ജനങ്ങളുടെ പ്രതികരണം അറിയാൻ ‘നമോ ആപ്പ്’ മായി പ്രധാനമന്ത്രി; ലക്‌ഷ്യം തെരഞ്ഞെടുപ്പ്

ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തതോടെയാണ്, തന്റെ ഭരണത്തെക്കുറിച്ചുള്ള ജനങ്ങളുടെ പ്രതികരണം അറിയുക ലക്ഷ്യംവെച്ച് പ്രധാനമന്ത്രി തന്നെ രംഗത്തിറങ്ങിയത്. ജനങ്ങളുടെ പ്രതികരണം രേഖപ്പെടുത്തുന്ന ഈ സര്‍വേ നടത്തുന്നത് ‘നമോ ആപ്പ്’ വഴിയാണ്.നിങ്ങളുടെ അഭിപ്രായം എന്തായാലും രേഖപ്പെടുത്തുക. അത് പ്രധാന തീരുമാനങ്ങളെടുക്കുമ്പോള്‍ ഞങ്ങള്‍ക്ക് സഹായകമാകും. നിങ്ങള്‍ ഈ സര്‍വേ ഫോം പൂര്‍ണമായും പൂരിപ്പിക്കുക. മറ്റുള്ളവരെ അതിന് പ്രേരിപ്പിക്കുകയും ചെയ്യുക- എന്നാണ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ മോദി ജനങ്ങളോട് സംവദിച്ചിരിക്കുന്നത്.

പുതിയ രാഷ്ട്രീയസഖ്യങ്ങളെക്കുറിച്ചും സര്‍വേയില്‍ ചോദ്യങ്ങളുണ്ട്. പുതിയ സഖ്യം നിങ്ങളുടെ മേഖലയില്‍ സ്വാധീനമുണ്ടാക്കുമെന്ന് കരുതുന്നുണ്ടോ എന്നാണ് പ്രധാനമന്ത്രിയുടെ ചോദ്യം. സ്മാര്‍ട്ട് ഫോണുള്ളവര്‍ക്കാര്‍ക്കും നമോആപ്പ് വഴി ഈ സര്‍വേയില്‍ പങ്കെടുക്കാം. ആരോഗ്യസുരക്ഷ, കര്‍ഷകരുടെ ഉന്നമനം, തൊഴിലവസരങ്ങള്‍, വിദ്യാഭ്യാസം, ക്രമസമാധാനപാലനം, വിലക്കയറ്റം, അഴിമതി, സ്വച്ഛ്ഭാരത്, ദേശസുരക്ഷ തുടങ്ങി നിരവധി കാര്യങ്ങളില്‍ ജനങ്ങള്‍ക്ക് ഈ സര്‍വേ വഴി നേരത്തെ തന്നെ അഭിപ്രായം രേഖപ്പെടുത്താന്‍ സാധിക്കുമായിരുന്നു. ഇപ്പോള്‍ മോദി സര്‍ക്കാരിന്റെ നാലുവര്‍ഷത്തെ ഭരണത്തിന് ഈ മെയ് മാസത്തോട് കൂടി അവസാനമാകാനിരിക്കുമ്പോഴാണ് ഭരണത്തെ കുറിച്ചുള്ള ജനങ്ങളുടെ അഭിപ്രായമറിയാനും നമോ ആപ്പ് ഉപയോഗപ്പെടുത്തുന്നത്. ജനങ്ങളുടെ നിലപാടുകള്‍ മനസ്സിലാക്കാനും വരുന്ന പൊതുതെരഞ്ഞെടുപ്പില്‍ പാര്‍ട്ടി നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങളെന്തെല്ലാമെന്ന് തിരിച്ചറിയാനും സര്‍വേ സഹായിക്കുമെന്നാണ് പ്രതീക്ഷ. സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ വരെ ചിലപ്പോള്‍ സര്‍വേ സ്വാധീനിച്ചേക്കുമെന്നും വിലയിരുത്തലുണ്ട്. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ് എന്നിവിടങ്ങളില്‍ പരാജയപ്പെട്ടതും, ഉത്തര്‍പ്രദേശില്‍ പുതിയ ബി.എസ്.പി-എസ്.പി സഖ്യ രൂപീകരിക്കുകയും ചെയ്തതോടെ അതിജാഗ്രതയോടെയാണ് ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ മുന്നേറുന്നത്.