Friday, April 19, 2024
Homeപ്രാദേശികംപത്തനംതിട്ട ജില്ലയിലെ സ്കൂളുകളില്‍ അച്ചടക്കം കുറയുന്നു

പത്തനംതിട്ട ജില്ലയിലെ സ്കൂളുകളില്‍ അച്ചടക്കം കുറയുന്നു

പത്തനംതിട്ട ജില്ലയിലെ സ്കൂളുകളില്‍ അച്ചടക്കം കുറയുന്നതായി പ്രസ് ക്ലബ്ബില്‍ നടന്ന ശില്പശാലയില്‍ വിലയിരുത്തല്‍. ശ്രദ്ധയും സംരക്ഷണവും ആവശ്യമായ കുട്ടികളും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങളും എന്ന വിഷയത്തില്‍ നടന്ന ശില്പശാലയിലാണ് ഈ നിരീക്ഷണമുണ്ടായത്. പല സ്കൂളുകളിലും അധ്യാപകര്‍ കുട്ടികളുടെ അച്ചടക്കരാഹിത്യങ്ങളില്‍ ഇടപെടാന്‍ തയ്യാറാകുന്നില്ല. ഇതിന്‍റെ പ്രധാന കാരണം ബാലാവകാശ സംരക്ഷണ നിയമങ്ങളുടെ പേരില്‍ പലപ്പോഴും അധ്യാപകര്‍ നേരിടേണ്ടിവരുന്ന പീഡനങ്ങളാണ്. ഇളംതലമുറയ്ക്ക് വഴികാട്ടികളാകേണ്ടവരാണ് അധ്യാപകര്‍. ഇവരില്‍ ഭൂരിഭാഗവും ഈ കടമ നന്നായി നിര്‍വഹിക്കുന്നവരുമാണ്. വിരലിലെണ്ണാവുന്ന പെരുമാറ്റ വൈകല്യങ്ങളുള്ള ചില അധ്യാപകരുടെ പ്രവര്‍ത്തനങ്ങള്‍ അധ്യാപക സമൂഹത്തെ മൊത്തം പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന ഒരു സാഹചര്യമുണ്ടായി. ഈ സാഹചര്യത്തില്‍ പഠനം ഒഴിച്ച് കുട്ടികളുടെ മറ്റ് കാര്യങ്ങളിലൊന്നും തന്നെ ഇടപെടാന്‍ അധ്യാപകര്‍ തയ്യാറാകുന്നില്ല. പുതുതലമുറ രക്ഷിതാക്കളുടെ മനോഭാവത്തില്‍ മാറ്റം ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. രക്ഷിതാക്കളും അധ്യാപകരും കൂട്ടായി ശ്രമിച്ചാല്‍ മാത്രമേ കുട്ടികളെ നല്ലവരായി വളര്‍ത്തിയെടുക്കാന്‍ കഴിയൂ. ചെറിയ ശിക്ഷ നല്‍കിയെന്നതിന്‍റെ പേരില്‍ അധ്യാപകര്‍ക്കെതിരെ വാളോങ്ങുന്നവര്‍ സ്വന്തം കുട്ടികളുടെ ഭാവി തന്നെയാണ് നശിപ്പിക്കുന്നതെന്ന് അവര്‍ അറിയുന്നില്ല. കേരളത്തില്‍ ഒരു വര്‍ഷം 80000ല്‍ അധികം ആളുകളാണ് ആത്മഹത്യക്ക് ശ്രമിക്കുന്നത്. ഇതില്‍ 10 ശതമാനത്തോളം പേര്‍ മരണപ്പെടുന്നുണ്ട്. ഇതില്‍ കുട്ടികളും ഉള്‍പ്പെടുന്നു. മിക്ക കുട്ടികളും ആത്മഹത്യ ചെയ്യുന്നത് നിസാര കാര്യങ്ങള്‍ക്കാണ്. വിമര്‍ശനങ്ങളോ ശിക്ഷണ നടപടികളോ ഏല്‍ക്കാതെ വളരുന്ന ഇളംതലമുറ ചെറിയ പ്രശ്നങ്ങളില്‍പ്പോലും ആത്മഹത്യയിലേക്ക് പോകുന്ന അവസ്ഥയുണ്ട്. മുമ്പ് അധ്യാപകര്‍ വരുന്നു എന്നുപറഞ്ഞാല്‍ കുട്ടികള്‍ ഭയപ്പെട്ട് നിശബ്ദരായി ക്ലാസിലിരിക്കുമായിരുന്നു. ഇന്ന് കുട്ടികള്‍ വരുന്നു എന്നുകേട്ടാല്‍ അധ്യാപകര്‍ ഭയപ്പെടുന്ന ഒരു അവസ്ഥയായി മാറിയിട്ടുണ്ട്. ഇത് നമ്മുടെ സമൂഹത്തെ എവിടെക്കൊണ്ടെത്തിക്കും എന്നത് ചിന്തിക്കേണ്ട വിഷയമാണ്. പലപ്പോഴും യാഥാര്‍ഥ്യം മനസ്സിലാക്കാതെ രക്ഷിതാക്കളും പൊതു സമൂഹവും അധ്യാപകര്‍ക്കെതിരെ വാളോങ്ങാറുണ്ട്.
