Tuesday, April 23, 2024
HomeNationalപെട്രോള്‍ പമ്പുകളില്‍ അരങ്ങേറുന്ന തട്ടിപ്പുകള്‍ക്കെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

പെട്രോള്‍ പമ്പുകളില്‍ അരങ്ങേറുന്ന തട്ടിപ്പുകള്‍ക്കെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

പെട്രോള്‍ പമ്പുകളില്‍ അരങ്ങേറുന്ന തട്ടിപ്പുകള്‍ക്കെതിരെ അഭിഭാഷകന്‍ സുപ്രീം കോടതിയില്‍. ഉപഭോക്താക്കളില്‍ നിന്നും വാങ്ങുന്ന പണത്തിന് അര്‍ഹമായതിനേക്കാള്‍ കുറഞ്ഞ അളവിലാണ് നിലവില്‍ പെട്രോള്‍ പമ്പുകളില്‍ പെട്രോള്‍ നല്‍കുന്നതെന്ന് കാണിച്ചാണ് അഭിഭാഷകന്‍ അമിത് സാനി സുപ്രീംകോടതിയെ സമീപിച്ചത്. തട്ടിപ്പുകള്‍ തടയാനുള്ള നടപടി കൈക്കൊള്ളണമെന്നും പമ്പുകളില്‍ ഇന്ധനത്തിന്റെ വിതരണം സുതാര്യമാക്കണമെന്നും കേന്ദ്ര പെട്രോളിയം മന്ത്രാലത്തിനോട് ആവശ്യപ്പെടണമെന്ന് ഹര്‍ജിയില്‍ പറയുന്നു. അഭിഭാഷകയായ പ്രീതി വഴിയാണ് സാനി ഹര്‍ജി നല്‍കിയത്.

നിലവില്‍ രാജ്യവ്യാപകമായി പമ്പുകളില്‍ ഉപയോഗിക്കുന്ന കറുത്ത ഹോസ്പൈപ്പുകളിലൂടെ ഇന്ധനം ഒഴുകുന്നത് ഉപഭോക്താവിന് കാണാന്‍ കഴിയുന്നില്ല. സുതാര്യക്കുവേണ്ടി കറുത്ത പൈപ്പുകള്‍ക്കു പകരം ട്രാന്‍സ്പെരന്റ് പൈപ്പുകള്‍ ഉപയോഗിക്കാന്‍ നിര്‍ദേശമുണ്ടാകണം. അടുത്തിടെ പഞ്ചാബില്‍ കാറില്‍ ഫുള്‍ടാങ്ക് ഇന്ധനമടിച്ച് തട്ടിപ്പിനിരയായ സംഭവം ഹര്‍ജിയില്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. വിവിധ തരത്തിലുള്ള തട്ടിപ്പുകളാണ് രാജ്യവ്യാപകമായി പമ്പുകളില്‍ നടക്കുന്നതെന്ന് ഹര്‍ജിയിലുണ്ട്. വിതരണം ചെയ്യുന്ന ഇന്ധനത്തിന്റെ തോത് കുറക്കാന്‍ മെഷീനുകളില്‍ മൈക്രോ ചിപ്പുകള്‍ ഉപയോഗിക്കുന്നു, ഡിസ്പെന്‍സറിനകത്തെ ഐസി കാര്‍ഡുകളും മറ്റുമുപയോഗിച്ച് കേടുവരുത്തി പുറത്തേക്കു വരുന്ന ഇന്ധനത്തിന്റെ അളവ് കുറക്കുന്നു, ചിലയിടങ്ങളില്‍ ഉപഭോക്താവ് ശ്രദ്ധിക്കുന്നില്ലെങ്കില്‍ റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ചു വരെ കൃത്രിമം നടത്തുന്നു തുടങ്ങിയ ആരോപണങ്ങള്‍ ഹര്‍ജിയിലുണ്ട്. 2017-ല്‍, പെട്രോള്‍ പമ്പുകളില്‍ മിന്നല്‍ പരിശോധന നടത്താന്‍ കേന്ദ്ര പെട്രോളിയം മന്ത്രി സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയെങ്കിലും ഇത് നടപ്പായില്ലെന്നും സാനി പറയുന്നു.

ഇന്ധനം വിതരണം ചെയ്യാന്‍ കറുത്ത ഹോസ് പൈപ്പുകള്‍ക്കു പകരം ട്രാന്‍പെരന്റ് പൈപ്പുകള്‍ ഉപയോഗിക്കണമെന്നു ചൂണ്ടിക്കാട്ടി കഴിഞ്ഞ വര്‍ഷം സാനി കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന് കത്തയച്ചിരുന്നു. പെട്രോള്‍ വിതരണ യന്ത്രത്തോടൊപ്പം സുതാര്യമായ ഡിസ്പെന്‍സര്‍ ഘടിപ്പിക്കണമെന്നും നല്‍കിയ തുകക്കുള്ള ഇന്ധനം ആദ്യം ഡിസ്പെന്‍സറില്‍ നിറഞ്ഞ ശേഷം മാത്രം വാഹനത്തിലേക്ക് പോകുന്ന തരത്തില്‍ ക്രമീകരിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ അത് പരിഗണിക്കാതിരുന്നതോടെയാണ് ഇപ്പോള്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments