യുദ്ധഭൂമിയില്‍ അനേകം സൈനികരുടെ ജീവനെടുക്കുന്ന കുഴിബോംബുകള്‍ നിര്‍വീര്യമാക്കുന്ന ഡ്രോണ്‍ വികസിപ്പിച്ച് ഗുജറാത്തിലെ പത്താംക്ലാസുകാരന്‍. വെറും 14 വയസുള്ള ഹര്‍ഷവര്‍ദ്ധന്‍ സാല എന്ന ബാലപ്രതിഭയുടെ കണ്ടുപിടുത്തത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ ഗുജറാത്ത് സര്‍ക്കാര്‍ വ്യവസായിക അടിസ്ഥാനത്തില്‍ ഡ്രോണ്‍ നിര്‍മ്മിക്കാനായി അഞ്ചു കോടി രൂപയുടെ കരാര്‍ ഒപ്പിട്ടിരിക്കുകയാണ്.
കുഴിബോംബുകള്‍ മൂലം ധാരാളം സൈനികരുടെ ജീവന്‍ പൊലിയുന്നതായി കഴിഞ്ഞ വര്‍ഷം പത്രത്തില്‍വന്ന ഒരു വാര്‍ത്തയാണ് ഹര്‍ഷവര്‍ദ്ധനെ ഡ്രോണ്‍ വികസിപ്പിക്കാന്‍ പ്രേരിപ്പിച്ചത്.
കുഴി ബോംബുകള്‍ കണ്ടെത്തുന്ന റോബോട്ടിനെയാണ് ഹര്‍ഷവര്‍ദ്ധന്‍ ആദ്യം വികസിപ്പിച്ചത്. എന്നാല്‍ ഇതിന് ഭാരം കൂടുതലായിരുന്നു. കുഴിബോംബുകള്‍ക്ക് മുകളിലെത്തുമ്ബോള്‍ സ്ഫോടനം നടന്ന് റോബോട്ടിനു തന്നെ കേടുപാടുകള്‍ ഉണ്ടായി. ആകാശത്തുനിന്ന് കുഴിബോംബുകള്‍ കണ്ടെത്താന്‍ പറ്റുന്ന ഡ്രോണ്‍ നിര്‍മ്മിക്കുകയെന്ന ആശയം ഇതിനു പിന്നാലെയാണ് ഉടലെടുത്തത്. ഡ്രോണിന്റെ അന്തിമ രൂപത്തിന് ഏകദേശം അഞ്ചു ലക്ഷം രൂപ ചെലവായി. ഗുജറാത്ത് സര്‍ക്കാരിന്റെ സഹായവും ഇതിനു ലഭിച്ചു.
അടുത്തിടെ സമാപിച്ച വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിക്കിടെയാണ് ഡ്രോണ്‍ വ്യാവസായിക അടിസ്ഥാനത്തില്‍ നിര്‍മ്മിക്കാനുള്ള കരാര്‍ സര്‍ക്കാര്‍ ഹര്‍ഷവര്‍ദ്ധനുമായി ഉണ്ടാക്കിയത്.
ആകാശത്തു പറക്കുന്ന ഡ്രോണ്‍ ഇന്‍ഫ്രാറെഡ് രശ്മികളുപയോഗിച്ചാണ് കുഴിബോംബിന്റെ സാന്നിധ്യം കണ്ടെത്തുന്നത്. തുടര്‍ന്ന് 50 ഗ്രാം ഭാരമുള്ള സ്ഫോടകവസ്തു വിക്ഷേപിച്ച് കുഴിബോംബിനെ തകര്‍ക്കും. കുഴിബോംബുകള്‍ നിര്‍വീര്യമാക്കാന്‍ സൈന്യം ഇപ്പോള്‍ ഉപയോഗിക്കുന്ന സംവിധാനത്തെക്കാള്‍ വളരെ ചിലവു കുറവാണ് തന്റെ ഡ്രോണിനെന്ന് ഹര്‍ഷവര്‍ദ്ധന്‍ പറഞ്ഞു.
അഹമ്മദാബാദിലെ സര്‍വോദയ വിദ്യാമണ്ഡ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ ഹര്‍ഷവര്‍ദ്ധന് കുഞ്ഞുനാള്‍ മുതല്‍ ശാസ്ത്രത്തിലും കണ്ടുപിടിത്തത്തിലും ഏറെ താത്പര്യമുണ്ടായിരുന്നു. ഏറോബാറ്റിക്സ് -7 എന്ന പേരില്‍ സ്വന്തം കമ്ബനി ആരംഭിച്ചിരിക്കുന്ന ഈ പ്രതിഭ ഡ്രോണിനു സമാനമായ കൂടുതല്‍ ഉപകരണങ്ങള്‍ വികസിപ്പിക്കാനുള്ള പദ്ധതിയിലാണ്.
കുഴിബോംബുകള്‍ കണ്ടെത്തി നിര്‍വീര്യമാക്കുന്ന ഡ്രോണ്‍- കണ്ടുപിടിച്ചതു 10 ക്‌ളാസ്സുകാരൻ
RELATED ARTICLES