നോട്ട് നിരോധനം; വിവരം നൽകിയാൽ ജീവനു ഭീഷണി

പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച നോട്ട് നിരോധനത്തെപ്പറ്റി വിവരം നല്‍കാനാവില്ലെന്ന് ആര്‍ബിഐ വ്യക്തമാക്കി. ജീവനു ഭീഷണിയുണ്ടാവുമെന്നും രാജ്യസുരക്ഷയെ ബാധിക്കുമെന്നും കാണിച്ചാണ് ഇതുസംബന്ധിച്ച വിവരാവകാശ അപേക്ഷ ആര്‍ബിഐ ഉദ്യോഗസ്ഥര്‍ തള്ളിയത്.
ബ്ലൂംബെര്‍ഗ് ന്യൂസിന്റെ ചോദ്യങ്ങള്‍ക്കാണ് ആര്‍ബിഐയുടെ വിചിത്രമായ മറുപടി. നോട്ട് നിരോധനം സംബന്ധിച്ച്‌ 14 ചോദ്യങ്ങളാണ് ബ്ലൂംബെര്‍ഗ് ചോദിച്ചത്. എന്നാല്‍ വിവരം നല്‍കുന്നവര്‍ക്ക് ജീവനു ഭീഷണിയുണ്ടെന്നാണ് മറുപടി ലഭിച്ചത്.
നോട്ട് നിരോധന തീരുമാനം എടുത്തത് ആരാണെന്ന കാര്യത്തില്‍ പോലും ഇപ്പോഴും വ്യക്തതയില്ല.
പ്രധാനമന്ത്രി ഒറ്റയ്ക്കെടുത്ത തീരുമാനമാണെന്ന വാദം ഉയരുമ്ബോള്‍ മറ്റു മന്ത്രിമാരും ആര്‍.ബി.ഐയും അത് എതിര്‍ക്കുന്നുണ്ടെങ്കിലും കൃത്യമായ വിശദീകരണം നല്‍കാന്‍ ഇതുവരെ തയ്യാറായിട്ടില്ല.
റിസര്‍വ്വ് ബാങ്കിന്റെ ശുപാര്‍ശ കാബിനറ്റ് അംഗീകരിക്കുകയും പ്രധാനമന്ത്രി പ്രഖ്യാപിക്കുകയുമായിരുന്നുവെന്നാണ് ഊര്‍ജ്ജമന്ത്രി പിയൂഷ് ഗോയല്‍ പാര്‍ലമെന്റില്‍ പറഞ്ഞത്. അതേസമയം, പ്രധാനമന്ത്രി പ്രഖ്യാപിക്കുന്നതിനു വെറും മൂന്നു മണിക്കൂര്‍ മുന്‍പ് മാത്രമാണ് നോട്ട് നിരോധനത്തിന് ആര്‍ബിഐ ബോര്‍ഡ് അംഗീകാരം നല്‍കിയതെന്നാണ് വിവരാവകാശ നിയമപ്രകാരം ലഭിച്ച വിവരം.
ഈ വിവാദം തുടരുന്നതിനിടെയാണ് ചോദ്യങ്ങളില്‍ നിന്നെല്ലാം ആര്‍ബിഐ വിട്ടുനില്‍ക്കുന്നത്. വിവരം നല്‍കുന്നയാളുടെ ജീവന്‍ നഷ്ടപ്പെട്ടേക്കാമെന്നാണ് ഇപ്പോഴത്തെ വാദം.