ബ്യൂട്ടി പാര്‍ലറിനു നേരേ വെടിവെയ്പ്പ്; രവി പൂജാരി ഇടനിലക്കാരെ ഉപയോഗിച്ചെന്ന് കൊച്ചി പോലീസ്

Leena MAria Paul

കൊച്ചിയിൽ ബ്യൂട്ടി പാര്‍ലറിനു നേരേ നടത്തിയ വെടിവെയ്പ്പ് മുംബൈ അധോലോക കുറ്റവാളി രവി പൂജാരി ഇടനിലക്കാരെ ഉപയോഗിച്ചാണ് നടത്തിയതെന്ന് കൊച്ചി സിറ്റി പൊലീസിന്റെ കണ്ടെത്തൽ. വെടിയുതിർത്തവർക്ക് രവി പൂജാരിയെ പരിചയമില്ലെന്നും പോലീസ് പറയുന്നു. എങ്കിലും അധികം വൈകാതെ ഇവരെ തിരിച്ചറിയുമെന്ന് അന്വേഷണസംഘം പറയുന്നു.

ബ്യൂട്ടി പാര്‍ലറിനു നേരേ നടത്തിയ വെടിവെയ്പ്പ് സംഭവത്തിന് നാളെ ഒരുമാസം തികയാനിരിക്കേ നടി ലീന മരിയ പോളിന്‍റെ അഭിഭാഷകനെ ഭീഷണിപ്പെടുത്തി രവി പൂജാരി വീണ്ടും രംഗത്തെത്തി. അഭിഭാഷകനായ സി സി തോമസിനോട് ലീന മരിയ പോളിന്‍റെ കേസില്‍ ഇടപെടരുതെന്ന് രവി പൂജാരിയുടെ ആവശ്യം. ദാവൂദിന്‍റെ സംഘത്തെ സഹായിച്ച അഭിഭാഷകനെ മംഗലാപുരത്ത് താന്‍ വധിച്ചിരുന്നു. ലീനയെ സഹായിച്ചാല്‍ ആ അവസ്ഥയുണ്ടാകുമെന്നും ഭീഷണിയുണ്ട്. ഡിസംബര്‍ 15നായിരുന്നു നടി ലീന മരിയ പോളിന്‍റെ പനമ്ബളളി നഗറിലെ ബ്യൂട്ടി പാലര്‍റില്‍ അജ്ഞാതര്‍ വെടിയുതിര്‍ത്തത്. ബൈക്കിലെത്തിയ രണ്ടംഗസംഘത്തെ പിടികൂടാന്‍ ഒരുമാസമായിട്ടും കഴിഞ്ഞില്ല. താനാണ് കൃത്യത്തിന് പിന്നിലെന്ന് മുംബൈ അധോലോക കുറ്റവാളി രവി പൂജാരി വെളിപ്പെടുത്തായതോടെയാണ് അന്വേഷണം ആ വഴിക്ക് നീണ്ടത്.

രവി പൂജാരി തന്നെയാണ് കൃത്യത്തിന് പിന്നിലെന്ന് ഉറപ്പിച്ചതായും അന്വേഷണസംഘം അറിയിച്ചു. ചില ഇടനിലക്കാര്‍ വഴിയാണ് ബ്യൂട്ടി പാലര്‍റില്‍ വെടിവയ്പ്പ് നടത്തിയത്. കൃത്യത്തിനെത്തിയവരെ രവി പൂജാരിക്ക് അറിയില്ല. വെടിയുതിര്‍ത്തവ‍ര്‍ക്കും ആസൂത്രകന്‍ രവി പൂജാരിയെന്ന് അറിവുണ്ടായിരുന്നില്ല. മുംബൈയിലും മംഗലാപുരത്തും മുൻപ് നടത്തിയ കൃത്യങ്ങള്‍ക്ക് സമാനമാണ് കൊച്ചിയിലേതെന്നും അന്വേഷണ സംഘം പറയുന്നു. തങ്ങള്‍ ശരിയായ ദിശയിലാണെന്നും വെടിയുതിര്‍ത്ത രണ്ടുപേരെയും ഉടന്‍ തിരിച്ചറിയാനാകുമെന്നും പൊലീസ് അറിയിച്ചു. ബ്യൂട്ടി പാര്‍ലര്‍ ഉടമ ലീന മരിയ പോള്‍ നിലവില്‍ അന്വേഷണത്തോട് സഹകരിക്കുന്നില്ല. സത്യങ്ങള്‍ അറിയാവുന്നതുകൊണ്ടാണ് അവര്‍ മൊഴി കൊടുക്കാന്‍ എത്താത്തതെന്ന് രവി പൂജാരി പറഞ്ഞതായാണ് വിവരം. നടിയുമായോ അവരുടെ ഭര്‍ത്താവുമായോ ബന്ധപ്പെട്ട ചില സാമ്പത്തിക ഇടപാടുകളാണ് വെടിവയ്പ്പിന് കാരണമെന്നാണ് പോലീസ് നിഗമനം.