം നിലച്ചിരുന്നു. വൈദ്യുതി ഇല്ലാത്തതിനാല്‍ റേഷന്‍ നല്‍കാന്‍ കഴിഞ്ഞിരുന്നില്ല. കുട്ടനാട്ടിലായിരുന്നു ഇത് കൂടുതലായി ബാധിച്ചത്. വൈദ്യുതി മുടങ്ങിയതിനെ തുടര്‍ന്ന് പഞ്ചിംഗ് മെഷ്യനും നെറ്റ് കണക്ഷനും പ്രവര്‍ത്തിക്കാതായി. ഇത് പ്രവര്‍ത്തിക്കാത്തതിനാല്‍ റേഷന്‍ വ്യാപാരികള്‍ക്ക് റേഷന്‍ നല്‍കാന്‍ കഴിയില്ല. സാധാരണ ഗതിയില്‍ റേഷന്‍ ലഭിക്കണമെങ്കില്‍ കാര്‍ഡ് ഉടമയുടേയോ വീട്ടുകാരുടേയോ വിരല്‍ പഞ്ചിംഗ് മെഷിനില്‍ പതിയണം. വിരല്‍ പതിപ്പിക്കാന്‍ കഴിയാതെ വന്നതോടെ ദാരിദ്രരേഖയ്ക്ക് താഴെയുള്ളവര്‍ക്ക് അരി മേടിക്കാന്‍ മാര്‍ഗ്ഗമില്ലാത്ത അവസ്ഥയും വന്നിരുന്നു.
പാഠപുസ്തകങ്ങള്‍ നഷ്ടപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ പുസ്തകങ്ങള്‍ നല്‍കുമെന്ന ഉറപ്പ് നല്‍കി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫസര്‍ സി രവീന്ദ്രനാഥ്. ഒന്ന് മുതല്‍ 12-ാം ക്ലാസ്സുവരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് പുതിയ പാഠപുസ്തകങ്ങള്‍ ലഭിക്കുക.
മന്ത്രിയുടെ പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ ആവശ്യക്കാരായ വിദ്യാര്‍ത്ഥികളില്‍ നിന്ന് സ്‌കൂളിലെ പ്രഥമാധ്യാപകര്‍ വിവരങ്ങള്‍ ശേഖരിച്ച് ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫീസര്‍മാര്‍ മുഖാന്തിരം പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് സമര്‍പ്പിക്കേണ്ടതാണ്. വിദ്യാര്‍ത്ഥികള്‍ക്ക് പാഠപുസ്തകങ്ങള്‍ അടിയന്തിരമായി ലഭിക്കുന്നതിനു വേണ്ട നടപടികള്‍ സ്വീകരിക്കുന്നതിന് പൊതുവിദ്യാഭ്യാസ സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
പ്രളയത്തിലും കനത്ത മഴയിലും നിരവധി വിദ്യാര്‍ത്ഥികള്‍ക്കാണ് നാശങ്ങള്‍ സംഭവിച്ചത്. ഒരു പുസ്തകം പോലും ബാക്കിയില്ലാതെ ഒന്നടങ്കമാണ് കുത്തിയൊലിച്ചു വന്ന മലവെള്ളം കൊണ്ടുപോയത്. ഇവര്‍ക്ക് മന്ത്രിയുടെ വാക്കുകള്‍ ഏറെ ആശ്വാസം പകരുന്ന ഒന്നാണ്.