വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കും

പുതിയ വൈദ്യുതി കണക്ഷന്‍ ഓണ്‍ലൈന്‍ വഴി

വൈദ്യുതിനിരക്ക് വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. റെഗുലേറ്ററി കമ്മിഷനില്‍ ധാരണയായതിനെ തുടര്‍ന്ന് ഈയാഴ്ച തന്നെ പുതുക്കിയ നിരക്ക് പ്രഖ്യാപിക്കും.അടുത്ത നാലുവര്‍ഷം രണ്ടുതവണയായി 7000 കോടിയുടെ അധികവരുമാനം ലഭിക്കുന്നവിധത്തില്‍ നിരക്ക് കൂട്ടണമെന്നാണ് ബോര്‍ഡിന്റെ ആവശ്യം. ഉപയോഗിച്ചാലും ഇല്ലെങ്കിലും നല്‍കേണ്ട ഫിക്‌സഡ് ചാര്‍ജും കൂട്ടണമെന്ന് ധാരണയായിട്ടുണ്ട്. ഇവ രണ്ടും ചേര്‍ത്ത് ഈ വര്‍ഷവും അടുത്തവര്‍ഷവും 10 ശതമാനവും 2020-21ല്‍ ഏഴുശതമാനവും ഉയര്‍ന്ന നിരക്കാണ് ബോര്‍ഡ് ആവശ്യപ്പെട്ടത്. എന്നാല്‍ എത്ര ശതമാനം വര്‍ധനവ് വരുത്തണമെന്ന കാര്യത്തില്‍ അന്തിമ തീരുമാനമായില്ല. ഇതുസംബന്ധിച്ച് ചര്‍ച്ച തുടരുകയാണ്. എന്നാല്‍, വൈദ്യുതി ബോര്‍ഡ് ആവശ്യപ്പെട്ട വിധത്തിലുള്ള വന്‍ വര്‍ധനവ് അനുവദിക്കില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പ് കൂടി അടുത്ത സാഹചര്യത്തില്‍ നിരക്ക് വര്‍ധിപ്പിക്കുന്നത് സര്‍ക്കാരിനെ ദോഷകരമായി ബാധിക്കുമെന്നാണു വിലയിരുത്തല്‍. നേരത്തേ, റെഗുലേറ്ററി കമ്മിഷന്‍ നടത്തിയ തെളിവെടുപ്പില്‍ നിരക്ക് കൂട്ടുന്നത് ഉപഭോക്താക്കള്‍ എതിര്‍ത്തിരുന്നു. എന്നാല്‍, ബോര്‍ഡിന്റെ നഷ്ടം കണക്കിലെടുത്ത് നിരക്ക് വര്‍ധിപ്പിക്കണമെന്ന ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു. ഇക്കഴിഞ്ഞ ജനുവരി ഒന്നുമുതലാണ് പുതിയ നിരക്ക് നിലവില്‍ വരേണ്ടിയിരുന്നത്. എന്നാല്‍, നിരക്ക് പരിഷ്‌കരണ നടപടികള്‍ പൂര്‍ത്തിയാവാത്തതിനാല്‍ വൈകുകയും നിലവിലുള്ള നിരക്കിന്റെ പ്രാബല്യം മാര്‍ച്ച് വരെ നീട്ടുകയും ചെയ്തു. ഈമാസം 18ന് പ്രഖ്യാപിക്കുന്ന പുതിയ നിരക്കിന് ഈ മാസം ഒന്നുമുതല്‍ മുന്‍കാലപ്രാബല്യം നല്‍കാനും സാധ്യതയുണ്ടെന്നാണു വിവരം.