16 വയസ്സുള്ള ഒരു പെണ്‍കുട്ടിയുടെ ശല്യം സഹിക്കാനാകാതെ 26കാരനായ ഒരു യുവാവ് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയില്‍ അഭയം തേടിയ സാഹചര്യമുണ്ടായി. മറ്റൊരു കേസില്‍ 15 വയസ്സുള്ള ഒരു പെണ്‍കുട്ടിയെ വീട്ടിലുണ്ടാക്കുന്ന പ്രശ്നങ്ങള്‍ കാരണം അമ്മ അനാഥാലയത്തിലാക്കി. ഏറെ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന ഈ കുട്ടിയെ അവിടെ സംരക്ഷിക്കാന്‍ കഴിയാതെ വന്നതോടെ അച്ഛനെ ബന്ധപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ അദ്ദേഹത്തെ ബന്ധപ്പെടാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് അമ്മയെ ബന്ധപ്പെട്ടെങ്കിലും അവരും കുട്ടിയെ തിരികെ കൊണ്ടുപോകാന്‍ തയാറായില്ല. ഈ കുട്ടിയെ സര്‍ക്കാര്‍ മഹിളാമന്ദിരത്തില്‍ സംരക്ഷണത്തിനായി കൈമാറേണ്ട അവസ്ഥയുണ്ടായി.ഇത്തരത്തില്‍ പ്രശ്നങ്ങളുള്ള നിരവധി പെണ്‍കുട്ടികള്‍ വരെയുണ്ട്. സംസ്ഥാനത്തെ ആണ്‍കുട്ടികളില്‍ 52 ശതമാനവും പെണ്‍കുട്ടികളില്‍ 48 ശതമാനവും 18 വയസിന് മുമ്പ് ചെറുതോ വലുതോ ആയ ലൈംഗിക പീഡനങ്ങള്‍ക്ക് വിധേയരാകുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ആണ്‍കുട്ടികള്‍ പീഡനത്തിന് ഇരയാകുന്നത് ഒരിക്കലും പുറത്ത് വരാറില്ല. പെണ്‍കുട്ടികളുടെ കേസില്‍ ചെറിയൊരു ശതമാനം കേസുകളില്‍ സംഭവം പുറത്തുവന്ന് പ്രതികള്‍ ശിക്ഷിക്കപ്പെടാറുണ്ടെന്നും സെമിനാര്‍ വിലയിരുത്തി.
ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അംഗം ജോണ്‍ ജേക്കബ് വിഷയാവതരണം നടത്തി. ദേശാഭിമാനി സീനിയര്‍ റിപ്പോര്‍ട്ടര്‍ എബ്രഹാം തടിയൂര്‍ മോഡറേറ്ററായിരുന്നു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി.മണിലാല്‍, പ്രസ് ക്ലബ്ബ് പ്രസിഡന്‍റ് ബോബി എബ്രഹാം, സെക്രട്ടറി ബിജു കുര്യന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments