ഇന്ന് മേടം 1, എന്നാൽ വിഷു നാളെ; എന്തുകൊണ്ട് ?

vishu

മേടം ഒന്ന് ഇന്നാണ് എന്നാൽ വിഷു നാളേയും എന്ത് കൊണ്ടാണ് ഇങ്ങിനെ വന്നത്? ശരിയാണ് മേടം ഒന്നിന് തന്നെയാണ് വിഷു ആഘോഷിക്കേണ്ടത് എന്നാൽ ഇത്തവണ മീനം രാശിയിൽ നിന്ന് മേടം രാശിയിലേക്ക് സൂര്യൻ സഞ്ചാരം ആരംഭിക്കുന്നത് ഇന്ന് രാവിലെ 8 മണി 13 മിനിറ്റ് മുതലാണ്. വിഷു ചടങ്ങുകളും ആഘോഷങ്ങളും ആരംഭിക്കേണ്ടത് പുലർച്ചെ കണി കണ്ടുകൊണ്ടാണ് അങ്ങിനെ വരുമ്പോൾ ഇന്ന് പുലർച്ചെ സൂര്യൻ മീനം രാശിയിൽ തന്നെയാകയാൽ കണി കാണാൻ കഴിയില്ല നാളെ പുലർച്ചെയാണ് കണി കാണേണ്ടത് അത് കൊണ്ട് തന്നെ വിഷു ആഘോഷിക്കേണ്ടതും നാളെ തന്നെയാണ്. വിഷുവിന്റെ പുണ്യം നമ്മിലേക്ക് ആവാഹിക്കുന്നതിന്റെ ഏറ്റവും പ്രാധാന്യമേറിയ ചടങ്ങ് കണികാണൽ തന്നെയാണ് വിഷുദിനത്തിൽ പുലർച്ചെയുള്ള ആദ്യ കാഴ്ചയെയാണ് നാം കണികാണൽ എന്ന് വിശേഷിപ്പിക്കുന്നത്, ഈ കാഴ്ച തന്നെയാണ് ആ വർഷത്തെ മുഴുവൻ ഐശ്വര്യങ്ങളെയും സ്വാധീനിക്കുക എന്ന വിശ്വാസം മലയാളിയുടെ മനസ്സിൽ രൂഢമൂലമായിട്ട് നൂറ്റാണ്ടുകൾ ഏറെയായിട്ടുണ്ട്. അത് കൊണ്ട് തന്നെ ഏറ്റവും മനോഹരവും സുന്ദരവുമായ ഒരു കണി ഒരുക്കി വെച്ച് മേടപ്പുലരിയായ നാളെ കണികാണുക.പുതിയതോ കഴുകി തേച്ച് മിനുക്കിയതോ ആയ ഓട്ടുരുളിയിൽ കണി വെക്കുന്നതാണ് ആചാരപരമായി ശരിയായ രീതി, ഉരുളി പ്രപഞ്ചത്തിന്‍റെ പ്രതീകമാണെന്നാണ് സങ്കൽപ്പം അതില്‍ നിറയുന്നത് കാലപുരുഷനായ മഹാവിഷ്ണുവാണെന്നും പറയപ്പെടുന്നു. കണിക്കൊന്ന പൂക്കള്‍ കാലപുരുഷന്‍റെ കിരീടമായും. കണിവെള്ളരി മുഖ മായും, നിലവിളക്കിലെ തിരികളെ ജ്വലിക്കുന്നകണ്ണുകളായും സങ്കൽപ്പിക്കുന്നു, വാല്‍ക്കണ്ണാടിയെ മനസ്സായും, കണിയിൽ വെക്കുന്ന ഗ്രന്ഥത്തെ വാക് ദേവിയുടെ വാക്കുകളായും സങ്കൽപ്പിക്കണം എന്നും പറയപ്പെടുന്നു, ഇതോടൊപ്പം ചക്ക,കുലമാങ്ങ,നാളികേരം,അരി,പഞ്ച ധാന്യങ്ങൾ തുടങ്ങിയ കാർഷിക വിളകളും കൊന്നപ്പൂവ്, സ്വർണ്ണം ,നാണയം, വെള്ളമുണ്ട്,തുടങ്ങിയവയും, അഞ്ച് തിരിയിട്ട നിലവിളക്കും ശ്രീ കൃഷ്ണ വിഗ്രഹവും വിഷുക്കണിയിൽ ഉൾപ്പെടുന്നു. ഓരോ ഗൃഹത്തിലേയും മുതിർന്നവരാണ് തലേദിവസം രാത്രി തന്നെ കണിഒരുക്കി വെക്കുന്നത്, കണികാണേണ്ട സമയമാകുമ്പോൾ വീട്ടിലെ അമ്മമാരാണ് എല്ലാവരേയും കണികാണാൻ വിളിച്ചുണർത്തേണ്ടത് കണ്ണുപൂട്ടി ചെന്ന് കണ്ണ് തുറക്കുമ്പോൾ കാണുന്നത് കാർമുകിൽ വർണ്ണനേയും കാർഷിക സമൃദ്ധിയുടെ സുന്ദരമായ കാഴ്ചകളേയുമാണ്. അതിന് ശേഷം വീട്ടിലെ മുതിർന്നവർ തങ്ങൾക്ക് താഴെയുള്ളവരെ ആശിർവദിച്ച് വിഷുകൈനീട്ടം നൽകും. മഹാലക്ഷ്മിയുടെ വരദാനമായാണ് കൈ നീട്ടത്തെ കണക്കാക്കുന്നത്, കണികണ്ടുകഴിഞ്ഞാൽ കുടുംബാംഗങ്ങൾ ഒത്തൊരുമിച്ച്സൂര്യനെ അരിയെറിഞ്ഞ് വന്ദിക്കുന്ന ചടങ്ങും ചിലയിടങ്ങളിൽ ആചരിച്ചു വരുന്നു.