Wednesday, November 6, 2024
Homeപ്രാദേശികംപ്രളയക്കെടുതി: ജില്ലയില്‍ 250 പുതിയ വീടുകള്‍ക്ക് തറക്കല്ലിടുമെന്ന് ജില്ലാ കളക്ടര്‍

പ്രളയക്കെടുതി: ജില്ലയില്‍ 250 പുതിയ വീടുകള്‍ക്ക് തറക്കല്ലിടുമെന്ന് ജില്ലാ കളക്ടര്‍

പ്രളയക്കെടുതിയ്ക്ക് ശേഷം മൂന്ന് മാസം പിന്നിടുന്ന സാഹചര്യത്തില്‍ പ്രളയത്തില്‍ തകര്‍ന്ന 250 വീടുകള്‍ പുനര്‍നിര്‍മിക്കുന്നതിന് ഈ മാസം തന്നെ തറക്കല്ലിടുമെന്ന് ജില്ലാ കളക്ടര്‍ പി.ബി നൂഹ് പറഞ്ഞു. കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന് റീബില്‍ഡ് കേരള യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍. പ്രളയത്തില്‍ പൂര്‍ണമായും തകര്‍ന്നതോ 75 ശതമാനത്തില്‍ കൂടുതല്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചതോ ആയ വീടുകള്‍ അടുത്ത കാലവര്‍ഷത്തിനു മുമ്പായി നിര്‍മിച്ച് നല്‍കാനാണ് ലക്ഷ്യമിടുന്നത്. ഇതില്‍ 30 ശതമാനം മാര്‍ച്ച് ആദ്യവാരത്തോടെ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും ജില്ലാ കളക്ടര്‍ പറഞ്ഞു. വീടും ഭൂമിയും പൂര്‍ണമായും നഷ്ടപ്പെട്ട 16 കേസുകളും പൂര്‍ണമായും വീട് നഷ്ടപ്പെട്ട 910 കേസുകളുമാണ് ജില്ലയില്‍ ഉള്ളത്. വീടുകള്‍ സ്പോണ്‍സര്‍മാര്‍ മുഖേനയും സര്‍ക്കാര്‍ നേരിട്ടുമാണ് നിര്‍മിച്ചു നല്‍കുന്നത് . പഴയ വീട് നിലനിര്‍ത്തി ഭാഗികമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നില്ല എന്നും പൂര്‍ണമായ പുനര്‍നിര്‍മാണമാണ് നടക്കുന്നതെന്നും തഹസില്‍ദാര്‍മാര്‍ ഉറപ്പുവരുത്തണം. പ്രളയകാലത്ത് വെള്ളം കയറാനുള്ള സാധ്യത ഒഴിവാക്കിയും നിശ്ചിത മാതൃകയിലും അളിവിലുമാണ് നിര്‍മാണമെന്നും ഉറപ്പുവരുത്തും.

സഹകരണവകുപ്പ് 114 വീടുകള്‍ നിര്‍മിക്കും. 115 വീടുകള്‍ നിര്‍മിച്ചു നല്‍കുവാന്‍ സന്നദ്ധരായി വിവിധ സ്പോണ്‍സര്‍മാര്‍ രംഗത്തുണ്ട്. ഫ്രീ മാന്‍സക് കോഴഞ്ചേരി താലൂക്കില്‍ എഴിക്കാട് കോളനിയില്‍ 11 വീടുകള്‍ നിര്‍മ്മിച്ചു നല്‍കുന്നതിന് സമ്മതം അറിയിച്ചിട്ടുണ്ട്. ലയണ്‍സ് ക്ലബ് 54 വീടുകള്‍ നിര്‍മിച്ച് നല്‍കുന്നതിന് സമ്മതം അറിയിച്ചിട്ടുണ്ട്. വികെഎല്‍ ഗ്രൂപ്പ് സീതത്തോട്, ചിറ്റാര്‍, വടശ്ശേരിക്കര പഞ്ചായത്തുകളില്‍ ഉള്‍പ്പെട്ട ഗുണഭോക്താക്കള്‍ക്ക് 50 വീടുകള്‍ 3 ലക്ഷം രൂപ വീതം ചെലിവില്‍ നിര്‍മിച്ച് നല്‍കും. മുത്തൂറ്റ് ഫിനാന്‍സ് 50 വീടുകള്‍ നിര്‍മിച്ചു നല്‍കും. ചെങ്ങളത്ത് ക്വാറി 6 വീടുകളും റെഡ് ക്രോസ് 50 വീടുകളും നിര്‍മിച്ചു നല്‍കും. ഗോള്‍ഡന്‍ പ്രസ് കോഴഞ്ചേരി താലൂക്കില്‍ കിടങ്ങന്നൂര്‍ വില്ലേജില്‍ രണ്ട് വീടുകള്‍ നിര്‍മിച്ച് നല്‍കും. മലബാര്‍ ഗോള്‍ഡ് അഞ്ച് സെന്റ് ഭൂമിയില്‍ കൂടുതല്‍ ഇല്ലാത്ത 50 ഗുണഭോക്താക്കള്‍ക്ക് വീട് വയ്ക്കുന്നതിന് ഒരു ലക്ഷം രൂപ വീതം ധനസഹായം നല്‍കും. ജില്ലാ കാന്‍സര്‍ സൊസൈറ്റി ജില്ലയിലെ പ്രളയബാധിതരായ ക്യാന്‍സര്‍ രോഗികള്‍ക്കായി 6 വീടുകള്‍ നിര്‍മിച്ചു നല്‍കും. വീടുകളുടെ നിര്‍മാണം ആരംഭിക്കുന്നതിന് വീട് നഷ്ടപ്പെട്ടവരുടെ യോഗങ്ങള്‍ ബ്ലോക്ക് ഡവലപ്മെന്റ് ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം നടത്തും. ഇതിന്‍പ്രകാരം ഇന്ന് (14ന്) രാവിലെ 11 മണിയ്ക്ക് പുളിക്കീഴ് ബ്ലോക്കിലും കോയിപ്രം ബ്ലോക്കില്‍ ഉച്ചയ്ക്ക് 2 നും, നാളെ(15ന്) രാവിലെ 11ന് പന്തളം ബ്ലോക്കിലും ഉച്ചയ്ക്ക് 2ന് പറക്കോട് ബ്ലോക്കിലും, 16ന് രാവിലെ 11ന് ഇലന്തൂരിലും 2 മണിയ്ക്ക് മല്ലപ്പള്ളിയിലും, 17ന് രാവിലെ 11ന് കോന്നി ബ്ലോക്കിലും ഉച്ചയ്ക്ക് 2ന് റാന്നി ബ്ലോക്കിലും ബ്ലോക്ക്തല യോഗങ്ങള്‍ നടത്തും. കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ എഡിഎം പി.ടി എബ്രഹാം, തിരുവല്ല സബ് കളക്ടര്‍ ഡോ. വിനയ് ഗോയല്‍, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ എസ്. ശിവപ്രസാദ്, വിവിധ വകുപ്പ് മേധാവികള്‍, തദ്ദേശഭരണ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments