തിരുവനന്തപുരം മുതല്‍ അങ്കമാലി വരെയുള്ള കെഎസ്ടി പി റോഡ് നിര്‍മ്മാണം പൂര്‍ത്തിയാകുമ്പോള്‍ തിരുവല്ല പട്ടണത്തെ മാത്രം ഒഴിച്ച് നിര്‍ത്തി

kspt

നഗരത്തിന്റെ വികസനം അട്ടിമറിച്ച് കെഎസ് ടിപി നിര്‍മ്മാണം അന്തിമ ഘട്ടത്തിലേക്ക്. തിരുവനന്തപുരം മുതല്‍ അങ്കമാലി വരെയുള്ള കെഎസ്ടി പി റോഡ് നിര്‍മ്മാണം പൂര്‍ത്തിയാകുമ്പോള്‍ തിരുവല്ല പട്ടണത്തെ മാത്രം ഒഴിച്ച് നിര്‍ത്തി നടത്തുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പ്രതിഷേധം വ്യാപകമാകുന്നു.
കെഎസ്ടി പി നിര്‍മ്മാണത്തില്‍ തിരുവല്ല ബൈപാസ് നിര്‍മ്മാണം ഉള്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് തിരുവല്ല നഗരത്തില്‍ പാത വികസനം ഇല്ലാതായത്. മറ്റെല്ലാ നഗരത്തിലും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നപ്പോള്‍ ബൈപാസിന്റെ പേര് പറഞ്ഞ് തിരുവല്ലയില്‍ നിര്‍മ്മാണ പ്രവര്‍ത്തനം നടക്കാത്തത് ചില സ്വകാര്യ വ്യക്തികളുടെ താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ആണെന്ന് തുടക്കം മുതല്‍ തന്നെ ആക്ഷേപം ഉയര്‍ന്നിരുന്നു. തൊട്ടടുത്ത ചങ്ങനാശ്ശേരി നഗരത്തില്‍ പാലത്ര ചിറ മുതല്‍ ളായിക്കാട് വരെയുള്ള ഭാഗത്ത് ബൈപാസ് ഉണ്ടെങ്കിലും ചങ്ങനാശ്ശേരി പട്ടണത്തെ കെഎസ്ടി പി റോഡ് നിര്‍മ്മാണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതനുസരിച്ചുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലുമാണ്. ചെങ്ങന്നൂര്‍ മുതല്‍ ഏറ്റുമാനൂര്‍ വരെയുള്ള ഭാഗത്തെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അടുത്ത രണ്ട് മാസം കൊണ്ട് പൂര്‍ത്തീകരിക്കാന്‍ കെഎസ്ടി പി അധികൃതര്‍ ശ്രമം തുടരുമ്പോള്‍ തിരുവല്ല ബൈപാസ് നിര്‍മ്മാണം എങ്ങുമെത്താതെ പാതിവഴിയില്‍ ആണ്. വെറും രണ്ടര കിലോ മീറ്ററില്‍ താഴെ വരുന്ന ബൈപാസ് നിര്‍മ്മാണം അനിശ്ചിതത്തില്‍ കിടക്കുമ്പോള്‍ കെഎസ്ടി പി തിരുവല്ല ഭാഗത്തെ നിര്‍മ്മാണ പ്രവര്‍ത്തനം അന്തിമഘട്ടത്തിലാണ്. എം.സി റോഡില്‍ ചെങ്ങന്നൂര്‍ മുതല്‍ ചങ്ങനാശ്ശേരി വരെയുള്ള ഭാഗത്തെ നിര്‍മ്മാണ പ്രവര്‍ത്തനം പലഘട്ടങ്ങളായി തിരിച്ചു വളരെ വേഗത്തില്‍ പൂര്‍ത്തിയായി വരികയാണ്. നിര്‍മ്മാണം അവസാനിച്ച ഭാഗങ്ങളില്‍ ലൈന്‍മാര്‍ക്കിങ് നടപടികളും ആരംഭിച്ചിട്ടുണ്ട്. തിരുവല്ല ബൈപാസിന്റെ മഴുവങ്ങാട്ടു ചിറ ഭാഗത്തെയും ടികെ റോഡിലെ ഫ്‌ളൈ ഓവറിന്റെയും നിര്‍മ്മാണം ആണ് കുറച്ചെങ്കിലും പൂര്‍ത്തിയായിട്ടുള്ളത്. ബൈപാസ് അവസാനിപ്പിക്കുന്ന എംസി റോഡിന്റെ രാമന്‍ചിറ ഭാഗത്തെ നിര്‍മ്മാണം അനിശ്ചിതത്തില്‍ ആണ്ടു കിടക്കുകയുമാണ്. ഇവിടെ ബൈപാസ് നിര്‍മ്മാണത്തിനെതിരെ കേസ് ഉള്ളതാണ് കാരണം. എംസി റോഡില്‍ ചെങ്ങന്നൂര്‍- ഏറ്റുമാനൂര്‍ പാത നിര്‍മ്മാണം പൂര്‍ത്തിയായാലും തിരുവല്ല നഗരത്തിലെ ഗതാഗതകുരുക്കിന് ശ്വാശത പരിഹരം ഉണ്ടാകില്ലെന്ന് ഉറപ്പായിരിക്കുകയാണ്. മറ്റു നഗരങ്ങളുടെ മുഖഛായ മാറുമ്പോള്‍ തിരുവല്ല പട്ടണത്തില്‍ കെഎസ്ടി പി നിര്‍മ്മാണം നടക്കാത്തതുമൂലം പൊട്ടിപൊളിഞ്ഞ ഓടകളും സ്ലാബുകളും നിറഞ്ഞ പ്രദേശമായി നഗരഹൃദയം തുടരുകയും ചെയ്യും. കെഎസ്ടി പി നിര്‍മ്മാണത്തില്‍ നഗരത്തെ ഉള്‍പ്പെടുത്തിയിട്ടില്ലെന്നുള്ള വിവരം കാര്യമായി ശ്രദ്ധിക്കാതിരുന്ന നഗരവാസികള്‍ അടുത്തകാലത്ത് സമീപ പട്ടണങ്ങൡ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി കഴിഞ്ഞപ്പോള്‍ മാത്രം ആണ് തിരുവല്ല നഗരത്തിനുണ്ടായ അബദ്ധത്തെ കുറിച്ച് ബോധവാന്മാരായത്. തിരുവല്ല നഗരത്തിലും കെഎസ്ടി പി റോഡ് നിര്‍മ്മാണ നിലവാരത്തില്‍ പാതവികസനം സാധ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭണം സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ചില സംഘടനകള്‍.