ഫ്‌ളോറിഡാ: 2016 ലെ മിസ്സ് ഫ്‌ളോറിഡാ കാരിന്‍ ടര്‍ക്കിനെ ജയിലിലടയ്ക്കാന്‍ ജനുവരി 9 വ്യാഴാഴ്ച വെസ്റ്റ് ഫാംമ്പീച്ച് ഫെഡറല്‍ ജഡ്ജി ഉത്തരവിട്ടു.
പ്രായമായ മാതാവിന്റെ സോഷ്യല്‍ സെക്യൂരിറ്റി ചെക്കുകള്‍ നഴ്‌സിംഗ് ഹോമിലെ ചികിത്സക്ക് നല്‍കാതെ സ്വന്തം ആവശ്യത്തിന് സൂക്ഷിച്ചതിനാണ് ഇവരെ കുറ്റക്കാരിയെന്ന് കോടതി വിധിച്ചത്. 46000 ഡോളര്‍ കോടതിയില്‍ അടയ്ക്കണമെന്നും ഉത്തരവില്‍ പറയുന്നു.
ഫെഡറല്‍ ഗവണ്മെണ്ട് പണം മോഷ്ടിക്കുന്നവര്‍ക്ക് ഇതൊരു മുന്നറിയിപ്പ് സന്ദേശമാകണമെന്നാണ് വിധി ന്യായത്തില്‍ ജഡ്ജി ചൂണ്ടികാട്ടിയത്. മാര്‍ച്ച് 2 ന് ജയിലില്‍ ഹാജരാകണമെന്നും, ഒരുമാസത്തെ ജയില്‍ ശിക്ഷക്ക് ശേഷം നൂറ് മണിക്കൂര്‍ നഴ്‌സിംഗ് ഹോമില്‍ കമ്മ്യൂണിറ്റി വര്‍ക്ക് ചെയ്യണമെന്നും കോടതി ഉത്തരവിട്ടു. നഴ്‌സിംഗ് ഹോമില്‍ കഴിഞ്ഞിരുന്ന മാതാവിന് സമീപം സമയം ചിലവഴിക്കാതിരുന്നതിനാലാണ് ഈ ശിക്ഷ നല്‍കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. നഴ്‌സിംഗ് ഹോമില്‍ കഴിഞ്ഞിരുന്ന മാതാവിന്റെ ചികിത്സാ ചിലവുകള്‍ക്കായി വേണ്ടിവന്ന 219000 ഡോളറിന്റെ ഒരു ഭാഗം അടക്കുന്നതിന് സഴ്‌സിംഗ് ഹോം കോടതിയെ സമീപിച്ചിരുന്നു. ഇതനുസരിച്ച് 250 ഡോളര്‍ വീതം മാസം അടയ്ക്കണമെന്ന് മകളോട് കോടതി നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഇവര്‍ ഈ തുക അടയ്ക്കുന്നതില്‍ വീഴ്ച വരുത്തി. കാരിന്റെ സമൂഹത്തിലെ സ്ഥാനവും, രാഷ്ട്രീയ, ബിസിനസ്സ് രംഗത്തെ റപ്പുട്ടേഷനും പരിഗണിച്ചു ശിക്ഷ ഒഴിവാക്കണമെന്ന പ്രതിയുടെ അറ്റോര്‍ണി നല്‍കിയ അപേക്ഷ കേള്‍ക്കാതെ തള്ളിക്കളഞ്ഞു. മോഷ്ടിച്ച പണം മുഴുവനും തിരിച്ചടയ്ക്കാമെന്ന അപേക്ഷയും കോടതി പരിഗണിച്ചില്ല. ഫെഡറല്‍ പണം മോഷ്ടിക്കുന്നവരെ വിശ്വസ്ത മനുഷ്യരായി കാണാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി