Thursday, April 18, 2024
HomeKeralaവാരാപ്പുഴ കസ്റ്റഡി മരണം; അര്‍ധരാത്രിയില്‍ 46 ഡിവൈ.എസ്.പിമാരെ ഒറ്റയടിക്ക് സ്ഥലംമാറ്റി

വാരാപ്പുഴ കസ്റ്റഡി മരണം; അര്‍ധരാത്രിയില്‍ 46 ഡിവൈ.എസ്.പിമാരെ ഒറ്റയടിക്ക് സ്ഥലംമാറ്റി

വാരാപ്പുഴ കസ്റ്റഡി മരണത്തോടെ തകര്‍ന്നടിഞ്ഞ പൊലീസിന്റെ മുഖം രക്ഷിക്കാന്‍ നീക്കം തുടങ്ങി. ഇതിന്റെ ഭാഗമായി ഇന്നലെ അര്‍ധരാത്രിയില്‍ 46 ഡിവൈ.എസ്.പിമാരെ ഒറ്റയടിക്ക് സ്ഥലംമാറ്റി. ഇതില്‍ 19 സി.ഐമാരെ സ്ഥാനക്കയറ്റം നല്‍കിയാണ് ഡിവൈ.എസ്.പിമാരാക്കി മാറ്റിനിയമിച്ചത്. ക്രിമിനല്‍ കേസുകളില്‍ പ്രതിയായവരും വിജിലന്‍സ് കേസുള്ളവരും അച്ചടക്ക നടപടി നേരിടുന്നവരുമായ 10 സി.ഐമാര്‍ക്ക് സ്ഥാനക്കയറ്റം നല്‍കി സ്ഥലംമാറ്റുന്നതും തല്‍ക്കാലം തടഞ്ഞു. ഇതില്‍ വരാപ്പുഴ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് സസ്‌പെന്‍ഷനിലായ ക്രിസ്പിന്‍ സാമും ഉള്‍പ്പെടും. പലരും ഇന്ന് രാവിലെയാണ് സ്ഥാനചലനമുണ്ടായ വിവരം അറിഞ്ഞത്. വിജിലന്‍സ്, ഭരണ നിര്‍ഹണം, ക്രൈംബ്രാഞ്ച്, സ്‌പെഷ്യല്‍ ബ്രാഞ്ച് തുടങ്ങിയ വിഭാഗങ്ങളിലാണ് കൂടുതല്‍ അഴിച്ചുപണി. ക്രമസമാധാന ചുമതല വഹിച്ചിരുന്നവരെ ക്രൈംബ്രാഞ്ചിലേക്കും വിജിലന്‍സിലേക്കും അഡ്മിനിസ്ട്രേഷനിലേക്കും മാറ്റിനിയമിച്ചു. പ്രതിച്ഛായയുള്ള ഉദ്യോഗസ്ഥരെ ക്രമസമാധാന രംഗത്തേക്ക് കൊണ്ടുവരാനുള്ള ശ്രമത്തിന്റെ ആദ്യപടിയായാണ് പെട്ടെന്നുള്ള ഉത്തരവിന് പിന്നിലെന്നാണ് സൂചന. വിജിലന്‍സിലും മാറ്റമുണ്ട്. എസ്.ഐ, സി.ഐ എന്നിവരുടെ കൂട്ടമാറ്റത്തിനും സര്‍ക്കാര്‍ തയാറെടുക്കുകയാണ്. മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദേശപ്രകാരം ക്രിമിനല്‍ കേസ് പ്രതികളായവരെ ക്രമസമാധാനത്തില്‍ നിന്നും ഒഴിവാക്കി മറ്റു അപ്രധാന വകുപ്പുകളിലേക്ക് മാറ്റാനും തീരുമാനിച്ചിട്ടുണ്ട്. ഇതിനിടെ, കേസില്‍ പ്രാഥമിക അന്വേഷണം നടത്തണമെങ്കില്‍ റേഞ്ച് ഐ.ജിയില്‍ നിന്നും എസ്.എച്ച്.ഒമാര്‍ രേഖാമൂലം അനുമതി വാങ്ങണമെന്ന് ഡി.ജി.പി സര്‍ക്കുലര്‍ ഇറക്കി. അന്വേഷണം അവസാനിപ്പിക്കുന്നതും റേഞ്ച് ഐ.ജിയുടെ അനുമതിയോടെ ആയിരിക്കണം. അന്വേഷണം നടത്തേണ്ടത് ലോക്കല്‍ പൊലീസില്‍ എസ്.എച്ച്.ഒമാരും ക്രൈംബ്രാഞ്ചില്‍ ഡിവൈ.എസ്.പിമാരും ആയിരിക്കണം. എല്ലാ കേസുകളിലും പ്രാധമിക അന്വേഷണം ആവശ്യമാണെന്നും ഡി.ജി.പിയുടെ സര്‍ക്കുലറില്‍ പറയുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments