നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് പോലീസിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. നടിയെ ആക്രമിച്ച കേസിലെ അന്വേഷണം എന്നു തീരുമെന്ന് ഹൈക്കോടതി ആരാഞ്ഞു. കേസിലെ അന്വേഷണം സിനിമാ തിരക്കഥപോലെയാണോ എന്നും ഓരോ മാസവും ഓരോ പ്രതികളെ ചോദ്യം ചെയ്യുകയാണോ എന്നും ചോദിച്ച കോടതി സുനിലിനെ ചോദ്യം ചെയ്യുന്നത് വാർത്തകൾ സൃഷ്ടിക്കാനാണോ സംശയം പ്രകടിപ്പിച്ചു.
വാർത്തകൾ പരിധിവിട്ടാൽ ഇടപെടേണ്ടി വരുമെന്ന് വ്യക്തമാക്കിയ കോടതി ആരെയെങ്കിലും തൃപ്തിപ്പെടുത്താനാകരുത് ചോദ്യം ചെയ്യലെന്നും അറിയിച്ചു. കേസിന്‍റെ അന്വേഷണം രണ്ടാഴ്ചയ്ക്കുള്ളിൽ പൂർത്തിയാക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചു. ഇതിനു ശേഷം ദിലീപിനെതിരായ കുറ്റപത്രം സമർപ്പിക്കുമെന്നും ബെഹ്റ കോടതിയിൽ വ്യക്തമാക്കി.
കേസുമായി ബന്ധപ്പെട്ട് നടനും സംവിധായകനും ദിലീപിന്‍റെ സുഹൃത്തുമായ നാദിർഷയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് കോടതി പോലീസിനെ വിമർശിച്ചത്. നാദിർഷയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി ഈ മാസം 18 ലേക്ക് മാറ്റുകയും ചെയ്തു. ഇതിനു പുറമേ വെള്ളിയാവ്ച പത്തുമണിക്കു മുൻപ് നാദിർഷ പോലീസിനു മുൻപാകെ ഹാജരാകണമെന്നും കോടതി ഉത്തരവിട്ടു.