കെഎസ്‌ആര്‍ടിസി;16 ന് അര്‍ധരാത്രി മുതല്‍ അനിശ്ചിതകാല പണിമുടക്ക്

ksrtc

കെഎസ്‌ആര്‍ടിസിയിലെ ശമ്പള പരിഷ്കരണം, ക്ഷാമബത്ത തുടങ്ങിയ വിഷയങ്ങളില്‍ സര്‍ക്കാര്‍ ഉറപ്പു പാലിച്ചില്ലെന്ന് ആരോപിച്ച്‌ ഭരണ, പ്രതിപക്ഷ യൂണിയനുകള്‍ 16 ന് അര്‍ധരാത്രി മുതല്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്. പിരിച്ചുവിട്ട താല്‍ക്കാലിക ജീവനക്കാരെ തിരിച്ചെടുക്കണമെന്ന ആവശ്യവും സംയുക്ത ട്രേഡ് യൂണിയന്‍ സമിതി ഉന്നയിക്കുന്നുണ്ട്. 6% ക്ഷാമബത്ത ഡിസംബറില്‍ അനുവദിക്കുമെന്നും ശമ്പള പരിഷ്കരണ ചര്‍ച്ച ഉടനുണ്ടാകുമെന്നും ഉറപ്പു നല്‍കിയെങ്കിലും ഇടക്കാലാശ്വാസം പോലും നല്‍കിയില്ലെന്നു യൂണിയനുകള്‍ ആരോപിച്ചു. അശാസ്ത്രീയ ഡ്യൂട്ടി പാറ്റേണ്‍, ഷെഡ്യൂളിങ് എന്നിവ പിന്‍വലിക്കണമെന്നും ആവശ്യമുണ്ട്. 16 ന് അര്‍ധരാത്രിക്കു ശേഷം എല്ലാ കെഎസ്‍ആര്‍ടിസി സര്‍വീസുകളും മുടങ്ങുമെന്നാണു സൂചന. കഴിഞ്ഞ ഒക്ടോബറില്‍ നടത്താനിരുന്ന പണിമുടക്ക് മന്ത്രിമാരായ എ.കെ. ശശീന്ദ്രന്‍, ടി.പി. രാമകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയിലെ ഒത്തുതീര്‍പ്പ് വ്യവസ്ഥകളിന്മേല്‍ മാറ്റി വച്ചിരുന്നു.