മിസോറാം ഗവര്‍ണറും മുന്‍ ബിജെപി സംസ്ഥാന അധ്യക്ഷനുമായ കുമ്മനം രാജശേഖരന്‍ മിസോറാം ഗവര്‍ണര്‍ സ്ഥാനം രാജിവെക്കാനുള്ള സന്നദ്ധത പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചതായി സൂചന. ഇതോടെ ലോക്‌സഭാ തെരഞ്ഞടുപ്പില്‍ കുമ്മനം രാജശേഖരൻ തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ത്ഥിയാകാനുള്ള സാധ്യതയേറി. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഈ മാസം 22ന് ഉണ്ടായേക്കും. പാര്‍ട്ടി പ്രവര്‍ത്തകരുടെ നിരന്തര അഭ്യര്‍ത്ഥന മാനിച്ചാണ് സ്ഥാനാര്‍ത്ഥിയാകാനുള്ള കുമ്മനത്തിന്റെ തീരുമാനം. ബിജെപി ദേശീയ നേതൃത്വത്തിന് സമര്‍പ്പിച്ച സ്ഥാനാര്‍ത്ഥികളുടെ പട്ടികയില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ പ്രഥമ പരിഗണന കുമ്മനം രാജശേഖരനാണ്. സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് അര്‍എസ്എസ് നടത്തിയ സര്‍വെയുടെ അടിസ്ഥാനത്തിലാണ് പട്ടിക തയ്യാറാക്കിയത്. കുമ്മനത്തെ കേരള രാഷ്ട്രീയത്തിലേക്ക് തിരികെ കൊണ്ടുവരണമെന്ന ആവശ്യവുമായി ആര്‍എസ്എസ് നേരത്തെ രംഗത്തെത്തിയിരുന്നു. നിലവില്‍ മിസോറാം ഗവര്‍ണറായ കുമ്മനത്തെ കേരളത്തേക്ക് തിരിച്ചയക്കാന്‍ നടപടി സ്വീകരിക്കണം എന്നായിരുന്നു സംസ്ഥാനത്തെ ആര്‍എസ്എസ് നേതൃത്വം ബിജെപി കേന്ദ്രനേതൃത്വത്തോട് ആവശ്യപ്പെട്ടത്. ശബരിമല യുവതി പ്രവേശവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുണ്ടായ അനുകൂല സാഹചര്യം മുതലെടുക്കാന്‍ കുമ്മനം സ്ഥാനാര്‍ത്ഥിയാകുന്നതോടെ കഴിയുമെന്ന് ദേശീയ നേതൃത്വവും കരുതുന്നു. സംസ്ഥാനത്ത് അനുകൂലമായ അന്തരീക്ഷത്തില്‍ പോലും കേരളത്തിലെ നേതാക്കള്‍ ഗ്രൂപ്പ് തിരിഞ്ഞ് ഏറ്റുമുട്ടിയത് തെരഞ്ഞടുപ്പില്‍ പ്രതിഫലിക്കാനുള്ള സാഹചര്യവും ദേശീയ നേതൃത്വം വിലയിരുത്തുന്നു. ശബരിമല വിഷയത്തില്‍ കുമ്മനത്തിന്റെ ഇടപെടല്‍ പക്വമായിരുന്നെന്നാണ് പാര്‍ട്ടി പ്രവര്‍ത്തകരുടെയും നേതൃത്വത്തിന്റെയും വിലയിരുത്തല്‍. ഒരു ഘട്ടത്തില്‍ പോലും വൈകാരികമായ പ്രതികരണം കുമ്മനത്തിന്റെ ഭാഗത്തുനിന്നുണ്ടായില്ല. ശബരിമല വിഷയത്തില്‍ സംസ്ഥാന നേതൃത്വത്തിനുണ്ടായ പാളിച്ചയും ദേശീയ സമിതി വിലയിരുത്തി. അതേസമയം കുമ്മനം രാജശേഖരന്റെ സ്ഥാനാര്‍ഥിത്വത്തിന് തടസ്സം ബിജെപി നേതാക്കളായ മറ്റ് ഗവര്‍ണര്‍മാരാണെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഗവര്‍ണര്‍ സ്ഥാനത്തുനിന്ന് കുമ്മനത്തെ തിരിച്ച് രാഷ്ട്രീയത്തില്‍ കൊണ്ടുവന്നാല്‍ അതൊരു കീഴ് വഴക്കമായി മാറുമെന്നാണ് ഒരുവിഭാഗം ബിജെപി നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്.